സ്ഥലംമാറ്റത്തിന് മാനദണ്ഡം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സ്ഥലംമാറ്റം സുതാര്യമാക്കാന്‍ ഇലക്ട്രോണിക് ഡാറ്റാബേസ് തയാറാക്കുകയും അന്തിമപട്ടിക അംഗീകരിക്കുന്നതിനുമുമ്പ് കരട് പട്ടികയില്‍ ആക്ഷേപം കേള്‍ക്കുകയും ചെയ്യും. ഓണ്‍ലൈന്‍ വഴിയാകും നടപടി. സംഘടനകളുമായി ചര്‍ച്ചചെയ്താണ് ഇതിന് രൂപംനല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അധ്യാപകരുടേത് ആഗസ്റ്റ് 15നകവും പൊതുസ്ഥലംമാറ്റം മേയ് 15നകവും നടത്തും. സീനിയോറിറ്റിയാകും പ്രധാന മാനദണ്ഡം. വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രമുള്ളവരെ മുന്‍ഗണനാടിസ്ഥാനത്തില്‍ താല്‍പര്യമുള്ളിടത്ത് നിയമിക്കും. ഭാര്യക്കും ഭര്‍ത്താവിനും ഒരേസ്ഥലത്ത് ജോലിയെടുക്കാന്‍ സൗകര്യം ഒരുക്കും. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ഒരുജീവനക്കാരനെയും ഒരേ സീറ്റില്‍, വിഭാഗത്തില്‍ തുടരാനനുവദിക്കില്ല. വനിതാ ജീവനക്കാരെ കഴിയുന്നിടത്തോളം ദൂരെ നിയമിക്കില്ല. എല്ലാവര്‍ഷവും മുന്‍ഗണനപ്പട്ടിക. അനുകമ്പാര്‍ഹ സ്ഥലംമാറ്റം 20 ശതമാനം.  

വാര്‍ഷിക സ്ഥലംമാറ്റ ഓപ്ഷനുകള്‍ക്ക് ക്യൂ സംവിധാനമുണ്ട്. അപേക്ഷകന് ഒരുസമയം മൂന്ന് ജില്ലകള്‍ തെരഞ്ഞെടുക്കാം. ഒന്നാമത്തെ സ്ഥലത്ത് മാറ്റം ലഭിക്കുന്നതുവരെ അപേക്ഷ നിലനില്‍ക്കും. യോഗ്യതയുള്ള മറ്റാരെയെങ്കിലും പരിഗണിച്ചതിന്‍െറ പേരില്‍, ആദ്യം അപേക്ഷിച്ചയാള്‍ തഴയപ്പെട്ടാലും അവകാശവാദം നിലനില്‍ക്കും. ഓഫിസ് പ്രവര്‍ത്തനത്തിനായി ഒരാളെ സ്ഥലംമാറ്റണമെങ്കില്‍ അതുചെയ്യും. ജില്ലക്കകത്തെ സ്ഥലംമാറ്റങ്ങള്‍ വകുപ്പുമേധാവി തീരുമാനിക്കും.

മറ്റ് വ്യവസ്ഥകള്‍: *അച്ചടക്കനടപടി, വിജിലന്‍സ് അന്വേഷണം, അനുകമ്പാര്‍ഹമായ കാരണങ്ങള്‍ എന്നിവയൊഴികെ മൂന്നുവര്‍ഷമാകാത്ത ജീവനക്കാരെ മാറ്റില്ല. *ഓപ്ഷനനുസരിച്ച് മാറ്റംകിട്ടുന്നവര്‍ മൂന്നു വര്‍ഷമെങ്കിലും ജോലിയെടുക്കണം. *മാറ്റംകിട്ടിയവര്‍ക്ക് അടുത്തവര്‍ഷം വീണ്ടും അപേക്ഷിക്കാമെങ്കിലും ഓപണ്‍ ഒഴിവുകളിലേക്കേ പരിഗണിക്കൂ *ഓപ്ഷന്‍ പ്രകാരമല്ലാത്തത് നിര്‍ബന്ധിത സ്ഥലംമാറ്റം മാത്രം, കാലയളവ് ഒരുവര്‍ഷം. യഥാര്‍ഥത്തില്‍ ജോലിചെയ്ത ദിവസമേ ഇതിന് കണക്കാക്കൂ. *സ്വന്തംജില്ലയിലെ 15 കിലോമീറ്റര്‍ ചുറ്റളവിലെ സര്‍വിസ് ഒരേ സ്റ്റേഷന്‍ സര്‍വിസായി പരിഗണിക്കും. *ഓപ്റ്റ് ചെയ്ത ജില്ലയിലേക്കുള്ള മാറ്റത്തിന് അതേജില്ലയിലെ എല്ലാ കാഡറിലുമുള്ള സര്‍വിസ് കണക്കിലെടുക്കും.

*ലാസ്റ്റ്ഗ്രേഡ് ജീവനക്കാരെ ആവശ്യപ്പെടുന്ന ജില്ലയില്‍ നിയമിക്കണം, അവര്‍ക്ക് പൊതുസ്ഥലംമാറ്റമില്ല, ആവശ്യമുള്ളപക്ഷം ജില്ലതലത്തില്‍ നടത്താം. *പട്ടികജാതിവര്‍ഗം, അന്ധര്‍, അംഗപരിമിതര്‍, മൂകരും ബധിരരും, മാനസികവെല്ലുവിളി അനുഭവിക്കുന്നവരുടെ മാതാപിതാക്കള്‍, ഓട്ടിസം ബാധിച്ചവരുടെ മാതാപിതാക്കള്‍, മൂകരും ബധിരരുമായവരുടെ മാതാപിതാക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, സ്വാതന്ത്ര്യസമരസേനാനികളെ സംരക്ഷിക്കുന്ന മക്കള്‍, വിധവകള്‍, വിഭാര്യര്‍, മിശ്രവിവാഹിതര്‍, കുട്ടികളെ ദത്തെടുക്കുന്നവര്‍, അംഗീകൃത സര്‍വിസ് സംഘടനകളുടെ പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, സൈനികസേവനം പൂര്‍ത്തിയാക്കിയവര്‍, സൈനിക-അര്‍ധസൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, പിതാവ്, മാതാവ്, മക്കള്‍ എന്നിവര്‍ക്ക് സ്ഥലംമാറ്റത്തില്‍ പ്രത്യേക മുന്‍ഗണന.

Tags:    
News Summary - govt employee transfer rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.