കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥാവകാശത്തിൽ നിയമപോരാട്ടം നടക്കുന്നതിനിടെ നിർദിഷ്ട ശബരിമല വിമാനത്താവള മുന്നൊരുക്കവുമായി സർക്കാർ മുന്നോട്ട്. വിമാനത്താവളത്തിന് തത്ത്വത്തിൽ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചു. വിമാനത്താവളവുമായി ബന്ധപ്പെട്ട സ്കെച്ചും ലൊക്കേഷൻ മാപ്പും വ്യോമയാന മന്ത്രാലയത്തിന് കൈമാറി. ഇത് പരിശോധിച്ച് മന്ത്രാലയം പദ്ധതിക്ക് ഉടൻ അനുമതി നൽകുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിലും മുഖ്യമന്ത്രി വിമാനത്താവള വിഷയത്തിൽ ഇടപെടൽ തേടിയിരുന്നു.
നേരേത്ത നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് 2263.8 ഏക്കർവരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഹൈകോടതി റദ്ദാക്കി. എന്നാൽ, മിച്ചഭൂമി ഏറ്റെടുക്കൽ ചട്ടത്തിെൻറ നടപടിക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് തടസ്സമില്ലെന്ന് ഉത്തരവിട്ടിരുന്നു.
ഇതിനിടെ, ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതായി വാർത്ത പുറത്തുവന്നു. വിദേശ പണമിടപാട് നിയമലംഘനത്തിെൻറ പേരിലാണ് നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ കണ്ടുകെട്ടിയത്. മുൻകരുതൽ നടപടിയെന്ന നിലയിലായിരുന്നു ആദായനികുതി വകുപ്പിെൻറ പടപടി. ഇതുമായി ബന്ധപ്പെട്ടും അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കേന്ദ്ര അനുമതിക്കായുള്ള സർക്കാറിെൻറ നീക്കം. കഴിഞ്ഞവർഷം ജൂണിലാണ് നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
അതിനിടെ, എസ്റ്റേറ്റിെൻറ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ല ഭരണകൂടം നൽകിയ സിവിൽ കേസ് ആഗസ്റ്റ് അഞ്ചിന് പാലാ സബ് കോടതി വീണ്ടും പരിഗണിക്കും. കക്ഷിചേർക്കണമെന്ന് കാട്ടി ലഭിച്ച അപേക്ഷകളാകും പരിഗണിക്കുക. കക്ഷിചേരാൻ 31 അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ വാദം കോടതി കേൾക്കും. തുടർന്ന് സർക്കാറിെൻറയും വാദം കേട്ടശേഷമായിരിക്കും തീർപ്പുകൽപിക്കുക.
കക്ഷിചേരാനുള്ള അപേക്ഷകൾ തള്ളണമെന്ന നിലപാടിലാണ് സർക്കാർ. എതിർകക്ഷികളായ ട്രസ്റ്റുമായി ബന്ധമില്ലാത്തവരാണ് കക്ഷിചേരാൻ എത്തിയിരിക്കുന്നത്. ഇവർക്ക് ആക്ഷേപങ്ങളോ അവകാശവാദങ്ങളോ ഉണ്ടെങ്കിൽ മറ്റൊരു കേസ് ഫയൽ ചെയ്യുകയാണ് വേണ്ടതെന്നാണ് സർക്കാർ നിലപാട്. പുതിയ പരാതിക്കാരെ കക്ഷിചേർത്താൽ കേസ് നീളാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്സ് ഈസ്റ്റേൺ ചർച് കാമ്പസിലെ അയാന ചാരിറ്റബിൾ ട്രസ്റ്റ്, ഇതിന് നേതൃത്വം നൽകുന്നവർ എന്നിവരെ പ്രതികളാക്കിയാണ് സംസ്ഥാന സർക്കാറിനുവേണ്ടി കോട്ടയം ജില്ല കലക്ടർ പാലാ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥാവകാശം സർക്കാറിനാണെന്ന് പ്രഖ്യാപിക്കണമെന്നും പ്രതികളിൽനിന്ന് ഒഴിപ്പിച്ചുനൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.