തിയറ്ററിൽ ദേശീയഗാനം: കേന്ദ്രം നിലപാട്​ തിരുത്തി

ന്യൂഡല്‍ഹി: സിനിമാ തിയറ്ററിൽ ദേശീയഗാനം നിര്‍ബന്ധമാക്കുന്ന വിഷയത്തിൽ നിലപാട്​ തിരുത്തി കേന്ദ്രസർക്കാർ. ദേശീയഗാനം നിര്‍ബന്ധമാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഉടന്‍ നടപ്പാക്കേണ്ടതില്ലെന്ന്​ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 2016 നവംബര്‍ 30 ലെ സുപ്രീംകോടതി ഉത്തരവിനു മുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചു പേജ്​ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച്​ മാര്‍ഗനിര്‍ദേശം രൂപവത്​കരിക്കുന്നതിന്​ മന്ത്രിതല ആഭ്യന്തര സമിതി രൂപവത്​കരിക്കുമെന്ന്​ സര്‍ക്കാര്‍ വ്യക്തമാക്കി. ആറു മാസത്തെ സാവകാശവും ചോദിച്ചിട്ടുണ്ട്​. മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തിയാൽ ഉടൻ വിജ്​ഞാപനം ഇറക്കും. 

2016 നവംബര്‍ 30നാണ്​ ചീഫ് ജസ്​റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുന്നതിനുമുമ്പ്​, അദ്ദേഹം അധ്യക്ഷനായ ബെഞ്ച് തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുകയും എഴുന്നേറ്റുനില്‍ക്കണമെന്ന്​ ഉത്തരവിടുകയും ചെയ്​തത്​​. ദേശീയഗാനത്തെ ഇത്തരത്തില്‍ ആദരിക്കുന്നത് ദേശീയഐക്യവും ഭരണഘടനാപരമായ രാജ്യസ്‌നേഹവും പ്രകടമാക്കാന്‍ ഉപകരിക്കുമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍നിന്നുതന്നെ പിന്നീട്​ വിമര്‍ശനമുയർന്നു.രാജ്യസ്‌നേഹം ചുമലില്‍ അണിയേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി ഉത്തരവിനെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്, ദേശീയഗാനത്തെ ആദരിക്കാൻ ജനം തിയറ്ററിൽ ഇനി ടീ ഷര്‍ട്ടും ഷോര്‍ട്‌സും ധരിക്കരുതെന്ന നിബന്ധനവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതേതുടര്‍ന്ന്, ഏതവസരത്തിലാണ് ദേശീയഗാനത്തെ ബഹുമാനിക്കേണ്ടതെന്ന മാനദണ്ഡവും നിബന്ധനയും വ്യക്തമാക്കി വിജ്ഞാപനം ഇറക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഇതേതുടർന്നാണ്, കൂടുതല്‍ സമയം ആവശ്യപ്പെട്ടു സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

Tags:    
News Summary - Govt Tells SC to Recall Order Making National Anthem Mandatory in Cinema Halls -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.