കണ്ണൂർ: ഗ്രേഡ് എസ്.ഐമാർ വാഹന പരിശോധന നടത്തേണ്ടതില്ലെന്ന ഡി.ജി.പിയുടെ ഉത്തരവ് മറികടക്കാൻ കുറുക്കുവഴിയുമായി പൊലീസ്. എസ്.ഐയുടെയും ഇൻസ്പെക്ടറുടെയും പേരിലുള്ള ഇ പോസ് മെഷീൻ കൈമാറിയാണ് ഗ്രേഡ് എസ്.ഐമാരെ വാഹനപരിശോധനക്ക് തള്ളിവിടുന്നത്.
സ്വന്തം പേരിലല്ലാത്ത ഇ പോസ് മെഷീനുകളുമായി റോഡിലിറങ്ങുന്ന ഗ്രേഡ് എസ്.ഐമാരെ തിരിച്ചറിയുന്നവരുടെ വാഹനം പരിശോധിക്കേണ്ട എന്നാണ് ഇവർക്ക് മേലുദ്യോഗസ്ഥരുടെ നിർദേശം. ആളും തരവും നോക്കി വലിയ പ്രശ്നമൊന്നുമുണ്ടാക്കാതെ പിഴയിട്ട് ‘ടാർഗറ്റ്’ തികക്കാനാണ് ഗ്രേഡ് എസ്.ഐമാരെ പറഞ്ഞുപഠിപ്പിക്കുന്നത്.
ഗ്രേഡ് എസ്.ഐമാർ വാഹന പരിശോധന നടത്തേണ്ടെന്ന ഉത്തരവിറങ്ങിയെങ്കിലും സേനയിൽ മിക്കവരും അത് മുഖവിലക്കെടുത്തിട്ടില്ല. തൽക്കാലം ഇങ്ങനെ പോവട്ടെ എന്നാണ് പൊതുവായ നിലപാടെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഗ്രേഡ് എസ്.ഐമാരെ ഒന്ന് തണുപ്പിക്കാൻ എന്ന നിലക്കാണ് എസ്.ഐയുടെയും ഇൻസ്പെക്ടർമാരുടെയും യൂസർനെയിമും പാസ്വേഡുമുള്ള ഇ പോസ് മെഷീൻ ഇവരെ ഏൽപ്പിക്കുന്നത്.
ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈ.എസ്.പിമാർക്കാണ് ഇ പോസ് മെഷീൻ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങളുടെ ചുമതല. ഗ്രേഡ് എസ്.ഐ ഉൾപ്പടെയുള്ളവർക്ക് ലോഗിൻ ചെയ്യാവുന്ന വിധമാണ് നേരത്തേ മെഷീനുകൾ നൽകിയിരുന്നത്. ഗ്രേഡ് എസ്.ഐമാർക്കുള്ള വിലക്ക് കണക്കിലെടുത്താണ് മെഷീൻ കൈമാറിയുള്ള സൂത്രപ്പണി.
എസ്.ഐമാരുടെ എണ്ണം താരതമ്യേന കുറവുള്ള ട്രാഫിക് യൂനിറ്റുകളിലാവട്ടെ ഗ്രേഡ് എസ്.ഐമാർ തന്നെ ഇപ്പോഴും വാഹനപരിശോധന നടത്തുന്നുമുണ്ട്. ദിവസം 50 മുതൽ 100വരെ വാഹനങ്ങൾ പരിശോധിക്കാനാണ് ഇവർക്കുള്ള നിർദേശം.
സംസ്ഥാന പൊലീസ് മേധാവി ഇറക്കിയ ഉത്തരവിനു വിരുദ്ധമായി ഇത്തരം ജോലിയിൽ തുടരുന്നതിൽ ഗ്രേഡ് എസ്.ഐമാർക്കിടയിൽ അമർഷം ശക്തമാണ്. വർഷങ്ങളായി നടത്തിയ സേവനം മുൻനിർത്തി ലഭിക്കുന്ന ഗ്രേഡ് മാത്രമാണ് ഗ്രേഡ് എസ്.ഐമാരുടേത്. പൊലീസിൽ എസ്.ഐ എന്ന് പറഞ്ഞാൽ റെഗുലർ സബ് ഇൻസ്പെക്ടർമാർ ആണെന്നും ആ വിഭാഗത്തിൽ ഗ്രേഡ് എസ്.ഐമാർ വരില്ലെന്നും ഗ്രേഡ് എന്നത് റെഗുലർ എസ്.ഐക്ക് തുല്യമല്ലെന്നും ഗ്രേഡ് എസ്.ഐമാരുടെ വാഹനപരിശോധന വിലക്കി ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിയെ രേഖാമൂലം അറിയിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.