അരീക്കോട്: കോഴിക്കോട് -പാലക്കാട് ഗ്രീൻഫീൽഡ് പാതക്ക് വീട്ടുവളപ്പിൽ കല്ലിടാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ ദമ്പതികൾ അറസ്റ്റിൽ. സൗത്ത് പുത്തലം സ്വദേശി ബീരാനെയും ഭാര്യയെയുമാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വ്യാഴാഴ്ച രാവിലെയാണ് ദേശീയപാത ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക റവന്യൂ സംഘം ഗ്രീൻഫീൽഡ് പാതയുടെ അളവ് നടത്തി കല്ലിടാൻ അരീക്കോട് വില്ലേജിലെ കിളിക്കല്ലിങ്ങലിൽ എത്തിയത്.
കഴിഞ്ഞ ദിവസം കല്ലിടാൻ റവന്യൂ സംഘം എത്തിയപ്പോൾതന്നെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഇതേതുടർന്ന് വ്യാഴാഴ്ച അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് അളവെടുക്കാൻ ഉദ്യോഗസ്ഥർ വീണ്ടും എത്തിയത്. രാവിലെ കൃഷിയിടങ്ങളിലും മറ്റും അളവെടുപ്പ് പൂർത്തിയാക്കി.
ശേഷം ബീരാന്‍റെ വീട്ടിൽ എത്തിയപ്പോഴാണ് അദ്ദേഹവും കുടുംബാംഗങ്ങളും അളവെടുപ്പിനെത്തിയ റവന്യൂ സംഘത്തെ തടഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകൾ ഇല്ലാതെ കല്ലിടാൻ അനുവദിക്കില്ല എന്ന് ബീരാൻ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. എന്നാൽ, അധികൃതർ ജി.പി.എസ് യന്ത്രം ഉപയോഗിച്ച് അളവ് നടത്തി കല്ലിടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഇത് തടസ്സപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരെ പൊലീസ് പിടിച്ചുമാറ്റിയെങ്കിലും രേഖകളില്ലാതെ ഭൂമിയിൽ കല്ലിടാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൽ കുടുംബാംഗങ്ങൾ ഉറച്ചുനിന്നു.
പ്രതിഷേധം ശക്തമായതോടെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് വീണ്ടും മാറ്റി. ഇതോടെ വലിയ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തി. ഒടുവിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ കുഴഞ്ഞുവീണു. അവരെ പിന്നീട് അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.