തൃശൂർ: പുനഃസംഘടന പ്രാബല്യത്തില്‍ വന്ന് മൂന്നുമാസം പിന്നിട്ടിട്ടും ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പിൽ ഓഡിറ്റ് നടപടികള്‍ തുടങ്ങാനായില്ല. പുതുതായി രൂപവത്കരിച്ച ഓഡിറ്റ് വിഭാഗത്തിലെ എഴൂനൂറോളം ജീവനക്കാർ ജോലിയില്ലാതെ വെറുതെ ഇരിക്കുകയാണ്.
ഇവര്‍ക്ക് നികുതിനിര്ണയവുമായി ബന്ധപ്പെട്ട ഇതര ജോലി നല്‍കിയിട്ടുമില്ല. മതിയായ സൗകര്യങ്ങളുള്ള ഓഫിസ് കെട്ടിടമോ കമ്പ്യൂട്ടറുകളോ ഒരുക്കാത്തതും ഓഡിറ്റ് നടപടികള്‍ വൈകാൻ കാരണമാണ്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയായ സാഹചര്യത്തിൽ ഓഡിറ്റ് പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് വൻ തിരിച്ചടിയാണ്. ബുക്ക് കീപ്പിങ് അക്കൗണ്ടന്‍സി പരീക്ഷ പാസായവരോ കോമേഴ്സ് ബിരുദധാരികളോ ആണ് ജീവനക്കാരിൽ അധികവും. ഇതൊന്നും കാര്യമാക്കാതെ കഴിഞ്ഞ മൂന്ന് മാസമായി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ആഴ്ചയില്‍ രണ്ട് ദിവസം മൂന്ന് മണിക്കൂര്‍ നീളുന്ന അക്കൗണ്ടന്‍സി ഓണ്‍ലൈന്‍ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കല്‍ മാത്രമാണ് ഇവരുടെ പ്രധാന ജോലി. പലരും ഓഫിസുകളില്‍ ഹാജരാകാറില്ല. ഓഫിസുകളില്‍ പഞ്ചിങ് മെഷീനുകള്‍ സ്ഥാപിക്കാത്തതിനാൽ ഇവർ വരുന്നതും പോകുന്നതും തോന്നിയ സമയങ്ങളിലാണ്. അതേസമയം, ജോലിയില്ലാതെ ജീവനക്കാര്‍ കോടികള്‍ ശമ്പളം വാങ്ങുന്ന സ്ഥിതിയാണ്. ഇത്രയും ജീവനക്കാര്‍ക്ക് ജോലി നല്‍കാതെ പ്രഹസനമായ പരിശീലന പരിപാടി തുടരുന്നതിൽ വകുപ്പിലെ മറ്റു ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തി പുകയുകയാണ്.
ജനുവരി 10നാണ് സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്റെ പിടിപ്പുകേടും ദുര്‍വാശിയുമാണ് ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പ്രധാന തടസ്സമെന്നാണ് ഇതര ഉദ്യോഗസ്ഥരുടെ അഭിപ്രായം.
അതിനിടെ, ജീവനക്കാരുടെ പരിശീലനത്തിന്റെ മറവിൽ വൻകിട കൺസൽട്ടൻസികളുടെ പ്രതിനിധികളെ വകുപ്പിലെ ജീവനക്കാർക്കൊപ്പം നിയമിക്കാൻ രഹസ്യനീക്കം നടക്കുന്നതായും ആരോപണമുണ്ട്. അങ്ങനെ വന്നാൽ നാല് ലക്ഷം വരുന്ന കച്ചവടക്കാരുടെ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്. ആഗോള കോർപറേറ്റ് ഭീമന്മാർ കേരളത്തിലെ ബിസിനസിന്റെ എല്ലാ തലങ്ങളും മനസ്സിലാക്കി കച്ചവടം മുഴുവൻ അവരുടെ കാൽക്കീഴിലാക്കി ചെറുകിട-ഇടത്തരം കച്ചവടക്കാരെ ഇല്ലാതാക്കാൻ ഇത് വഴിവെക്കും. ഇത് കേരളത്തിന്റെ സാമ്പത്തികനിലയെപോലും സാരമായി ബാധിച്ചേക്കാം. ഒരുപാട് ആളുകളുടെ തൊഴിലും സമ്പത്തും ഉപജീവന മാർഗങ്ങളും അടയുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.