ജി.എസ്.ടി രജിസ്ട്രേഷൻ:ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു

        

തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ എട്ട് മുതൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു. യഥാർഥ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ആധാർ, പാൻ കാർഡുകൾ തുടങ്ങിയ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത് വ്യാജ രജിസ്ട്രേഷൻ എടുത്ത് വ്യാജ ബില്ലിങ്ങിലൂടെ അനധികൃതമായി ഇന്പുട് ടാക്‌സ് ക്രെഡിറ്റ്  നേടി നികുതി വെട്ടിപ്പ് നടത്തുന്ന പ്രവണത രാജ്യത്തുടനീളം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കേരളത്തിലും ഇത്തരം വ്യാജ രജിസ്‌ട്രേഷനിലൂടെയുള്ള കോടികളുടെ നികുതി വെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ്  വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് വേണ്ടിയാണ് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സംസ്ഥാനത്ത് പ്രാബല്യത്തിൽ കൊണ്ട് വന്നത്.

2023 നവംബറിൽ പുതുച്ചേരി, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷൻ നടപ്പിലാക്കിയതിന്റെ ഫലമായി വ്യാജ രജിസ്‌ട്രേഷനുകളിൽ ഗണ്യമായ കുറവുണ്ടായതായി  കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് മറ്റിടങ്ങളിൽ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായത് . രജിസ്‌ട്രേഷനായി അപേക്ഷ സമർപ്പിക്കുന്ന യഥാർഥ നികുതിദായകർ അല്ലാത്തവരെ കണ്ടെത്തി അത്തരം അപേക്ഷകൾ നിരസിക്കാനും, നികുതി വെട്ടിപ്പുകാരെ തടയാനും ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സഹായിക്കും.

ഡാറ്റാ വിശകലനത്തിൻറെയും, റിസ്‌ക് പാരാമീറ്ററുകളുടെയും അടിസ്ഥാനത്തിലാണ്  കോമൺ പോർട്ടലിൽ  ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ആധാർ ഓതൻറിക്കേഷനായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. ഹൈ റിസ്‌ക്  കേസുകളിൽ ബയോമെട്രിക്  ആധാർ ഓതൻറിക്കേഷനും,  മറ്റ് കേസുകളിൽ ഒ.ടി.പി  അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുമാണ് നടപ്പിലാക്കുന്നത്.

കോമൺ പോർട്ടലിൽ  ഫോം ജി.എസ്.ടി രജി-01-ൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകന് ഒ.ടി.പി  അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുള്ള  ലിങ്ക് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ജി.എസ്.ടി സുവിധ കേന്ദ്രം (ജി.എസ്.കെ) സന്ദർശിക്കാനുള്ള  അപ്പോയിന്റ്മെന്റ്   ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് ഇ- മെയിലിൽ ലഭിക്കും.

ഒ.ടി.പി  അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുള്ള  ലിങ്ക് അപേക്ഷകന് ലഭിച്ചാൽ,  അപ്രകാരം ലഭിച്ച ലിങ്കിൽ  അപേക്ഷകന്  ക്ലിക്ക്  ചെയ്ത് പ്രക്രിയ പൂർത്തിയാക്കാം. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ജിഎസ്ടി സുവിധ കേന്ദ്രം (ജി.എസ്.കെ) സന്ദർശിക്കാനുള്ള സന്ദേശത്തോടുകൂടിയ ഇ-മെയിൽ ലഭിക്കുകയാണെകിൽ, ഇ-മെയിലിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിയുക്ത ജി.എസ്.കെ സന്ദർശിക്കാൻ  അപേക്ഷകൻ അപ്പോയിൻറ്‌മെന്റ് / സ്ലോട്ട്  ബുക്ക് ചെയ്യേണ്ടതുണ്ട്. അപ്പോയിൻറ്‌മെന്റ് /സ്ലോട്ട് ബുക്ക് ചെയ്തതിന് ശേഷം, അപേക്ഷകന് ഇ-മെയിൽ വഴി അപ്പോയിൻറ്‌മെൻറിൻറെ സ്ഥിരീകരണം  ലഭിക്കുന്നു .

അപേക്ഷകന് അപ്രകാരം  തിരഞ്ഞെടുത്ത  സൗകര്യപ്രദമായ  തീയതിയിലും സമയത്തും നിയുക്ത ജി.എസ്.കെ സെന്ററുകൾ  സന്ദർശിച്ച്  ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്താൻ കഴിയും.

ജി.എസ്.ടി സുവിധ കേന്ദ്രം (ജി.എസ്.കെ) സന്ദർശിക്കുന്ന സമയത്ത്, അപേക്ഷകൻ  അപ്പോയിൻറ്‌മെന്റ് സ്ഥിരീകരണ ഇ-മെയിലിൻറെ  പകർപ്പ് (ഹാർഡ് കോപ്പി /സോഫ്റ്റ് കോപ്പി ),   ഇ-മെയിലിൽ സൂചിപ്പിച്ചിരിക്കുന്ന അധികാര പരിധിയുടെ വിശദാംശങ്ങൾ ,ആധാർ കാർഡും പാൻ കാർഡും ( ഒറിജിനൽ പകർപ്പുകൾ), അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്ത ഒറിജിനൽ രേഖകൾ  എന്നിവ കൊണ്ട് വരേണ്ടത്തുണ്ട്. രേഖകൾ കൃത്യമാണെങ്കിൽ  ബയോമെട്രിക് ആധാർ  ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ജി.എസ്.കെ-യിൽ  പൂർത്തിയാക്കാം . കോമൺ പോർട്ടലിൽ ഫോം ജി.എസ്.കെ രജി-01 ൽ അപേക്ഷ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ ബയോമെട്രിക് ആധാർ ഓതൻറിക്കേഷൻ പൂർത്തിയാക്കണം.

Tags:    
News Summary - GST Registration: Biometric-based Aadhaar authentication and document verification launched in state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.