തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണം പാളിയതോെട സംസ്ഥാനം പനിച്ചൂടിൽ വിറക്കുന്നു. ഡെങ്കിപ്പനിയും എച്ച്1 എൻ1ഉം ആണ് ഭീതി പരത്തി പടരുന്നത്. തിരുവനന്തപുരം ഡെങ്കിപ്പനിയുടെ തലസ്ഥാനമായി മാറിക്കഴിഞ്ഞു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി തലസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നൂറുകണക്കിന് പേരാണ് ചികിത്സക്കെത്തുന്നത്. സ്വകാര്യ ആശുപത്രികളിലും നിരവധിപേർ ചികിത്സതേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 3525 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി മരണനിരക്ക് ഇക്കുറി കുറവാെണങ്കിലും എച്ച്1 എൻ1 മരണം വിതക്കുകയാണ്. എച്ച്1 എൻ1 മരണം ഇതിനകം 36 കടന്നു. ഇതേ ലക്ഷണങ്ങളുമായി മറ്റ് രണ്ടുപേരും മരിച്ചിട്ടുണ്ട്. വ്യാഴാഴ്ച 11 പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിക്കുകയും ചെയ്തു. ഡെങ്കിപ്പനി വൈറസിന് ജനിതകമാറ്റം സംഭവിച്ചതാകാം മരണനിരക്ക് കുറയാൻ കാരണമെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. അതേസമയം, ഇത് പൂർവാധികം ശക്തിപ്രാപിക്കാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.
നാലുദിവസത്തിനിടെ 369 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതിൽ 241 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലവും പാലക്കാടുമാണ് തൊട്ടുപിന്നിൽ നിൽക്കുന്ന ജില്ലകൾ. സംസ്ഥാനത്ത് ഇതുവരെ 3525 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതിൽ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. 25 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചതിന് പുറമെ ഡെങ്കി ലക്ഷണങ്ങളുമായി 280 പേരും വ്യാഴാഴ്ച ചികിത്സതേടി. കാലവർഷത്തിന് മുന്നോടിയായി നടത്തേണ്ട ശുചീകരണം കാര്യക്ഷമമാകാത്തതാണ് പ്രശ്നമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പലപ്പോഴും പ്രായോഗികമായി ഇത് വിജയിക്കാറില്ല. വകുപ്പുകൾ ഏകോപനത്തോടെ നടത്തേണ്ട പരിപാടിയാണിത്. തദ്ദേശ സ്ഥാപനങ്ങൾ, പി.ഡബ്ല്യു.ഡി, ഇറിഗേഷൻ, ആരോഗ്യവകുപ്പ് തുടങ്ങി വിഭാഗങ്ങൾ ഏകോപിച്ചാൽ മാത്രമേ ഇത് വിജയം കാണൂ. എന്നാൽ, ഒരിക്കലും ഇൗ വകുപ്പുകൾ തമ്മിൽ ഏകോപിക്കാറില്ല. ഒാരോ വിഭാഗങ്ങൾ അവരവർക്ക് കിട്ടുന്ന സമയം നോക്കി പ്രവൃത്തികൾ ചെയ്തുപോവുകയാണ് പതിവ്. ഇക്കുറിയും അതാണ് എല്ലായിടത്തും സംഭവിച്ചിരിക്കുന്നത്. കാലവർഷത്തിന് മുന്നോടിയായി ഇടക്ക് പെയ്ത മഴ ഡെങ്കിപ്പനി പെരുകാൻ കാരണമായി എന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.