കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി, സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ എന്നിവയെ പരിഗണിക്കാതെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ട് നടത്തിയ ഹജ്ജ് നറുക്കെടുപ്പിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അടിയന്തര ഓൺലൈൻ യോഗം ആശങ്ക രേഖപ്പെടുത്തി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി മുൻകൂട്ടി ക്വോട്ട നിശ്ചയിക്കാതെയും ഹജ്ജ് കമ്മിറ്റികളെ പരിഗണിക്കാതെയും മന്ത്രാലയം നടത്തിയ നറുക്കെടുപ്പ് നിരവധി പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. കേരളത്തിന് പ്രത്യേക പരിഗണന നൽകി മുഴുവൻ അപേക്ഷകരെയും ഹജ്ജിന് തിരഞ്ഞെടുക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ വർഷം കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അപേക്ഷകരെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഇതിന്റെ പുരോഗതി വിലയിരുത്താനും കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ മുംബൈ ഹജ്ജ് ഓഫിസും ഡൽഹി ന്യൂനപക്ഷ മന്ത്രാലയവും സന്ദർശിക്കും. തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് ബാങ്ക് അവധികൾ കാരണം പണമടക്കാൻ പ്രയാസമായതിനാൽ പണമടക്കാനുള്ള തീയതി നീട്ടിനൽകണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഡോ. ഐ.പി. അബ്ദുൽ സലാം, കെ. മുഹമ്മദ് കാസിം കോയ, പി.ടി. അക്ബർ, എക്സിക്യൂട്ടിവ് ഓഫിസർ പി.എം. ഹമീദ്, അസി. സെക്രട്ടറി എൻ. മുഹമ്മദലി എന്നിവർ പങ്കെടുത്തു. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ നോക്കുകുത്തിയാക്കിയായിരുന്നു നറുക്കെടുപ്പ് നടന്നത്. വിഷയത്തിൽ വ്യാപക വിമർശനം കഴിഞ്ഞ ദിവസംതന്നെ ഉയർന്നിരുന്നു.
ഈ വർഷം സംസ്ഥാനങ്ങൾക്ക് അനുവദിച്ച ക്വോട്ട സംബന്ധിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്. ഇക്കുറി കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുളള ക്വോട്ട 80 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ, സീറ്റുകൾ കൂടിയെങ്കിലും ആനുപാതികമായി സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടില്ല. ഇതിന്റെ വിശദമായ കണക്കുകളും കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം പുറത്തുവിടുന്നില്ല.
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ആരോഗ്യവകുപ്പുമായി ഹജ്ജ് കമ്മിറ്റി അധികൃതർ കൂടിക്കാഴ്ച നടത്തും. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാർ മുഖേന സർട്ടിഫിക്കറ്റ് നൽകുന്നതിന് ആരോഗ്യവകുപ്പിന്റെ അനുമതി തേടാനാണ് ശ്രമം. കഴിഞ്ഞ വർഷം വരെ അവസരം ലഭിച്ചവർക്ക് രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനർ ഒപ്പിട്ട് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയായിരുന്നു. ഇതിനാൽ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനവും തേടാമായിരുന്നു. ഈ വർഷം സർക്കാർ ഡോക്ടർമാർതന്നെ ഒപ്പിട്ട് നൽകണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, നെഞ്ചിന്റെ എക്സ്റേ, രക്ത പരിശോധന റിപ്പോർട്ട് തുടങ്ങിയവയും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞവർഷവും രക്ത പരിശോധന റിപ്പോർട്ടും എക്സ്റേയും ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ഈ വർഷം ഇവയെല്ലാം സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ഏപ്രിൽ ഏഴുവരെയാണ് ആദ്യഗഡുവായ 81,800 രൂപ അടക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ ആറ്, ഏഴ് ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ സമയം ദീർഘിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.