തദ്ദേശ തെരഞ്ഞെടുപ്പ്: പകുതിയോളം പേര്‍ കമീഷന് ചെലവ് കണക്ക് നല്‍കിയില്ല

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ചവരില്‍ പകുതിയോളം പേര്‍ ഇതുവരെ പ്രചാരണ ചെലവ് കണക്ക് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയില്ല. സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതു മുതല്‍ ഫലപ്രഖ്യാപന ദിവസംവരെയുള്ള ചെലവ് കണക്ക്, രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 2015 ഡിസംബര്‍ ഏഴിനകം നല്‍കാനാണ് കമീഷന്‍ നിര്‍ദേശിച്ചത്.

ഇതാണ് ഒരുവര്‍ഷമായിട്ടും 35,000ത്തോളം പേര്‍ പാലിക്കാത്തത്. സംസ്ഥാനത്ത് 914 ഗ്രാമപഞ്ചായത്തുകളും 152 ബ്ളോക് പഞ്ചായത്തുകളും 14 ജില്ല പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പറേഷനുകളും ഉള്‍പ്പെടെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. ഇവിടങ്ങളിലേക്കായി 2015 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൊത്തം 75,549 പേരാണ് മത്സരിച്ചത്.

സമയം നീട്ടിനല്‍കിയിട്ടും കണക്ക് സമര്‍പ്പിക്കാത്തവരെ വ്യവസ്ഥകള്‍ പാലിച്ച് അയോഗ്യരാക്കാനുള്ള നടപടി കമീഷന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചു. ആയോഗ്യരാക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് 10,000 രൂപയും ബ്ളോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്നവര്‍ക്ക് 30,000 രൂപയും ജില്ല പഞ്ചായത്തിലേക്കും കോര്‍പറേഷനിലേക്കും മത്സരിക്കുന്നവര്‍ക്ക് 60,000 രൂപവരെയുമാണ് ചെലവഴിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുവാദം നല്‍കിയത്. തെരഞ്ഞെടുപ്പ് വേളയില്‍തന്നെ കമീഷന്‍ കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

കണക്ക് നല്‍കാത്തവരെ അയോഗ്യരാക്കുന്നതിന്‍െറ മുന്നോടിയായി നേരിട്ട് നോട്ടീസ് അയക്കാനുള്ള നടപടി ആരംഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി. ഭാസ്കരന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കണക്ക് നല്‍കാത്തവര്‍ക്ക് മത്സരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനയും അറിയിപ്പ് നല്‍കും.

തുടര്‍ന്നും കണക്കുകള്‍ കൈമാറാത്തവരുടെ വിവരം പ്രസിദ്ധപ്പെടുത്തിയ ശേഷം അയോഗ്യരാക്കും. എന്നാല്‍, മാപ്പപേക്ഷയോടൊപ്പം ചെലവ് കണക്ക് സമര്‍പ്പിക്കുന്നവരുടേത് പരിഗണിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സമയബന്ധിതമായി ചെലവ് കണക്ക് നല്‍കാത്തതിന്‍െറ പേരില്‍ 11,000ത്തോളം പേരെയാണ് കമീഷന്‍ അയോഗ്യരാക്കിയത്.

 

Tags:    
News Summary - half of the civic poll competators not submitted their expence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.