സ്കൂട്ടർ തട്ടിപ്പ്: അനന്തുവിന് ബി.​ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനുമായി അടുത്ത ബന്ധമെന്ന് ബി.ജെ.പി വനിത നേതാവ് ഗീതാകുമാരി

സ്കൂട്ടർ തട്ടിപ്പ്: അനന്തുവിന് ബി.​ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനുമായി അടുത്ത ബന്ധമെന്ന് ബി.ജെ.പി വനിത നേതാവ് ഗീതാകുമാരി

തൊടുപുഴ: പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന പേരിൽ സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ​പേരിൽനിന്ന് കോടികൾ തട്ടിയ കേസിലെ പ്രതി അനന്തുകൃഷ്ണന് ബി.​ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് ബി.ജെ.പി വനിത നേതാവ് ഗീതാകുമാരി. തട്ടിപ്പിൽ ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാൽ, രാധാകൃഷ്ണനുമായി നല്ല ബന്ധമുണ്ടെന്നും ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ ഇടുക്കി മുട്ടത്ത് ഗീതാകുമാരി പറഞ്ഞു. ആലുവ ദേശത്ത് ഇവരുടെ ഫ്ലക്സ് വ്യാപകമായി ഉണ്ടായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ പറഞ്ഞത് സാധൂകരിക്കുന്ന തരത്തിൽ എ.എൻ. രാധാകൃഷ്ണന്റെ ഫേസബുക് പേജിൽ സ്കൂട്ടർ വിതരണത്തിന്റെ നിരവധി ഫോട്ടോകളും വിഡിയോകളും പങ്കുവെച്ചിട്ടുണ്ട്. 


തന്റെ പക്കൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി തിരിച്ചു തരാതെ വഞ്ചിച്ചതായും ഗീത പരാതിപ്പെട്ടു. ‘ഉമ്മൻചാണ്ടി സർക്കാറിൽ വനിത കമ്മീഷൻ അംഗമായിരുന്ന പ്രമീളാ ദേവിയുടെ ഫാക്കൽറ്റി അംഗമായി ഞാൻ പ്രവർത്തിച്ചിരുന്നു. പ്രമീളാ ദേവിയാണ് എ​ന്റെ സഹായിയായി അക്കാലത്ത് അനന്തുവിനെ ഏർപ്പാടാക്കിയത്. അക്കാലത്ത് തമിഴ്നാട്ടിലെ കോട്ടമല എസ്റ്റേറ്റും മൗലാന അബുൽകലാം ആസാദ് ​ഹോാസ്പിറ്റലും ഏതോ വ്യക്തി 300 കോടി രൂപയ്ക്ക് എടുക്കുകയാണെന്നും അനന്തുവിനെ അവിടെ ഉയർന്ന പോസ്റ്റിൽ നിയമിക്കുമെന്നും അറിഞ്ഞു. ഇതിനായി 25 ലക്ഷം രൂപ വേണമെന്ന് തുടർച്ചയായി എന്നോട് അനന്തു ആവശ്യപ്പെട്ടു. ഇതേതുടർന്ന് ചിട്ടി വിളിച്ചും കടം വാങ്ങിയും മറ്റും തുക നൽകി. എന്നാൽ, ഇതുവരെ തിരിച്ചു നൽകിയില്ല’ -ഗീത പറഞ്ഞു.


അതിനിടെ, അനന്തുകൃഷ്ണനെ ന്യായീകരിച്ച് കോൺഗ്രസ് ​നേതാവും കൂട്ടുപ്രതിയുമായ അഡ്വ. ലാലി വിൻസെന്റ് രംഗത്തെത്തി. അനന്തു തനിക്ക് മകനെ പോലെയാണെന്നും അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ആ കുട്ടിയെ ബലിയാടാക്കിയതാണെന്നും കേസിന് പിന്നിൽ ദുഷ്ടബുദ്ധികളും രാഷ്ട്രീയ പകപോക്കലാണെന്നും അവർ ആരോപിച്ചു.


‘വക്കീൽ എന്ന നിലയിൽ ഞാൻ കരാറുകൾ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിട്ടുണ്ട്. വലിയ വലിയ കമ്പനികളുമായി ചർച്ച നടത്തുമ്പോൾ ലീഗൽ അഡ്വൈസർ എന്ന നിലയിൽ ഞാൻ പ​​ങ്കെടുത്തിട്ടുണ്ട്. അനന്തു തയാറാക്കിയ എഗ്രിമെന്റുകൾ പലതും ഞാൻ ഡ്രാഫ്റ്റ് ചെയ്തതാണ്. അതിന് എനിക്ക് വക്കീൽ ഫീസ് തന്നിട്ടുണ്ട്. സത്യത്തിൽ എന്തിനാണ് എന്നെ പ്രതിയാക്കിയതെന്ന് അറിയില്ല. രാഷ്ട്രീയ പ്രതികാരം ആയിരിക്കാം. അല്ലെങ്കിൽ അനന്തുവുമായി സംസാരിച്ച് ഞാൻ അനന്തുവിനെ രക്ഷിച്ചേക്കാം എന്നത് കൊണ്ടാകാം. എന്തായാലും ഇതിന് പിന്നിൽ പ്രബലരായ ദുഷ്ടബുദ്ധികൾ ഉണ്ട്’ -ലാലി പറഞ്ഞു.


സി.എസ്.ആർ ഫണ്ട് കൊടുക്കും എന്ന് പറഞ്ഞവർ പിൻമാറിയതാണ് പ്രശ്നത്തിന് കാരണമെന്നും അവർ പറഞ്ഞു. 18,000 ബൈക്കും 35000 ലാപ്ടോപ്പും ഏഴരക്കോടിക്ക് ഭക്ഷ്യകിറ്റും കൊടുത്തതായും ലാലി പറഞ്ഞു.

സംസ്ഥാനത്ത് പകുതി വിലക്ക് സ്കൂട്ടറും തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവയും വാ​ഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി അനന്തുകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. എൻ.ജി.ഒകളുടെ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. കണ്ണൂർ ജില്ലയിൽ മാത്രം 2000ത്തിലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ലാലി വിൻസന്റിനെ ഏഴാം പ്രതിയാക്കി കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലാണ് സൊസൈറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ലീഗല്‍ അഡ്വൈസറാണ് ലാലി വിന്‍സന്റ. എല്ലാ ബ്ലോക്ക് തലത്തിലുമാണ് സൊസൈറ്റികള്‍ രൂപീകരിച്ചത്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു പണസമാഹരണം. വുമൺ ഓൺ വീൽസ് എന്നു പേരിട്ട പദ്ധതിയിൽ ചേർന്ന് നിരവധി പേരാണ് വഞ്ചിതരായത്. പകുതി പണം അടച്ചാൽ 45 ദിവസത്തിനകം വാഹനം കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വാഹനം ലഭിക്കാത്തതിനെ തുടർന്ന് സ്ത്രീകൾ പരാതി നൽകുകയായിരുന്നു.

പ്രതി അനന്തുകൃഷ്ണൻ 350 കോടി രൂപയിലേറെ സമാഹരിച്ചതായാണ് കണ്ടെത്തൽ. ആലപ്പുഴ ജില്ലയിൽ നിന്ന് മാത്രം ഇയാൾ 15 കോടി രൂപയാണ് തട്ടിച്ചത്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കർണാടകം എന്നിവടങ്ങളിൽ സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തി. സംസ്ഥാനത്തുടനീളം വിപുലമായ മേളകൾ സംഘടിപ്പിച്ചായിരുന്നു ഇയാൾ വിശ്വാസ്യത നേടിയെടുത്തത്.

Full View

Tags:    
News Summary - half pricce Scooter scam: BJP leader Geethakumari says Ananthu has close ties with BJP leader AN Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.