മലപ്പുറം: ഹർത്താലിലെ നാശനഷ്ടവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് പിടിച്ചെടുക്കുന്ന നടപടിയുടെ ഭാഗമായി കണ്ടുകെട്ടിയത് ട്രസ്റ്റ് കെട്ടിടം മുതൽ കൂട്ടുസ്വത്തിലുൾപ്പെട്ട വീട്ടിലേക്കുള്ള വഴി വരെ.
പോപുലർ ഫ്രണ്ട് ദേശീയ സെക്രട്ടറിയായിരുന്ന നാസറുദ്ദീൻ എളമരത്തിന്‍റെ പേരിൽ ഭൂമി ഇല്ലാത്തതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് വാഴക്കാട് വില്ലേജിലുള്ള നെസ്റ്റ് ട്രസ്റ്റിന്‍റെ കെട്ടിടത്തിലും 40 സെന്‍റ് ഭൂമിയിലുമാണ് നോട്ടീസ് പതിച്ചത്. വാഴക്കാട് വില്ലേജ് പരിധിയിൽ ചെറുവട്ടൂർ സുബൈറിന് സ്വന്തമായി സ്വത്തില്ലാത്തതിനാൽ ഇദ്ദേഹത്തിന്‍റെ കൂടി കൂട്ടുസ്വത്തിലുൾപ്പെട്ട വീട്ടിലേക്കുള്ള വഴിയായ ഒന്നരസെന്‍റ് ഭൂമിയിലും നോട്ടീസ് പതിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്‍റെ കൊല്ലം കരുനാഗപ്പള്ളിയിലുള്ള വീടും വസ്തുവകകളും ജപ്തി ചെയ്തു. കുലശേഖരപുരം പുന്നക്കുളം വാതോരയ്യത്ത് അബ്ദുൽ സത്താറിന്‍റെ 17.9 സെന്‍റ് ഭൂമിയും, 1600 ചതുരശ്ര അടി വീടും സ്ഥാവര ജംഗമ വസ്തുക്കളുമാണ് ജപ്തി ചെയ്തത്. സെന്‍റിന് 10 ലക്ഷം രൂപയാണ് മേഖലയിൽ വസ്തുവിന് വിപണി വില. വീട്ടുപകരണങ്ങൾ മുഴുവൻ കരുനാഗപ്പള്ളി തഹൽസിൽദാർ കസ്റ്റഡിയിലെടുത്തു. വീട്ടുകാർക്ക് ഒരാഴ്ച താമസിക്കാൻ അനുമതി നൽകി. മുൻകൂർ നോട്ടീസില്ലാതെയായിരുന്നു നടപടികൾ.
ഏഴു ദിവസത്തിനകം നഷ്ടപരിഹാരത്തുക പലിശയും നടപടി ചെലവുൾപ്പെടെ ഒടുക്കിയില്ലെങ്കിൽ വീട് ഉൾപ്പെടെ ലേല നടപടികൾക്ക് വിധേയമാക്കുമെന്നും അറിയിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം തൃശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യഹിയ തങ്ങൾ മാനേജിങ് ഡയറക്ടറായ സ്ഥാപനം പ്രവർത്തിക്കുന്ന കോഴിക്കോട് കൊയിലാണ്ടിയിലെ കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. ഡാലിയ ബിൽഡേഴ്സ് കമ്പനിയുടെ നഗരസഭ ബസ് സ്റ്റാൻഡ് ലിങ്ക് റോഡിലെ ഡാലിയ പ്ലാസ കെട്ടിടത്തിലാണ് നോട്ടീസ് പതിച്ചത്. 32 സെന്റ് സ്ഥലത്താണ് കെട്ടിടം പ്രവർത്തിക്കുന്നത്.
കണ്ണൂരിൽ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ എട്ടു പേരുടെ സ്വത്ത് കണ്ടുകെട്ടി. മാവിലായി കെ.പി. നൗഷാദിന്റെ 12 സെന്റ് ഭൂമിയും വീടും, കടമ്പൂർ കെ.വി. നൗഷാദിന്റെയും സഹോദരങ്ങളുടെയും രണ്ടര സെന്റ്, മൂന്ന് മുറി കട, കാഞ്ഞിരോട് ‘താജ്മഹലി’ൽ താജുദ്ദീന്റെ നാലര സെന്റ്, തളിപ്പറമ്പ് പാമ്പുരുത്തി മുക്രീരകത്ത് എം. റാസിഖിന്റെ 10 സെന്റ് , തലശ്ശേരി തൃപ്പങ്ങോട്ടൂർ വായോത്ത് ഹാറൂണിന്റെ 33 സെന്റ്, മൊകേരി കൂരാറ പാറാട് മീത്തൽ എം.പി. സമീറിന്റെ ഒമ്പത് സെന്റ്, കരിയാട് പുളിയനമ്പ്രത്തെ പി. താഹിറിന്റെ 93 സെന്റ്, പെരിങ്ങളം പുല്ലൂക്കര ഇല്ലത്ത് സമീറിന്റെ കാർ എന്നിങ്ങനെയാണ് കണ്ടുകെട്ടിയതെന്ന് അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.കെ. ദിവാകരൻ അറിയിച്ചു.
ജില്ലയിൽ സംസ്ഥാന കമ്മിറ്റി അംഗം പെരുമ്പിലാവ് അഥീനയിൽ യഹിയ തങ്ങളുടെ പെരുമ്പിലാവിലുള്ള 42.5 സെന്റ്, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പള്ളിക്കരഞ്ഞാലിൽ പി.കെ. ഉസ്മാന്റെ പെരുമ്പിലാവിലെ ആറര സെന്റ്, വടുതല ഉള്ളിശ്ശേരി പിലക്കോട്ടയിൽ റഫീകിന്റെ 17 സെന്റ്, പഴുന്നാന കാരങ്കൽ വീട്ടിൽ അസീസിന്റെ 2.66 സെന്റ്, കേച്ചേരി പട്ടിക്കര കിഴക്കുമുറിയിൽ പുതുവീട്ടിൽ മുക്കത്തേയിൽ മുസ്തഫയുടെ 9 സെന്റും വീടും, വരവൂർ മുണ്ടനാട്ടുപീടികയിൽ മുഹമ്മദ് മുസ്തഫയുടെ പഴയന്നൂർ എളനാട് റോഡിൽ കനറാ ബാങ്ക്, കെ.എസ്.എഫ്.ഇ എന്നിവ പ്രവർത്തിക്കുന്ന മൂന്നു നില കെട്ടിടം എന്നിവ ജപ്തി ചെയ്തു.
മുൻ ജില്ലാ സെക്രട്ടറി ഷിറാസിന്റെ ചേർത്തല പൂച്ചാക്കല്‍ മഠത്തില്‍പറമ്പ് (രണ്ടു സെന്റും വീടും), അരൂക്കുറ്റി പള്ളിപ്പറമ്പിൽ റിയാസ് (4.5 സെന്റ്, വീട്), അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവല്‍ നവാസ് (രണ്ടരസെന്‍റും വീടും), ചെങ്ങന്നൂർ മുളക്കുഴ ദാറുൽ സലാമിൽ നൗഫല്‍ (6 സെന്റ്), മണ്ണഞ്ചേരി പതിയാംവീട്ടില്‍ നിഷാദ് (11.8 സെന്‍റ് ,വീട്) എന്നിങ്ങനെ കണ്ടുകെട്ടി
ജില്ലയിൽ മുൻ ജില്ലാ പ്രസിഡന്‍റ് ഈരാറ്റുപേട്ട നടക്കൽ ഷെഫീഖ് പുതുപ്പറമ്പിലിന്റെ ഏട്ട് സെന്‍റ് സ്ഥലവും വീടും, ഈരാറ്റുപേട്ട നടക്കൽ മാങ്കുഴക്കൽ മുജീബിന്റെ വീടും 22 സെന്‍റ് സ്ഥലവും, ഈരാറ്റുപേട്ട നടക്കൽ വെള്ളൂപ്പറമ്പിൽ റഷീദിന്റെ അഞ്ച് സെന്‍റ് സ്ഥലവും വീടും കണ്ടുകെട്ടി. മുണ്ടക്കയം വേലനിലം പുളിമൂട്ടിൽ പി.പി. ഹാരിസിന്റെ- 2.5 സെന്‍റ് സ്ഥലവും വീടും, ചങ്ങനാശേരി പെരുന്ന ആളായിൽ സാജിദിന്റെ- 15 സെന്‍റും വീടും കണ്ടു കെട്ടി.
തൊടുപുഴ കരിമണ്ണൂർ ചിലവ് നൈനുകുന്നേൽ താഹ (8.65 സെന്‍റ്), വാത്തിക്കുടി വില്ലേജ് മുരിക്കാശ്ശേരി തുണ്ടിയിൽ ടി.എ.നൗഷാദ് (4.99 സെന്‍റ്), കാരിക്കോട് വില്ലേജിൽ മുണ്ടയ്ക്കൽ ഷിഹാബ് (3.9 സെന്‍റ്), കൂമ്പൻപാറ പീടികയിൽ നവാസ് (14.99 സെന്‍റ്), പാമ്പാടുംപാറ മഠത്തിൽ ഷഫീഖ് (37.05 സെന്‍റ്), പാറത്തോട് തോവാളപ്പടി കരിവേലിൽ നൗഷാദ് (1.51 ഹെക്ടർ) എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.
കാസർകോട് നായന്മാർമൂല പെരുമ്പള പോപുലർ ഫ്രണ്ട് ഓഫിസായി പ്രവർത്തിച്ച ചന്ദ്രഗിരി ചാരിറ്റബിൾ ട്രസ്‌റ്റിന്റെ കെട്ടിടമുൾപ്പെടെ 7.48 സെന്റ് , അബ്ദുൽ സലാമിന്റെ പേരിൽ നായന്മാർമൂലയിലുള്ള വീടുൾപ്പെടെ മൂന്ന് സെന്റ്, ആലംപാടി നാൽത്തടുക്ക ഉമ്മർ ഫാറൂഖിന്റെ നായന്മാർമൂലയിലുള്ള 3.04 സെന്റ്, ജില്ല പ്രസിഡന്റ് സി.ടി. സുലൈമാന്റെ സൗത്ത് തൃക്കരിപ്പൂർ മെട്ടമ്മലിലെ വീടുൾപ്പെടുന്ന 12 സെന്റ്, ചീമേനി കാക്കടവിലെ നങ്ങാരത്ത് സിറാജുദ്ദീന്റെ 1.04 ഏക്കർ, മഞ്ചേശ്വരം മീഞ്ച മിയാപദവിലെ മുഹമ്മദലിയുടെ 16 സെന്റ് വീട് കണ്ടുകെട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.