കോഴിക്കോട്: കഴിഞ്ഞതവണ കൃഷിക്കും കാർഷികജോലികൾക്കും പ്രാധാന്യം നൽകിയ സർക്കാർ രണ്ടാം കോവിഡ് തരംഗ കാലത്ത് കർഷകരെ മറന്നു. കടുത്ത നിയന്ത്രണങ്ങൾ കാരണം പരിപാലിക്കാനോ വിളവെടുക്കാനോ വിൽക്കാനോ കഴിയാതെ കർഷകർ ദുരിതത്തിലായി.
അപ്രതീക്ഷിതമായ വേനൽമഴ കൃഷി നശിപ്പിച്ചതോടെ ദുരിതം ഇരട്ടിയായി. ദൂരെയുള്ള കൃഷിസ്ഥലങ്ങളിലെത്തി നാശത്തിെൻറ കണക്കെടുക്കാൻപോലും പറ്റാത്ത അവസ്ഥയായി. കൃഷിപ്പണികൾ സ്തംഭിക്കുന്നത് ഭാവിയിൽ ക്ഷാമത്തിനുവരെ കാരണമായേക്കും.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയെൻറ വാaർത്തസമ്മേളനത്തിൽ കൃഷിയുടെ പ്രാധാന്യം ഇടക്കിടെ ഓർമിപ്പിക്കാറുണ്ടായിരുന്നു. വരാനിരിക്കുന്ന ക്ഷാമകാലത്തെ പ്രതിരോധിക്കാൻ കപ്പയുൾപ്പെടെ കൃഷി ചെയ്യണമെന്ന ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പലവിധ കൂട്ടായ്മകളും കപ്പ കൃഷിയിലേക്കിറങ്ങി. കാര്യമായ വില കിട്ടിയില്ലെങ്കിലും നല്ല വിളവ് ലഭിച്ചു. കൃഷിപ്പണികൾക്ക് ലോക്ഡൗണിൽ ഇളവ് ലഭിച്ചിരുന്നു. നിലവിൽ തൊട്ടടുത്ത വാർഡിലുള്ള കൃഷിസ്ഥലത്തേക്കുപോലും കടക്കാനാകുന്നില്ല. മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് കൃഷി ചെയ്തതിെൻറ വിളവെടുക്കാൻ പറ്റുന്നില്ല. മഴ കിട്ടുമ്പോൾ പതിവായി ചെയ്യുന്ന ജോലികൾപോലും നടക്കുന്നില്ല.
ഇതര ജില്ലകളിലും കർണാടകയിലും തമിഴ്നാട്ടിലും സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരുടെ അനുഭവം നെഞ്ചുരുക്കുന്നതാണ്. വിളവെടുക്കാനാകാതെയും പരിപാലിക്കാനാകാതെയും നശിച്ചുകൊണ്ടിരിക്കുകയാണ്. നാളികേരം, റബർ, അടക്ക, കുരുമുളക് തുടങ്ങിയ മലഞ്ചരക്ക് സാധനങ്ങൾ വിറ്റഴിക്കാനും വഴിയില്ലാതായി. നാണ്യവിളകൾക്ക് മോശമല്ലാത്ത വിലകിട്ടുന്ന സമയത്തുതന്നെയാണ് മലഞ്ചരക്ക് കടകൾ അടഞ്ഞുകിടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും കടകൾ തുറക്കണമെന്നാണാവശ്യം.
മലബാർ മേഖലയിൽ പാൽ സംഭരണം മിൽമ വെട്ടിക്കുറച്ചതാണ് കർഷകർക്ക് മറ്റൊരു തിരിച്ചടി. കറന്നെടുക്കുന്ന പാലിെൻറ പകുതിയും വെറുതേ കൊടുക്കുകയാണ് കർഷകർ. കോവിഡ് കാലത്ത് മലബാർ മേഖലയിൽ മാത്രം പുതുതായി 9000 കർഷകരാണ് പശുവളർത്തൽ തുടങ്ങിയത്. സംസ്ഥാനത്തെ കൈതച്ചക്ക കർഷകർക്കും സർക്കാർ താങ്ങാകുന്നില്ല. കൈതച്ചക്ക നശിച്ചുപോകുന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.
പച്ചക്കറികളും ആവശ്യക്കാരില്ലാത്തതിനാൽ നശിച്ചുപോകുകയാണ്. വിൽപനക്ക് കൊണ്ടുപോകുന്നവരെ തടയുന്നതായും പരാതിയുണ്ട്. പ്രശ്നങ്ങൾക്ക് പുതിയ കൃഷിമന്ത്രി അടിയന്തരമായി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.