കാസർകോട്: മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച പരിപാടിക്കിടയിൽ വിദ്വേഷ പരാമർശമടങ്ങിയ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കടുത്ത സംഘടനതല പരിശോധനക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. സംഭവത്തിൽ ബാഹ്യ ഇടപെടലും സംഘടന സംശയിക്കുന്നുണ്ട്.
വിഷയം പരിശോധിക്കാൻ രണ്ടംഗ സംസ്ഥാന ഭാരവാഹികളെ കമീഷനായി നിയമിച്ച് കാസർകോട്ടേക്കയച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ (കോട്ടയം), സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി (കണ്ണൂർ) എന്നിവർ ശനിയാഴ്ച തെളിവെടുപ്പ് നടത്തി റിപ്പോർട്ട് തയാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറും. പിന്നാലെ കൂടുതൽപേർക്കതിരെ നടപടിയുണ്ടാകും.
മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചപ്പോൾ ഏറെ കരുതലോടെയാണ് പരിപാടി ഒരുക്കിയത്. ‘സെൻസിറ്റിവ്’ വിഷയമായതിനാൽ വിളിക്കേണ്ട മുദ്രാവാക്യം അച്ചടിച്ച് ലാമിനേഷൻ നടത്തിയാണ് നൽകിയത്. എന്നാൽ, ഇതിൽ ഒന്നാം പ്രതി വേറെ മുദ്രാവാക്യം എഴുതിത്തയാറാക്കിയത് ബോധപൂർവവും ബാഹ്യ ഇടപെടലോടുകൂടിയുമാണെന്ന് സംശയമുണ്ട്. മുദ്രാവാക്യം വിളിക്കുന്നതും അതുമാത്രം വിഡിയോയിൽ പകർത്തിയതും അപ്പോൾത്തന്നെ സംഘടനക്ക് പുറത്തുള്ള ഗ്രൂപ്പുകളിലേക്ക് പടർന്നതും സംശയം ബലപ്പെടുത്തുന്നു.
ചുരുക്കം സമയം മാത്രമാണ് മുദ്രാവാക്യം വിളിച്ചുകൊടുത്തത്. വിഡിയോ എടുക്കുന്നതിന് ആസൂത്രിത ശ്രമം നടന്നിട്ടുണ്ടെന്ന് നേതൃത്വം കരുതുന്നു. വിഷയം ശ്രദ്ധയിൽപെട്ടയുടൻ ഉത്തരവാദികളെ പുറത്താക്കിയ നടപടിയിൽ യൂത്ത് ലീഗ് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അതേസമയം മുദ്രാവാക്യം അടങ്ങിയ വിഡിയോയിൽ കാണുന്നവരെയെല്ലാം പ്രതിചേർത്ത് അറസ്റ്റ് ചെയ്യുന്നത് പൊലീസ് ഉദ്ദേശിക്കുന്ന ഫലം ചെയ്യുമോയെന്ന ആശങ്കയും സംഘടനക്കുണ്ട്.
പൊലീസ് അന്വേഷണത്തിന് എല്ലാവിധ പിന്തുണയും യൂത്ത് ലീഗ് ജില്ല പൊലീസ് മേധാവിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നേതൃത്വം അറിയിച്ചു. ഇതുവരെ ഒമ്പതുപേരെയാണ് അറസ്റ്റ്ചെയ്തത്. ഇതിൽ ഏറെപ്പേരും ഒരേ പ്രദേശത്തുനിന്ന് തന്നെയായതും യൂത്ത് ലീഗും പൊലീസും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയെ ഉൾപ്പെടെ കേസിൽ പ്രതിചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.