കൊച്ചി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്ന് ഹൈകോടതി. അണക്കെട്ടുകളിലെ ജലനിരപ്പിെൻറ വിവരങ്ങൾ നൽകാനും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഡാമുകളിലെ ജലനിരപ്പ്, ഇത് നിയന്ത്രിക്കാൻ സ്വീകരിച്ച മുൻകരുതൽ, ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ, ഇത്തരം സ്ഥലങ്ങൾ കണ്ടെത്താൻ സ്വീകരിച്ച നടപടികൾ, ദുരന്തങ്ങൾ തടയാൻ സ്വീകരിച്ച മുൻകരുതലുകൾ തുടങ്ങിയവ വിശദമായ സത്യവാങ്മൂലമായി അറിയിക്കാനാണ് നിർദേശം.
രണ്ടു വർഷം തുടർച്ചയായി പ്രളയമുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ അണക്കെട്ടുകളിലെ ഉയർന്ന ജലനിരപ്പ് മൂലമുള്ള ആശങ്ക ചൂണ്ടിക്കാട്ടി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലുള്ള സ്വമേധയാ ഹരജിയിലാണ് ഉത്തരവ്.
മൺസൂൺ എത്തുന്നതിനു മുമ്പുതന്നെ ഇടുക്കി ഡാമിൽ ഉൾപ്പെടെ ജലനിരപ്പ് ഉയരുന്നെന്ന വാർത്തകളെ തുടർന്ന് മേയ് 14നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്. തുടർന്ന് കത്ത് സ്വമേധയാ ഹരജിയായി പരിഗണിക്കുകയായിരുന്നു. ദുരന്ത നിവാരണ അതോറിറ്റിയെയും ഉൗർജ, ജലവിഭവ സെക്രട്ടറിമാരെയും കേന്ദ്ര ജലകമീഷനെയും കക്ഷി ചേർത്തു.
കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രവചനത്തിെൻറ അടിസ്ഥാനത്തിൽ ഡാമുകളിൽനിന്ന് വെള്ളം ഒഴുക്കിക്കളയേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് നിയന്ത്രിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു അന്ന് സർക്കാറിെൻറ വിശദീകരണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, മഴ കനക്കുകയും പലയിടത്തും മണ്ണ് വീഴ്ചയും ഉരുൾപൊട്ടലും അപകടങ്ങളും ഉണ്ടാകുകയും ചെയ്തതോടെ വീണ്ടും ഹരജി തിങ്കളാഴ്ച പരിഗണനക്ക് എടുക്കുകയായിരുന്നു.
കലക്ടർമാരിൽനിന്ന് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഹരജി വീണ്ടും 18ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.