കൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലറായി എച്ച്. വെങ്കിടേശ്വരലുവിനെ നിയമിച്ചത് ശരിവെച്ച് ഹൈകോടതി. പദവിയിൽ തുടരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ കോടതി തള്ളി. കേന്ദ്ര സർവകലാശാല വി.സിയെ നിയമിക്കാൻ വിസിറ്റർ എന്ന നിലയിൽ രാഷ്ട്രപതിക്കുള്ള അധികാരത്തിൽ കേന്ദ്രസർക്കാർ കൈകടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡ് സ്വദേശി ഡോ. നവീൻ പ്രകാശ് നൗട്യാൽ, പ്രഫ. ഡോ. ടി.എസ്. ഗിരീഷ് കുമാർ, പ്രഫ. ഡോ. ജി. വെങ്കിടേഷ് കുമാർ എന്നിവർ നൽകിയ ക്വോ വാറന്റോ ഹരജികൾ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളീ പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി.
സെലക്ഷൻ കമ്മിറ്റി നിർദേശിച്ച പാനലിലെ അംഗങ്ങൾക്ക് യോഗ്യതയില്ലെന്ന് പറയാൻ കേന്ദ്രസർക്കാറിന് കഴിയില്ലെന്നും നിയമപ്രകാരം സെലക്ഷൻ കമ്മിറ്റി തയാറാക്കിയ പാനൽ വിസിറ്റർക്ക് കൈമാറുന്ന മെസഞ്ചറുടെ ചുമതല മാത്രമാണ് കേന്ദ്രസർക്കാറിനുള്ളതെന്നും ഹരജിക്കാർ വാദിച്ചു. എന്നാൽ, കേന്ദ്ര സർവകലാശാലകളുടെ പ്രവർത്തനം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു വ്യക്തമാക്കി. വെങ്കിടേശ്വരലുവിന് മതിയായ യോഗ്യതയില്ലെന്ന് ഹരജിക്കാർക്ക് ആരോപണമില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.