തിരുവനന്തപുരം: മഴക്കാലം മുന്നില്‍കണ്ട് സംസ്ഥാനത്ത് ജൂണ്‍ രണ്ടുമുതല്‍ പ്രത്യേകം പനി ക്ലിനിക്കുകള്‍ ആരംഭിക്കും. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും ക്ലിനിക്കുകള്‍. കൂടാതെ പനി വാര്‍ഡുകളും ആരംഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. ജില്ലകളിലേതിന് പുറമേ ആശുപത്രികളിലേതും പ്രത്യേകം പരിശോധിക്കും. സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ വിളിച്ച യോഗത്തിലാണ് തീരുമാനം.
പ്രളയാനുബന്ധ പ്രശ്നങ്ങള്‍ പ്രതിരോധിക്കുന്നതിന് ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. അവശ്യമരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വെക്കാനും മന്ത്രി നിര്‍ദേശം നല്കി. എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മണ്ണില്‍ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. നിപ വൈറസ് പ്രതിരോധം ജില്ലകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.