മുഹമ്മദ് ഹാഷിമിെൻറ മുഖമങ്ങ് മായുന്നില്ല മനസ്സിൽനിന്ന്. ഒരു പ്രദേശത്തെ കണ്ണീരണിയിച്ച ആ കറുത്ത ദിനങ്ങൾ ഓർക്കാതെ ഒരു ദിവസവും പുലർന്നില്ല. ഒരുനിമിഷം പോലും കണ്ണടക്കാത്ത ഒരു രാത്രി ജീവിതത്തിൽ അപൂർവമാണ്. കണ്ണുകൾ എത്ര അടച്ചുപൂട്ടിയിട്ടും ദൈവമേ എന്ത് ചെയ്യും എന്ന വേവലാതികൾ മാത്രം. ഒരർഥത്തിൽ തീ തിന്ന ദിവസങ്ങൾ... നിപയുടെ മൂന്നാംവരവിൽ വിറങ്ങലിച്ച ഒരു നാടിനെ കുറിച്ചുള്ള ഓർമകളാണ് ചാത്തമംഗലം പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദു റഷീദ് എള്ളങ്ങലിെൻറ മനസ്സുനിറയെ. മാസ്കിട്ടതിനാൽ കരച്ചിലുകൾ പലരും കണ്ടില്ലെന്നാണ് ഏകആശ്വാസം. 12കാരനെ നിപ തട്ടിയെടുത്തിട്ട് ആഴ്ചകൾ പിന്നിടുന്നു. ആഗസ്റ്റ് 31നാണ് ഹാഷിം പാഴൂരിലെ വീട്ടിൽനിന്നിറങ്ങിയത്. ഇന്നേക്ക് 42ാം ദിവസം. പകർച്ചസാധ്യതയുള്ള ദിവസങ്ങളുടെ ഇരട്ടി പിന്നിടുന്നു. ഇനി വാർഡ് നിപമുക്തമായി പ്രഖ്യാപനം നടത്തേണ്ട നേരമായി. റഷീദ് ആ കാര്യങ്ങൾ ഓർക്കുന്നു.
സെപ്റ്റംബർ നാല്. സമയം രാത്രി എട്ടുമണി. എെൻറ പ്രിയപ്പെട്ട മെഡിക്കൽ ഓഫിസർ ഡോ. സുനിൽകുമാർ വിളിക്കുന്നു. എന്താണ് ഹാഷിമിെൻറ വിശേഷങ്ങൾ. എന്താണ് സ്ഥിതി. ആഗസ്റ്റ് 31ന് പനിയും എൻസെഫലൈറ്റിസ് ലക്ഷണത്തോടെയും കുട്ടിയെ ഓമശ്ശേരി ശാന്തിയിലും പിന്നെ കോഴിക്കോട് മെഡിക്കൽ കോളജിലും സ്ഥിതി മോശമായപ്പോൾ സെപ്റ്റംബർ ഒന്നിന് മിംസിലും കൊണ്ടുപോയ വിവരം ഞാൻ ഡോക്ടറോട് പറഞ്ഞു. ആർ.ആർ.ടി അംഗം അനീസ് തന്ന വിവരങ്ങൾ കൂടിയാണ് പങ്കുവെച്ചത്. ഡോക്ടർക്ക് കുറച്ചുകൂടി വിവരം നൽകാമെന്ന് വെച്ച് ഞാൻ ആശാവർക്കർ നുസ്രത്ത്, കുട്ടിയുടെ പിതാവിെൻറ സഹോദരൻ വയോളി അബ്ദുൽ മജീദ് എന്നിവരെ വിളിച്ചുകിട്ടിയ വിവരങ്ങളും അപ്പോൾ തന്നെ ഡോക്ടർക്ക് കൈമാറി. വലിയ പ്രശ്നമില്ലാതെ ഇരുന്നു.
രാത്രി പത്തോടെ ഡോക്ടറുടെ വിളി വീണ്ടും. പതിവില്ലാത്തതാണ് ഈ നേരത്തുള്ള വിളികൾ. ദൈവമേ എന്തുപറ്റിയെന്ന ആശങ്കയിൽ ഫോൺ എടുത്തു. മുഖവുരയൊന്നുമില്ലാതെ ഡോക്ടർ ഞെട്ടിക്കുന്ന ആ വിവരം എനിക്ക് കൈമാറി. 'നിപയാണ്... ആരോടും ഷെയർ ചെയ്യരുത്. ആരോഗ്യ മന്ത്രിയാണ് അത് ജനങ്ങളെ അറിയിക്കേണ്ടത്. ഒരു കാര്യം കൂടെ.. മന്ത്രി പറയാതെ ആരോടും പറയരുതേ' ഡോക്ടർ ഫോൺ കട്ടാക്കി. തല കറങ്ങുംപോലെ. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഫോണും പിടിച്ചു ഇരുന്നുപോയി.
തലക്ക് വല്ലാത്ത ഒരു ഭാരം. എവിടെയും ഇരിക്കാൻ കഴിയുന്നില്ല. എന്ത് ചെയ്യണം. രാത്രി ആരോട് എങ്ങനെ ഈ വിവരം പറയും... പേരാമ്പ്ര സൂപ്പിക്കടയിലെ അനുഭവം മുന്നിലുണ്ട്. നാട്ടുകാരെ ഭയപ്പെടുത്താതെ എങ്ങനെ കൈകാര്യം ചെയ്യും... കൈകൂപ്പിയ നിമിഷങ്ങൾ. ആരോഗ്യപ്രവർത്തകനാണ്. കിടന്നുറങ്ങാൻ പറ്റില്ല. രാത്രി തന്നെ പാഴൂരിലേക്ക് പോയി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന നിലക്ക് എെൻറ പരിധിയിലെ ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യത ഉണ്ടെന്ന തിരിച്ചറിവിൽ.
പാഴൂരിലെ വീട്ടിലെത്തണം. പക്ഷേ, ആരെ കൂട്ടും. നിപയാണെന്ന് പറയാനും പറ്റില്ല. ആർ.ആർ.ടി അംഗം അനീസിനെ വിളിച്ചു. കുട്ടിയുടെ വീടു വരെ പോവണം എന്നു മാത്രം പറഞ്ഞു. രാത്രി വൈകിയെങ്കിലും യാതൊരു മടിയും കൂടാതെ അദ്ദേഹം വരാമെന്നേറ്റു. പാഴൂർ എത്തി. അനീസ് ആരോടും അടുക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
രാത്രി 10.40ന് ഹാഷിമിെൻറ വീടിന് അടുത്ത്. വിവരമറിയാൻ കാത്തിരിക്കുന്ന അയൽവാസികളെ കണ്ടു. കുട്ടിയുടെ അയൽവാസി വയോളി സഈദിെൻറ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു. ഈ വീട്ടിലെ കുട്ടികളായ ഹാദിൽ മുഹമ്മദ്, ഹാനി മുഹമ്മദ് എന്നിവരുമായാണ് ഹാഷിം അവസാനമായി കളിച്ചത്. ഉമ്മ ജംഷീറയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. മനസ് നിറയെ ഇവരെ പറ്റിയുള്ള വേവലാതി. പടച്ചോനെ ഇവർക്കും ഒന്നും വരാതിരിക്കണേ എന്ന പ്രാർഥനയാണ്. മാസ്ക്കുള്ളതിനാൽ മുഖഭാവമൊന്നും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.
ഹാഷിമിെൻറ വീടും അവൻ ഉപയോഗിച്ച സൈക്കിൾ, വീട്ടിലെ ആടുകൾ... എന്നിവ ഒരു മിന്നായം പോലെ ഇരുട്ടത്ത് കണ്ടു. അടുത്തുള്ള വീട്ടുകാരോട് എല്ലാം വീട്ടിൽ ക്വാറൻറീൻ ഇരിക്കാൻ ആവശ്യപ്പെട്ടു. 11.15ന് തിരിച്ച് വീട്ടിലേക്ക്.
വരുന്ന വഴി ഒരു പന്നി സ്കൂട്ടറിെൻറ മുന്നിലേക്ക് ചാടി. ദൈവാധീനം കൊണ്ട് ഒന്നും സംഭവിച്ചില്ല.
വീട്ടിലെത്തി കുളിച്ച് ഉറങ്ങണമെന്ന് കരുതിയതാണ്. എവിടെ വരുന്നു ഉറക്കം. സമ്പർക്ക പട്ടിക ഉണ്ടാക്കണം.
മനസ്സിെൻറ പിരിമുറുക്കം വയറിനെ കൂടി ബാധിച്ചു. ശക്തമായ വയറു വേദന. എന്ത് കുടിച്ചിട്ടും വേദന പോവുന്നില്ല. ഭാര്യയുടെ കട്ടൻ ചായക്കും ഇതിനു ശമനം തരാൻ കഴിഞ്ഞില്ല. 1995ലെ പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ആദ്യമായിട്ടാണ് ഒരു പോള കണ്ണടക്കാതെ രാത്രി കഴിച്ചു കൂട്ടിയത്. ചില്ലറ സൂചനകൾ അപ്പോഴേക്കും പരക്കുന്നുണ്ട്. ഫോണിൽ ചില പത്രക്കാരുടെ വിളികൾ. ഒന്നിനും മറുപടി നൽകിയില്ല.
11.30ന് വാർഡ് അംഗം വത്സലയുടെ ഫോൺ. വാർഡ് അടക്കാൻ പൊലീസ് വരുന്നു. ഡോക്ടറുടെ നിർദേശം തെറ്റിക്കാതിരിക്കാൻ മെമ്പറോടും നിപ വിവരം പറഞ്ഞില്ല. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലായി മനസ്സിൽ.
12 മണിക്ക് 'ചൂലൂരിൽ 12 വയസ്സ് കാരന് നിപ' എന്ന് ചാനലിൽ ഫ്ലാഷ് ന്യൂസ് വന്നു എന്ന് ഭാര്യ പറഞ്ഞു. അതൊന്നും എനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നില്ല. കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥന മാത്രം. എല്ലാ പ്രതീക്ഷകളും തകിടം മറിച്ച്, രാവിലെ അഞ്ചുമണിക്ക് ആ വിവരമെത്തി. ഹാഷിം 4.45ന് മരിച്ചിരിക്കുന്നു. മനസ്സ് മരവിച്ചു. ഡോക്ടറെ വിവരം അറിയിച്ചു. രാവിലെ പള്ളിയിൽപോയി പ്രാർഥന നടത്തി. രാവിലെ ഏഴിന് തന്നെ പാഴൂരിൽ എത്തി. അപ്പോഴേക്കും വാർഡ് മെമ്പർമാർ, പൊലീസ്, ആർ.ആർ.ടി എന്നിവർ റോഡുകൾ അടച്ചുപൂട്ടുന്ന തിരക്കിലായിരുനു.
സമ്പർക്ക പട്ടികയിൽ നിന്ന് കിട്ടിയ വിവരങ്ങൾ വെച്ച് ഓരോരുത്തരെയും വിളിച്ചു വിവരം ആരാഞ്ഞു. പ്രൈമറി, സെക്കൻഡറി സമ്പർക്ക പട്ടിക തയാറാക്കി. വൈകാതെ ജെ.പി.എച്ച്.എൻ രജിഷ, ആശ വർക്കർ നുസ്രത്ത്, ജെ.എച്ച്.ഐ ബാബു എന്നിവർ എത്തി. ടെൻഷൻ കുറച്ച് കുറഞ്ഞു. രോഗം കൃത്യമായി അറിയാത്ത ചിലർ അങ്ങാടിയിലുണ്ട്. വൈകാതെ ഡോ. സുനിൽകുമാർ, ഡി.എസ്.ഒ ഡോ. പിയൂഷ് നമ്പൂതിരി എന്നിവർ എത്തി. അവർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. ജില്ല ഓഫിസർ ഡോ. സരളക്ക് ലൊക്കേഷൻ മാപ്പ് ചെറിയ രൂപത്തിൽ നൽകി. കുട്ടിയുടെ റൂട്ട് മാപ്പും നൽകി. വാർഡ് മെമ്പർ വത്സല, പഞ്ചായത്ത് പ്രസിഡൻറ് ഗഫൂർക്ക, മാവൂർ പൊലീസ് എന്നിവരിൽ നിന്ന് നല്ല പിന്തുണ കിട്ടി. അപ്പോഴേക്കും മന്ത്രിയുടെ വാർത്തസമ്മേളനത്തിലൂടെ നിപ ലോകമറിഞ്ഞു കഴിഞ്ഞു. മന്ത്രി കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തത് വലിയ നീറ്റലുണ്ടാക്കി. ഞങ്ങൾ എല്ലാവരും അക്കാര്യത്തിൽ നിസ്സഹായരായിരുന്നു. വളരെ ദുഃഖത്തോടെ മൊബൈലിൽ കൂടി കുട്ടിയുടെ മരണാനന്തര ചടങ്ങ് കണ്ടു. വൈകീട്ട് നാലുമണിയോടെ കേന്ദ്ര സംഘം എത്തി. മാധ്യമ പ്രവർത്തകരുടെ വൻപട. കോവിഡ് ബാധിച്ച കുട്ടിയുടെ പിതാവിെൻറ സഹോദരനെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേന്ദ്ര സംഘം നിർദേശിച്ചു. തുടർന്ന് കേന്ദ്ര സംഘത്തിന് കൂടെ ചെറുവാടി ഉമ്മിണിയിൽ വീട് സന്ദർശിച്ചു. അവിടെ ആയിരുന്നു കുട്ടിയുടെ പിതാവും മാതാവും മറ്റു കുടുംബക്കാരും ക്വാറൻറീനിൽ നിന്നത്. ശേഷം എെൻറ നാടായ വലിയപറമ്പിലെ, ഡോ. മുഹമ്മദിെൻറ ക്ലിനിക്കിലേക്ക് കേന്ദ്ര സംഘത്തെയും കൊണ്ട് പോയി. കുട്ടി പനി ബാധിച്ചു ആഗസ്റ്റ് 29ന് അവിടെ വന്നിരുന്നു. തുടർന്ന് മുക്കം ഇ.എം.എസ് ഹോസ്പിറ്റലിൽ പോയി. 31ന് രാവിലെ 10ന് കുട്ടി ഇവിടെ വന്നിരുന്നു. തുടർന്ന് കേന്ദ്ര സംഘം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലേക്ക് പോയപ്പോഴും സംഘത്തെ അനുഗമിച്ചു. സമ്പർക്ക ലിസ്റ്റ്, പുതിയ വിവരങ്ങൾ ശേഖരിച്ചു ഒന്നുകൂടി വിപുലീകരിച്ചു. തുടർന്നുള്ള എല്ലാ ദിവസവും രാപ്പകൽ വ്യത്യാസമില്ലാത്ത ജോലികൾ. പലയിടത്തുനിന്നും വിളികൾ.
നിപയാണ്. നാടാകെ അടച്ചുപൂട്ടി ജനം വീട്ടിൽ കഴിയുകയാണ്. ഹെൽത്ത് വർക്കറാണ് എന്നു വെച്ച് രോഗം വരാതിരിക്കില്ല. ഉത്തരവാദിത്തം ഏറ്റവും കൂടുതൽ വേണ്ട സമയം. സമ്പർക്കപ്പട്ടിക വിപുലപ്പെടുത്തണം. നാടാകെ സർവേ നടത്തി 2758 ആളുകളുടെ വിവരം ശേഖരിച്ചു. 11 പനി കേസ് കണ്ടെത്തി. മറ്റു വാർഡുകളിലും യുദ്ധ കാലാടിസ്ഥാനത്തിൽ സർവേ. ആകെ 12,222 വീടുകളിലെത്തി. 50,032 ജനങ്ങളുടെ പനി വിവരങ്ങൾ ശേഖരിച്ചു. ആകെ 75 പനി കേസ് കണ്ടെത്തി. ഇങ്ങനെ നീളുന്നു ജോലികൾ. അതൊന്നും പ്രശ്നമില്ല. ശ്മശാന മൂകമായ നാട്... അത് പേടിപ്പെടുത്തുന്നു. ഏറക്കുറെ ജോലികൾ തീർത്തു. ഒരുവിധം നിയന്ത്രണത്തിലായി എന്നുതോന്നി.
ആരോഗ്യ മന്ത്രി വീണ ജോർജ് ചൂലൂർ പി.എച്ച്.സി മെഡിക്കൽ ഓഫിസറെ നേരിട്ട് വിളിച്ചു, പഞ്ചായത്തിൽ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. മെഡിക്കൽ ഓഫിസർ അപ്പോൾ തന്നെ എന്നെ വിളിച്ചു വിവരം പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. പേരാമ്പ്ര ചങ്ങാരോത്തു നിപ റിപ്പോർട്ട് ചെയ്തപ്പോൾ എച്ച്.ഐ ആയിരുന്ന രാജൻ സർ നിരന്തരം വിളിച്ചു പിന്തുണ നൽകി. ഒരുപാട് പേരുകൾ പറയാനുണ്ട്. നാട് ഒറ്റക്കെട്ടായി നിന്ന കഥകൾ എല്ലാം മാതൃകാപരമാണ്.
(ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുറഷീദ് എള്ളങ്ങൽ)
ഹാഷിമിന്‍റെ ബാപ്പയെ കണ്ടു
ഒക്ടോബർ ഒമ്പതിന് പാഴൂരിൽ അനുമോദനം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ ഹാഷിമിെൻറ ബാപ്പയെ കണ്ടു. മകന് എങ്ങനെ രോഗം വന്നുവെന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഒരിക്കലും ഇത്ര വലിയ രോഗം വരാൻ സാധ്യതയില്ല. അത്രയ്ക്കും കരുതിയാണ് അവെൻറ ഉമ്മ വളർത്തിയത്. മകൻ നഷ്ടപ്പെട്ട പിതാവിനോട് എന്ത് പറയാൻ.
(തയാറാക്കിയത് എം.സി. നിഹ്മത്ത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.