തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാനൊരുങ്ങി സി.പി.എം. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഫലം പ്രാഥമികമായി വിലയിരുത്തും. തുടർന്ന് നാലോ, അഞ്ചോ ദിവസം നീളുന്ന സംസ്ഥാനസമിതി ചേർന്ന് ചർച്ച നടത്താനാണ് തീരുമാനം.
2019ലെ യു.ഡി.എഫ് തരംഗം ഏറെക്കുറെ അതേപടി ആവർത്തിച്ചതിന് പുറമെ, എൻ.ഡി.എ അക്കൗണ്ടും തുറന്നു. സി.പി.എമ്മിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണിത്. വോട്ടെണ്ണൽ ദിനത്തിൽ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച പ്രതികരണം ഫേസ്ബുക്ക് കുറിപ്പിൽ ഒതുക്കി.
ആഴത്തിൽ പഠിക്കുമെന്നും തിരുത്തുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും അതുതന്നെയാണ് പറഞ്ഞത്. അപ്പോഴും തങ്ങളുടെ വോട്ടുവിഹിതത്തിൽ കാര്യമായ കുറവില്ലെന്ന വാദമാണ് സി.പി.എം മുന്നോട്ടുവെക്കുന്നത്.
വമ്പൻ വിജയം നേടിയ യു.ഡി.എഫിന്റെ വോട്ടുവിഹിതം കാര്യമായി കുറഞ്ഞതാണ് ബി.ജെ.പിയുടെ വളർച്ചക്ക് പിന്നിലെന്ന വാദത്തിലൂടെ ബി.ജെ.പി വളർച്ചയുടെ പഴി കോൺഗ്രസിനുമേൽ ചാരാനാണ് സി.പി.എം കരുനീക്കുന്നത്. അതേസമയം, തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരായ പ്രതികരണങ്ങളും അണികളുടെ സാമൂഹിക മാധ്യമ കൂട്ടായ്മകളിൽ വന്നുതുടങ്ങി.
എന്നാൽ, പാർട്ടിക്കുള്ളിൽ നേതാക്കൾ ആരും വിമർശനം ഉയർത്തുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെ തുടർച്ചയായി ഉയർന്നുവരുന്ന സാമ്പത്തിക ആരോപണങ്ങൾ തിരിച്ചടിയായെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിക്ക് പരിചയായി നിൽക്കുന്ന പാർട്ടി സെക്രട്ടറിയുടെ നിലപാടിനും വിമർശനമുണ്ട്. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്റുമായുള്ള വിവാദ കൂടിക്കാഴ്ച ഉൾപ്പെടെ പ്രശ്നങ്ങൾ സൃഷ്ടിച്ച ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെതിരെ കടുത്ത എതിർപ്പാണുള്ളത്.
വോട്ടെടുപ്പ് ദിനം ഇ.പി. ജയരാജനുണ്ടാക്കിയ വിവാദം വലിയ ക്ഷീണമായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയും ആക്ഷേപങ്ങളുണ്ട്. കെ.കെ. ശൈലജയെ വടകരയിൽ നിർത്തി തോൽപിച്ചുവെന്നാണ് ചിലരുടെ വാദം. തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ ഇറക്കുമതി ചെയ്തതിനെതിരെയും പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.