ഓണച്ചെലവുകൾ ഭാരിച്ചത്, കടമെടുപ്പ് മതിയാകില്ല

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഓണക്കാലത്ത് സർക്കാറിനെ കാത്തിരിക്കുന്നത് ഭാരിച്ച ചെലവുകൾ. കഴിഞ്ഞ ഓണക്കാലത്ത് 14,000 കോടിയായിരുന്നു ചെലവ്. ഇക്കുറിയും അത്രത്തോളം വരുമെന്നാണ് കരുതുന്നത്. കേന്ദ്രാനുമതി പ്രകാരം ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാൻ ശേഷിക്കുന്നത് 3700 കോടിയാണ്. ഈ തുകയും തനത് നികുതി വരുമാനവും രജിസ്ട്രേഷൻ ഫീസും ജി.എസ്.ടി വിഹിതവുമെല്ലാം ചേർത്ത് ഓണച്ചെലവുകൾക്ക് വക കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ധനവകുപ്പ്.

മാസം മധ്യത്തിലാണ് ഓണമെന്നതിനാൽ ശമ്പള അഡ്വാൻസ് വേണ്ടി വരില്ല. മാസം 15 ന് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം മുൻകൂറായി നൽകുന്നതായിരുന്നു രീതി. 20,000 രൂപ വീതം ഓണം അഡ്വാൻസായി നൽകുന്ന തുക തുടർശമ്പളത്തിൽനിന്ന് ഗഡുക്കളായി തിരിച്ചുപിടിക്കുമെങ്കിലും മുൻകൂറായി ഇത്രയധികം തുക കണ്ടെത്തണമെന്നതായിരുന്നു വെല്ലുവിളി.

ഒരു മാസത്തെ ക്ഷേമപെൻഷനുവേണ്ടത് 900 കോടിയാണ്. ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും നൽകണം. സർവിസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ വീതം നൽകുന്ന പതിവുണ്ട്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത നൽകണം. ഫലത്തിൽ 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം ലഭ്യമാക്കേണ്ടത്.

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 5.87 ലക്ഷം പേർക്കാണ് കിറ്റ് നൽകുക. 35 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. വിപണി ഇടപെടലും വിലക്കയറ്റം നിയന്ത്രിച്ച് സാധാരണക്കാർക്ക് ആശ്വാസമേകലാണ് മറ്റൊരു പ്രധാന ചുമതല. ഇതിനകം സപ്ലൈകോക്ക് 225 കോടി അനുവദിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകൾ അടുത്ത മാസം ആദ്യവാരം ആരംഭിക്കണം.

10,000 കോടി രൂപയുടെ അനൗദ്യോഗിക വായ്പക്കായി ധനവകുപ്പ് കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതിന് സാധ്യത കുറവായതിനാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും സഹകരണ ബാങ്കുകളിൽനിന്നുമുള്ള ധനസമാഹരണത്തിനും ആലോചനയുണ്ട്. 

Tags:    
News Summary - Heavy expenditure awaits the Kerala government during Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.