കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാവിലെ ഏഴ് മണിക്ക് പുറത്തുവിട്ട മുന്നറിയിപ്പിൽ പറഞ്ഞു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.
കനത്ത മഴയെ തുടർന്ന് തൃശൂർ, കാസർകോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കൻ കേരളത്തിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്.
ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യൂനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞിരിക്കുകയാണ്. നാളെയോടെ വടക്കൻ കേരളം - കർണാടകക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിൽ ഉരുൾപൊട്ടി കാണാതായ ഏഴുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. തിങ്കളാഴ്ച രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ രാത്രി ഏഴു മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിത്തുടങ്ങിയത്. ഫിൻജാൽ ചുഴലിക്കാറ്റ് ദുർബലമായെങ്കിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുന്നു. തമിഴ്നാട്ടിൽ 16 പേരും പുതുച്ചേരിയിൽ നാലുപേരുമാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് തിരുവണ്ണാമലൈ അരുണാചലശ്വേരർ ക്ഷേത്രത്തിന് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. പാറക്കഷണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. മലയടിവാരത്തിലെ വി.ഒ.സി നഗറിലെ രാജ്കുമാർ (32), ഭാര്യ മീന (26), ഗൗതം (ഒമ്പത്), ഇനിയ (ഏഴ്), ബന്ധുക്കളും അയൽവാസികളുമായ മഹാ (12), വിനോദിനി (14), രമ്യ (12) എന്നിവരാണ് മരിച്ചത്. ഇവർ എല്ലാവരും രാജ്കുമാറിന്റെ വീട്ടിലാണുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ദേശീയ ദുരന്ത നിവാരണ സംഘവും ഫയർഫോഴ്സും പൊലീസും ഉൾപ്പെടെ നൂറോളം പേരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി ജില്ലകളിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ദുരിതാശ്വാസമെത്തിക്കണമെന്നാവശ്യപ്പെട്ട് വിഴുപ്പുറം, കടലൂർ ജില്ലകളിൽ ജനങ്ങൾ പ്രതിഷേധിച്ചു. തമിഴ്നാട്ടിൽ തിങ്കളാഴ്ച ഒമ്പത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
വിഴുപ്പുറത്ത് വിക്കിരവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയിൽ പാളങ്ങൾ വെള്ളത്തിനടിയിലായതിനാൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇതുമൂലം ചെന്നൈ - നാഗർകോവിൽ വന്ദേഭാരതും ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസും അടക്കം 10 ട്രെയിനുകൾ റദ്ദാക്കി. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പത്ത് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈ-തിരുച്ചി ദേശീയപാതയിൽ വിഴുപ്പുറത്ത് വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ റോഡ് ഗതാഗതം സ്തംഭിച്ചു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിഴുപ്പുറം, കള്ളക്കുറിച്ചി ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന വിനോദസഞ്ചാരികളുടെ 11 വാഹനങ്ങൾ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
പുതുച്ചേരിയിലെ എല്ലാ റേഷൻ കാർഡുടമകൾക്കും 5,000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി എൻ.രംഗസാമി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ സേലം ഏർക്കാട് മലമ്പാതയിലും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കനത്തമഴയെ തുടർന്ന് മേട്ടുപ്പാളയം - ഊട്ടി ട്രെയിൻ സർവിസ് തിങ്കൾ മുതൽ മൂന്നു ദിവസത്തേക്ക് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.