കൊച്ചി: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് 32 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈകോടതിയിൽ. ഇതിൽ 11 എണ്ണവും ഒരു അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
പ്രാഥമികാന്വേഷണം നടത്തിയ 14 കേസുകളിൽ ആറ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോഴാണ് എണ്ണം 32 ആയത്. കേസ് അന്വേഷിക്കുന്നത് പ്രത്യേക സംഘമായതിനാൽ നാല് കേസുകളിൽ കൂടി എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക അനുമതി തേടിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. എ.ഐ.ജി. ജി. പൂങ്കുഴലിയും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ സംഘടനയിൽനിന്ന് പുറത്താക്കുമെന്ന് കാണിച്ച് മേക്കപ്പ് കലാകാരൻമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിഷയത്തിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. സംഘടനയുടെ ചില ഭാരവാഹികളെ അവഹേളിക്കുന്നു എന്നതടക്കമുള്ള കാരണങ്ങൾ ആരോപിക്കുന്ന നോട്ടീസ് അഭിഭാഷകർ ഹാജരാക്കി. പരാതി പ്രത്യേക അന്വേഷണ സംഘത്തിലെ നോഡൽ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ എല്ലാവരേയും പ്രത്യേക അന്വേഷണ സംഘം സമീപിച്ചിട്ടില്ലെന്ന് ഹരജിക്കാരായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്യു.സി.സി) കോടതിയെ അറിയിച്ചു. എല്ലാവരുടെയും മൊഴിയെടുക്കുമെന്ന് സർക്കാർ വിശദീകരിച്ചു. ഹരജികൾ ഡിസംബർ 19ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.