കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ഉടൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈകോടതി. സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവരെ ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച പരാതികൾ പരിഗണിക്കാനാണ് നോഡൽ ഓഫിസറെ നിയമിക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. നോഡൽ ഓഫിസറുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും അറിയിക്കണം. നോഡൽ ഓഫിസറുടെ നിയമനം, പുതിയ പരാതികളിൽ സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച് എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും ഡിസംബർ 11ന് പരിഗണിക്കാൻ മാറ്റി. നോഡൽ ഓഫിസർക്ക് ലഭിച്ച പരാതികളെക്കുറിച്ചും അറിയിക്കണം.
ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ പലരെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇക്കാര്യം ആരെയാണ് അറിയിക്കേണ്ടതെന്ന് വ്യക്തതയില്ലെന്നും ഹരജി പരിഗണക്കവേ വിമൺ ഫോർ സിനിമ കലക്ടിവിന്റെ (ഡബ്ല്യു.സി.സി) അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിച്ചാണ് നോഡൽ ഓഫിസറെ നിയമിക്കാൻ നിർദേശിച്ചത്. പരാതി നൽകിയതിന്റെ പേരിൽ സംഘടനയിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിയുണ്ടെന്ന് ചമയകലാകാരികൾ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് കാരണം കാണിക്കൽ നോട്ടീസ് ഹാജരാക്കാൻ കോടതി നിർദേശിച്ചെങ്കിലും ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ ഇത് ബെഞ്ചിൽ എത്തിയിരുന്നില്ല. ബുധനാഴ്ച രാവിലെയാണ് ഇത് ഫയൽ ചെയ്തതെന്ന് ചമയകലാകാരികളുടെ അഭിഭാഷക വിശദീകരിച്ചു. തുടർന്ന് വിഷയം പിന്നീട് പരിഗണിക്കാൻ മാറ്റി. കോടതിയിൽ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കൈമാറുകയും ഇതുവരെയുള്ള പുരോഗതി വിശദീകരിക്കുകയും ചെയ്തു.
സിനിമാമേഖലക്കുവേണ്ടി തയാറാക്കുന്ന പ്രത്യേക നിയമത്തിന്റെ കരടിന് ജനുവരിയിൽ നടക്കുന്ന സിനിമ കോൺക്ലേവോടെ അന്തിമ രൂപമാകുമെന്ന് സർക്കാർ അറിയിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരെയും പങ്കെടുപ്പിച്ചുള്ള കോൺക്ലേവിൽ രൂപം നൽകുന്ന കരട് സർക്കാറിന് സമർപ്പിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.