തിരുവനന്തപുരം: നടിമാരുടെ വെളിപ്പെടുത്തലുകളിൽ പ്രതിക്കൂട്ടിലായ നടനും എം.എൽ.എയുമായ മുകേഷിനെ തൽക്കാലം പാർട്ടി കൈവിടില്ല. എം.എൽ.എ സ്ഥാനത്തുനിന്ന് രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്. ഇടതുമുന്നണിയിൽ സി.പി.ഐയും മുകേഷിന്റെ രാജി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഈ ഘട്ടത്തിൽ രാജി വേണ്ടെന്നും വിവാദത്തിന്റെ തുടർന്നുള്ള പോക്ക് വിലയിരുത്തി പിന്നീട് തീരുമാനിക്കാമെന്നുമാണ് പാർട്ടി നേതൃത്വത്തിലെ ധാരണ. അതേസമയം, സിനിമ നയരൂപവത്കരണ സമിതി അംഗത്വം മുകേഷിന് നഷ്ടമാകും. സമിതിയിൽനിന്ന് മുകേഷ് സ്വയം ഒഴിയും. ഇതുസംബന്ധിച്ച സന്ദേശം മുകേഷിന് പാർട്ടിയിൽനിന്ന് ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ ആരോപണം പുറത്തുവന്നപ്പോഴും സർക്കാറിന്റെ ആദ്യനിലപാട് രഞ്ജിത്തിനെ സംരക്ഷിക്കുന്നതായിരുന്നു. ശക്തമായ പ്രതിഷേധമുയർന്നപ്പോൾ രഞ്ജിത്തിനെ കൈവിട്ട് സർക്കാർ തടിയൂരി. രഞ്ജിത്തിന്റെ രാജി സർക്കാറിന് നൽകിയ ആശ്വാസം മറ്റൊരുതരത്തിൽ സമ്മർദമായി സർക്കാറിന് മുന്നിലെത്തുകയാണ്. രഞ്ജിത്തിന്റെ രാജി ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാർ മുകേഷിന്റെ രാജി ആവശ്യപ്പെടുന്നത്. രഞ്ജിത്തിനെപോലെ മുകേഷിനെ കൈവിടാൻ പാർട്ടിക്കാവില്ല. എം.എൽ.എ സ്ഥാനമൊഴിഞ്ഞാലുള്ള ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ വെല്ലുവിളികളുണ്ടെന്നതും മുകേഷിനെ പിന്തുണക്കാനുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേസമയം, രാജിവെപ്പിക്കുന്നില്ലെങ്കിലും മുകേഷിനെ പരസ്യമായി പിന്തുണച്ച് പാർട്ടി നേതൃത്വം രംഗത്തുവരില്ല.
മുകേഷിനെതിരെ അന്വേഷണം നടക്കട്ടെ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കട്ടെയെന്ന് വിശദീകരിക്കാൻ പാർട്ടി താഴേത്തട്ടിലേക്ക് നിർദേശം നൽകിയിട്ടുണ്ട്. മുകേഷിന്റെ രാജി ആവശ്യത്തിൽ പ്രതിപക്ഷം വലിയ പ്രക്ഷോഭത്തിനിറങ്ങില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു. പ്രതിപക്ഷ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, എം. വിൻസെന്റ് എന്നിവർക്കെതിരെ സമാനമായ പീഡന പരാതികൾ നിലവിലുണ്ട്. ഇരുവരും രാജിവെച്ചിട്ടില്ല. സോളാർ കേസുമായി ബന്ധപ്പെട്ടും കോൺഗ്രസ് നേതാക്കൾക്കെതിരെ പീഡന പരാതികൾ വന്നിട്ടുണ്ട്. ഇവയെല്ലാം മുൻനിർത്തി മുകേഷിനെ പ്രതിരോധിക്കുമ്പോൾ പ്രതിപക്ഷം അടങ്ങുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
തിരുവനന്തപുരം: തനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച നടി മിനു മുനീറിനെതിരെ മുകേഷ് എം.എൽ.എ. മിനു മുനീറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും തന്നെ ഇവർ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നെന്നും മുകേഷ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
2009ൽ മിനു കുര്യൻ എന്ന് പരിചയപ്പെടുത്തിയ സ്ത്രീ ഫോണിൽ ബന്ധപ്പെട്ടിരുന്നു. വീട്ടിൽ വന്ന ഇവർ അവസരങ്ങൾക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ശ്രമിക്കാം എന്ന് താൻ മറുപടി നൽകി. 2022ൽ ആണ് പിന്നീട് ബന്ധപ്പെടുന്നത്. മിനു മുനീര്‍ എന്ന പേരിലാണ് അന്ന് പരിചയപ്പെടുത്തിയത്. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്. വലിയ തുകയായതിനാൽ ഞാൻ നിസ്സഹായാവസ്ഥ അറിയിച്ചപ്പോൾ ഒരു ലക്ഷം എങ്കിലും മതിയെന്ന് പറഞ്ഞു. പണം നൽകാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തി. മിനുവിന്റെ ഭർത്താവ് എന്നവകാശപ്പെട്ടയാളാണ് ഫോണിൽ വിളിച്ച് വൻ തുക ആവശ്യപ്പെട്ടത്. ബ്ലാക്ക് മെയിൽ ചെയ്തെന്നതിന് തെളിവുണ്ടെന്നും മുകേഷ് പറഞ്ഞു. ബ്ലാക്ക് മെയിലിങ്ങിന് കീഴടങ്ങില്ല. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരണം. രാഷ്ട്രീയമായി വേട്ടയാടുന്നവരോട് പരാതിയില്ല. 2018ൽ നടന്ന അതേ രാഷ്ട്രീയനാടകം ആവർത്തിക്കുകയാണെന്നും മുകേഷ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.