കൊച്ചി: ബലാത്സംഗത്തിനിരയായ 16 കാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടുന്ന ഹരജി ഹൈകോടതി തള്ളി. ഈ ഘട്ടത്തിൽ ഗർഭഛിദ്രം നടത്തുന്നത് പെൺകുട്ടിയുടെ ജീവന് അപകടമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. അതേസമയം, കുഞ്ഞിനെ ദത്തു നൽകാൻ പെൺകുട്ടിയും മാതാപിതാക്കളും തയാറാണെങ്കിൽ പ്രസവശേഷം സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതിന് കാമുകനെതിരെ കേസുണ്ട്. ഗർഭം ധരിച്ച വിവരം വൈകിയാണ് പെൺകുട്ടിക്ക് മനസിലായത്. മാനസികവും ശാരീരികവുമായി തളർന്ന പെൺകുട്ടി ഗർഭഛിദ്രത്തിനായി മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ആശുപത്രികളെ സമീപിച്ചെങ്കിലും കോടതിയുടെ അനുമതി തേടണമെന്നായിരുന്നു അവർ അറിയിച്ചത്. തുടർന്നാണ് രക്ഷിതാവ് ഹൈകോടതിയെ സമീപിച്ചത്.
കോടതി നിർദേശ പ്രകാരം തൃശൂർ മെഡിക്കൽ കോളജ് അധികൃതരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച മെഡിക്കൽ ബോർഡാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടും നിയമത്തിലെ മാനദണ്ഡങ്ങളും ആരോഗ്യാവസ്ഥയിലുള്ള ഭ്രൂണമാണെന്നതും വിലയിരുത്തിയ കോടതി ഹരജിയിലെ ആവശ്യം തള്ളുകയായിരുന്നു. ഭ്രൂണത്തിന് തകരാറുണ്ടെങ്കിലല്ലാതെ 24 ആഴ്ചക്ക് ശേഷമുള്ള ഗർഭഛിദ്രം ആശാസ്യമല്ലെന്നാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.