കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയായ 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി നൽകി. 19 വയസ്സുള്ള കാമുകനാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബലാൽക്കാരത്തിനിരയായി ഗർഭിണിയായ സംഭവത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്ന് ഉത്തരവിൽ ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിരീക്ഷിച്ചു.
വിവാഹേതര ബന്ധത്തിലോ ലൈംഗികാതിക്രമത്തിനോ ഇരയായി ഗർഭിണിയായതാണെങ്കിൽ ഇര അനുഭവിക്കുന്നത് വലിയ ദുരിതമായിരിക്കും. ബലാൽക്കാരത്തിനിരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
16കാരനെതിരെ കണ്ണൂർ ജില്ലയിൽ പോക്സോ അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്. മകളുടെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി അമ്മയാണ് ഹൈകോടതിയെ സമീപിച്ചത്. 24 ആഴ്ചവരെയായ ഗർഭം അലസിപ്പിക്കാനേ നിയമം അനുമതി നൽകുന്നുള്ളൂ. നേരത്തേ 20 ആഴ്ചവരെയായ ഗർഭം അലസിപ്പിക്കാനേ അനുമതിയുണ്ടായിരുന്നുള്ളൂ. 2021ൽ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് പ്രത്യേക സാഹചര്യത്തിൽ 24 ആഴ്ചവരെയായ ഗർഭം അലസിപ്പിക്കാൻ അനുവാദം നൽകുന്നത്.
ഹരജിക്കാരിയുടെ മകളെ മെഡിക്കൽ ബോർഡ് പരിശോധിച്ചതിൽ 27 ആഴ്ച പിന്നിട്ടതായി കണ്ടെത്തിയിരുന്നു. ഗർഭം തുടരുന്നത് കുട്ടിയുടെ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചൈൽഡ് കെയർ ഹോമിൽ താമസിക്കുന്ന കുട്ടിയുടെ ദുർബല ജീവിതസാഹചര്യംകൂടി പരിഗണിച്ചാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.