‘ദിലീപിന് ഹരിവരാസനം തീരുംവരെ തൊഴാൻ സൗകര്യം ഒരുക്കി; മണിക്കൂറുകൾ ക്യൂ നിന്ന​ കുട്ടികൾക്ക് ദർശനം സാധിച്ചില്ല’; ഇവയാണ് ഹൈകോടതി നിരീക്ഷണം

കൊച്ചി: നടൻ ദിലീപ് അടക്കം ചിലർക്ക് ശബരിമല ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതിൽ രൂക്ഷ വിമർശനവുമായി ഹൈകോടതി. വ്യാഴാഴ്ച രാത്രി നട അടക്കാൻ ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപ് അടക്കമുള്ളവർക്ക് ശ്രീകോവിലിന് മുൻനിരയിൽനിന്ന് തൊഴാൻ സൗകര്യം ഒരുക്കി നൽകിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇതുമൂലം മണിക്കൂറുകൾ ക്യൂ നിന്ന്​ എത്തിയ കുട്ടികൾ അടക്കമുള്ളവർക്ക് ദർശനം നടത്താൻ കഴിഞ്ഞില്ലെന്നും ഇവർ ആരോടാണ്​ പരാതിപ്പെടേണ്ടതെന്നും കോടതി ചോദിച്ചു. ക്യൂ നിന്നവർ കാണിക്കയിട്ടത് മുൻനിരയിൽ നിന്ന ദിലീപ് അടക്കമുള്ളവരുടെ മുകളിലൂടെയാണ്.

ദിലീപിനോടൊപ്പം ആലപ്പുഴ ജില്ല ജഡ്ജി കെ.കെ. രാധാകൃഷ്ണൻ, നോർക്ക ചുമതല വഹിക്കുന്ന കെ.പി. അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു എന്നാണ് എക്സിക്യൂട്ടിവ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്​. ദിലീപിനെയും കേസിൽ കക്ഷിയാക്കുന്നത് പരിഗണിക്കും.

പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവർ ദർശനത്തിന് എത്തിയതെന്ന് കോടതി ചോദിച്ചു​. മണിക്കൂറുകൾ ക്യൂ നിന്ന് വരുന്ന ഭക്തരുടെ മുന്നിലാണ് വി.ഐ.പി ദർശനം നടന്നത്​. പ്രത്യേക ആനുകൂല്യം ആർക്കും നൽകരുതെന്നും ഇത്തരം നടപടികൾ കോടതിയലക്ഷ്യമാണെന്നും ജസ്​റ്റിസ്​ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.

ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിനെത്തുടർന്ന് വിഷയം സ്വമേധയാ പരിഗണിച്ചാണ്​ കോടതിയുടെ ഇടപെടൽ. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളടക്കം ഹാജരാക്കാനും വിശദമായ റിപ്പോർട്ട്​ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

അനുവദനീയ സമയം കഴിഞ്ഞും ശബരിമലയിൽ തങ്ങാൻ അനുവദിക്കരുതെന്ന കഴിഞ്ഞ ദിവസത്തെ നിർദേശത്തോ​ടൊപ്പം പരാമർശിച്ച പാലക്കാട് സ്വദേശി സുനിൽകുമാർ (സുനിൽ സ്വാമി) ഇപ്പോഴും ശബരിമലയിലുണ്ടോ എന്ന്​ കോടതി ചോദിച്ചു. നട തുറക്കുന്ന ദിവസങ്ങളിലെല്ലാം സുനിൽകുമാർ ശബരിമലയിൽ തങ്ങുന്നത് അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Tags:    
News Summary - High Court criticises dileep Sabarimala Darshanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.