കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിലേക്കുള്ള നിയമനം ഒരാഴ്ചത്തേക്ക് തടഞ്ഞ് ഹൈകോടതി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ച് തടഞ്ഞത്.
കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഒന്നാം പേരുകാരനായ ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്ക് രണ്ടാമനായ കെ.എസ്. അനുരാഗിനാണ് നിയമനം നൽകേണ്ടിയിരുന്നത്. ഹരജി വീണ്ടും 29ന് പരിഗണിക്കും.
ക്ഷേത്രത്തിലെ കഴകക്കാരെ നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ഏകപക്ഷീയ അധികാരമില്ലെന്ന് തന്ത്രി കുടുംബം വാദിച്ചു. വാർഷികോത്സവം നടക്കാനിരിക്കുന്നതിനാൽ കഴകം തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ഉചിതമല്ലെന്ന് കൂടൽ മാണിക്യം ദേവസ്വം ചൂണ്ടിക്കാട്ടി. എന്നാൽ, ഹരജികളിൽ വിശദമായ വാദം നടക്കാനിരിക്കേ പുതിയ നിയമനം നടത്തുന്നത് അനുചിതമാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് നിയമനം താൽക്കാലികമായി തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.