കൊച്ചി: വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസിെൻറ അനുമതി വേണ്ടതില്ലെന്ന് ഹൈകോടതി. വീടും പരിസരവും പൊതുസ്ഥലമല്ലെന്നും വീട്ടു ചടങ്ങിൽ മദ്യം വിളമ്പുന്നത് വിൽപനയുടെ ഭാഗമായല്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ചടങ്ങിെൻറ മറവിൽ വിൽപന അനുവദനീയമല്ലെന്നും അങ്ങനെയുണ്ടായാൽ നിയമപരമായി നടപടിയെടുക്കാൻ സർക്കാറിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. വീട്ടിൽ നടത്തുന്ന ചടങ്ങിനോടനുബന്ധിച്ച് മദ്യം വിളമ്പാൻ എഫ്.എൽ - 6 ലൈസൻസ് എടുക്കണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും എക്സൈസ്, പൊലീസ് അധികൃതർ മുന്നറിയിപ്പ് നൽകിയതിനെതിരെ കോട്ടയം പേരൂർ സ്വദേശി അലക്സ്. സി. ചാക്കോയാണ് കോടതിയെ സമീപിച്ചത്.
ജൂൺ 25ന് പേരക്കുട്ടിയുടെ മാമോദിസാ ചടങ്ങിനോടനുബന്ധിച്ച് വീട്ടിൽ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് 50,000 രൂപ കെട്ടിെവച്ച് ലൈസൻസ് എടുക്കണമെന്നാണ് എക്സൈസ് നിർദേശിച്ചത്. 2015ൽ രണ്ട് ചടങ്ങുകൾക്ക് വിദേശമദ്യ നിയമത്തിലെ 13(6) നിയമ പ്രകാരം 50,000 രൂപ ഫീസടച്ച് എഫ്.എൽ 6 ലൈസൻസ് സംഘടിപ്പിച്ച് വിരുന്ന് നടത്തിയിരുന്നു. വീട് പൊതുസ്ഥലമല്ലെന്നും മദ്യം വിളമ്പുന്നത് വിൽപനയുടെ ഭാഗമായല്ലെന്നും അനുവദനീയ അളവിലധികം മദ്യം വീട്ടിലെ പ്രായപൂർത്തിയായ വ്യക്തികൾ സൂക്ഷിക്കുന്നില്ലെന്നും അതിനാൽ എക്ൈസസിെൻറ അനുമതി വേണ്ടതില്ലെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം.
പ്രത്യേക ലൈസൻസില്ലാതെ വീട്ടിൽ മദ്യം സൂക്ഷിക്കാനോ വിളമ്പാനോ കഴിയില്ലെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളുമായ പൊതുജനങ്ങൾ എത്തുന്ന ചടങ്ങ് പൊതുചടങ്ങാണ്. പന്തൽ പൊതുസ്ഥലവുമാണ്. അതിഥികൾക്ക് മദ്യം വിളമ്പുന്നത് പാരിതോഷികം എന്ന നിലയിലാണെന്നും പാരിതോഷികമായി മദ്യം നൽകുന്നത് വിൽപനയുടെ ഭാഗമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ, അബ്കാരി നിയമം 15ാം വകുപ്പിൽ പറയുന്ന നിരോധനമുള്ള പൊതുസ്ഥലങ്ങളിൽ വീടോ താമസ സ്ഥലമോ ഉൾപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. മദ്യം വിളമ്പാൻ അനുമതി നൽകിയാൽ വീടുകൾ ബാറായി മാറുമെന്നത് സർക്കാറിെൻറ ആശങ്ക മാത്രമാണ്. സർക്കാറിെൻറ ജാഗ്രത പ്രശംസനീയമാണെങ്കിലും ഇതിെൻറ പേരിൽ സ്വകാര്യഭവനങ്ങളിലേക്ക് കടന്നുകയറ്റം പാടില്ല.നൂറു രൂപയുടെ വൈൻ വിളമ്പാൻ 50,000 രൂപയുടെ ഫീസ് അടച്ച് ലൈസൻസ് എടുക്കണമെന്ന നിബന്ധന യുക്തിസഹമല്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.