High Court

കൊച്ചി: തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി മറുചേരിയിൽ ചേരുന്നത് തെരഞ്ഞെടുത്തവരുമായുള്ള തന്‍റെ ഉടമ്പടിയിൽനിന്നുള്ള പിന്മാറ്റവും ജനഹിതത്തെ അവഹേളിക്കലുമാണെന്ന് ഹൈകോടതി. ജനത്തോടുള്ള കടപ്പാടിൽനിന്ന് മാറിപ്പോകണമെന്നുണ്ടെങ്കിൽ സ്ഥാനം രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ധാർമികമായ രീതി.

അതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യം. എന്നാൽ, അങ്ങനെ കൂറുമാറുന്ന പ്രതിനിധിയെ കായികമായി നേരിടുകയല്ല, ബാലറ്റ് പേപ്പറിലൂടെ ശക്തി കാട്ടിക്കൊടുക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിന്‍റെ തുടർച്ചയായി പ്രതിചേർക്കപ്പെട്ട യു.ഡി.എഫ് കൗൺസിലർമാരും നേതാക്കളുമടക്കം അഞ്ചുപേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.

കൂത്താട്ടുകുളം നഗരസഭയിൽ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് തന്നെ മർദിച്ചതായി നഗരസഭ ചെയർപേഴ്സൻ വിജയ ശിവൻ നൽകിയ പരാതിയിൽ പ്രതിചേർക്കപ്പെട്ട മൂന്നാംപ്രതിയും പ്രതിപക്ഷ നേതാവുമായ പ്രിൻസ് പോൾ ജോൺ, അഞ്ചാംപ്രതി കൗൺസിലർ ബോബൻ വർഗീസ്, ഒന്നും രണ്ടും പ്രതികളായ എടക്കാട്ടുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ. ജയകുമാർ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.സി. ജോസ്, നാലാംപ്രതി കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് റെജി ജോൺ എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാതിരിക്കാൻ എൽ.ഡി.എഫ് കൗൺസിലറായ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന പരാതിയിൽ എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കേസുണ്ട്. ഇതിനിടെയാണ് ചെയർപേഴ്സന്‍റെ പരാതിയിൽ ഹരജിക്കാരടക്കം കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തത്. തങ്ങൾക്കെതിരായ കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

ജനാധിപത്യത്തെക്കുറിച്ച മുൻ അമേരിക്കൻ പ്രസിഡൻറ് എബ്രഹാം ലിങ്കന്‍റെ നിർവചനത്തോടെയാണ് ഉത്തരവ് തുടങ്ങുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ബാധ്യസ്ഥനാണെന്ന് ഉത്തരവിൽ പറയുന്നു. ഗുണ്ടായിസത്തിലൂടെയും ആയുധത്തിലൂടെയുമല്ല കൂറുമാറ്റക്കാരെ കൈകാര്യം ചെയ്യേണ്ടത്; വോട്ടിങ്ങിലൂടെയാണ്. കൂത്താട്ടുകുളം സംഭവത്തിൽ ഇരുപക്ഷവും നിയമം കൈയിലെടുക്കുകയാണ് ചെയ്തത്. പെട്ടെന്നുള്ള രാഷ്ട്രീയ കൂറുമാറ്റം എൽ.ഡി.എഫ് പ്രവർത്തകരിലുണ്ടാക്കിയ അലോസരമാണ് തുടർന്നുള്ള എല്ലാ സംഭവങ്ങളിലേക്കും നയിച്ചതെന്ന് നിരീക്ഷിച്ച കോടതി, തുടർന്ന് ഹരജിക്കാർക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    
News Summary - High Court on Defection in Politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.