കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസി ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന 2015ലെ ഹൈകോടതി ഉത്തരവ് സർക്കാരിന്റെ ചുവപ്പ് നാടയിൽ. ഹൈകോടതി 2015 ലാണ് സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിന് ഉത്തരവ് നൽകിയത്. ചീഫ് സെക്രട്ടറിക്കും പട്ടികജാതി-പട്ടികവർഗ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും സ്‌പെഷ്യൽ ഗവ. പ്ലീഡർ (എസ്.സി/എസ്.ടി) കെ.വി.പ്രകാശൻ എഴുതിയ കത്ത് വ്യക്തമാക്കുന്നു.
അട്ടപ്പാടിയിലെ കേസ് 2017 മാർച്ച് എട്ടിന് വീണ്ടും ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ പരിഗണനക്ക് വരുമെന്നും അതിന് സത്യവാങ് മൂലം സമർപ്പിക്കാൻ ആവശ്യമായ വിവരങ്ങൾ നൽകണമെന്നുമാണ് കത്തിലെ ഉള്ളടക്കം. 2015 ജൂലൈ 24 ലെ ഉത്തരവിലൂടെ, അട്ടപ്പാടിക്ക് പ്രത്യേക താലൂക്ക് രൂപീകരിക്കാൻ കേരള ഹൈകോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അട്ടപ്പാടിയിലെ മുഴുവൻ പ്രദേശവും സ്പെഷ്യൽ ഓഫീസറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്താനും കോടതി ഉത്തരവിട്ടിരുന്നുവെന്നും കത്തിൽ രേഖപ്പെടുത്തി.
ആദിവാസികളുടെ താൽപര്യവും ക്ഷേമവും പരിഗണിച്ച് അട്ടപ്പാടിയെ ഒരു പ്രത്യേക ഭരണ യൂനിറ്റാക്കാൻ കഴിയുമോ എന്ന് തീരുമാനിക്കാൻ സമഗ്രമായ അവലോകനം നടത്തണം. സാമൂഹിക-സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന മേഖലയാണ് അട്ടപ്പാടി. ഗോത്രവിഭാഗത്തിന്റെ ആവാസമേഖലയായിട്ടും കോടതിയുടെ പ്രത്യേക നിർദേശമുണ്ടായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നതിൽ സ്‌പെഷ്യൽ ഗവ. പ്ലീഡർ 2017 ലെ കത്തിൽ ഖേദം പ്രകടിപ്പിച്ചു.
അട്ടപ്പാടിയിൽ ഭൂസർവേ നടത്തിയിട്ടില്ല. അടിസ്ഥാന സർവേ രേഖകളില്ലാത്തതിനാൽ, ആദിവാസികളുടെ കൈവശമുള്ള സ്വത്ത് തിരിച്ചറിയാനും ആദിവാസി ഭൂമി അവരെ കബളിപ്പിച്ച് കൈയേറിയത് കണ്ടെത്താനും പ്രയാസമാണ്. റവന്യൂ വകുപ്പിന്റെ വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അട്ടപ്പാടിയിലെ ആദിവാസികൾക്ക് 50 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടിവരുന്നു. അട്ടപ്പാടിക്ക് പ്രത്യേക താലൂക്ക് രൂപീകരിച്ചാൽ ഇത്തരം ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാകുമെന്നും കത്തിൽ രേഖപ്പെടുത്തി. താലീക്ക് രൂപീകരിക്കണമെന്ന കോടതിയുടെ നിർദേശം സർക്കാർ നടപ്പാക്കി. എന്നാൽ ആദിവാസി ഭൂമി അളന്ന് നൽകുന്നതിന് അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫിസറെ നിയോഗിക്കണമെന്ന രണ്ടാമത്തെ നിർദേശം സർക്കാർ ഇപ്പോഴും നടപ്പാക്കിയിട്ടില്ല.
അട്ടപ്പാടി സബ് കളക്ടറായിരുന്ന പി.ബി.നൂഹുവിനെ 2014 ലെ ഉത്തരവ് പ്രകാരം അട്ടപ്പാടിയിലെ വികസന പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസറായി നിയമിച്ചു. എന്നാൽ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സർക്കാരിന് തുടർച്ചയായി റിപ്പോർട്ട് ചെയ്യാനും അദ്ദേഹത്തിന് അധികാരം നൽകിയില്ല. വിവിധ വകുപ്പുകൾ സ്വന്തം തീരുമാനപ്രകാരം മറ്റ് വകുപ്പുകളുമായി ആലോചിക്കാതെയാണ് പല പദ്ധതികളും നടപ്പാക്കിയത്. അതിനാൽ സ്വാഭാവികമായും, പ്രോജക്ടുകളും സ്കീമുകളും പ്രദേശത്തിന്റെയും ആദിവാസികളുടെയും യഥാർഥ ആവശ്യത്തിന് അനുസരിച്ചായിരുന്നില്ല നടപ്പാക്കിയത്.
സ്‌പെഷ്യൽ ഗവ. പ്ലീഡറുടെ കത്തിൽ അട്ടപ്പാടിയിലെ വിഷയങ്ങളിൽ പട്ടികജാതി - വർഗ വകുപ്പ് തൃപ്തികരമായ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന അസുഖകരമായ നിരീക്ഷണങ്ങളും ക്ഷണിക്കപ്പെടാത്ത ഉത്തരവുകളും പുറപ്പെടുവിക്കാൻ കോടതിക്ക് എല്ലാ അവസരവുമുണ്ട്. അതിനാൽ, സത്യവാങ്മൂലത്തിന്റെ രൂപത്തിൽ റിപ്പോർട്ട് നൽകണമെന്നാണ് ഗവ. പ്ലീഡർ ആവശ്യപ്പെട്ടത്. തൃശൂർ സീസർ ന്യൂസിന്റെ എഡിറ്റർ പി.ഡി.ജോസഫ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലായിരുന്നു കേസ്. 2022 ൽ കോടതി നടപടികൾ അവസാനിച്ചു. എന്നാൽ, ആദിവാസി ഭൂമി പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.