കൊച്ചി: മാവോവാദി നേതാവ് രൂപേഷിനെതിരെ മൂന്നു കേസുകളിൽ യു.എ.പി.എ, രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തിയത് ഹൈകോടതി റ ദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽനിന്നാണ് ഈ കുറ്റങ്ങൾ ഒഴിവ ാക്കി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം ഇന്ത്യൻ ശിക്ഷ നിയമം, ആയുധ നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങൾ നി ലനിൽക്കും. കേസുകളിൽനിന്ന് കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് രൂപേഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത് .
തോക്കും മറ്റ് മാരകായുധങ്ങളുമായി മാവോവാദി ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ചുള്ള കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇൗ കേസുകളിൽ തീവ്രവാദ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ അധികൃതർ കാലതാമസം വരുത്തിയെന്ന് കാട്ടി രൂപേഷ് നൽകിയ ഹരജി നേരത്തേ കോഴിക്കോട് അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. ഇത്തരം കേസുകളിലെ പ്രോസിക്യൂഷൻ അനുമതിയുടെ കാര്യത്തിൽ സർക്കാർ ഗൗരവം കാട്ടണമെന്നും സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയത് 40 കേസിൽ
തൃശൂർ: മാവോവാദി നേതാവ് രൂപേഷിനെതിരെ മൂന്ന് കേസുകളിൽ കൂടി കോടതി യു.എ.പി.എ റദ്ദാക്കിയെങ്കിലും ഇനിയുമുണ്ട് ഏറെ. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി രൂപേഷിനെതിരെ 42 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 40 എണ്ണത്തിലും യു.എ.പി.എ ചുമത്തിയിട്ടുണ്ട്. 2013ൽ കുറ്റ്യാടി പൊലീസും 2014ൽ വളയം പൊലീസും രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളാണ് വെള്ളിയാഴ്ച ഹൈകോടതി റദ്ദാക്കിയത്. വളയം സ്റ്റേഷനിൽ മാത്രം രണ്ട് കേസുകളിലാണ് യു.എ.പി.എ ചുമത്തിയത്. യു.എ.പി.എയിലെ 20, 38 നിയമങ്ങൾ ചേർത്ത് കേസെടുത്തതും ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള 124 എ.143, 147 എന്നിവയുമാണ് ഹൈകോടതി ഒഴിവാക്കിയത്. ഇവ ചുമത്തുന്നതിനായി പാലിക്കേണ്ട നടപടികൾ പാലിച്ചില്ലെന്ന രൂപേഷിെൻറ വാദം ശരിവെച്ചാണ് കോടതി ഇടപെടൽ.
നേരത്തെ കർണാടകയിലെ കുടകിലെ കേസിൽ നിന്ന് യു.എ.പി.എ റദ്ദാക്കിയതും, ഇപ്പോഴത്തെ മൂന്ന് കേസുകളുമുൾപ്പെടെ നാല് കേസുകളിൽ നിന്നാണ് യു.എ.പി.എ നിയമപരമായി തന്നെ റദ്ദാക്കിയത്. ഹൈകോടതിയുടെ വെള്ളിയാഴ്ചയിലെ വിധി രൂപേഷിെൻറയും മാവോവാദി കേസുകളിലും നിർണായകമാവും. ഹൈകോടതി വിധിയുെട അടിസ്ഥാനത്തിൽ മറ്റു കേസുകളിൽ കോടതികളെ സമീപിക്കാനാണ് രൂപേഷിെൻറ തീരുമാനം. 2015 മേയിലാണ് രൂപേഷിനെയും ഭാര്യ ഷൈനയെയും കോയമ്പത്തൂരിൽ നിന്ന് ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കേസുകളിൽ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. ഷൈനക്ക് 2018 ആഗസ്റ്റിൽ ജാമ്യം അനുവദിച്ചുവെങ്കിലും കടുത്ത ജാമ്യവ്യവസ്ഥകളിൽ വലയുകയായിരുന്നു. വീണ്ടും ഹൈകോടതി ഇടപെടലോടെയാണ് ഇപ്പോൾ ഇളവുകളോടെ ജാമ്യത്തിൽ കഴിയുന്നത്. ഇനിയും ജാമ്യം ലഭിക്കാതെ രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.