കൊച്ചി: സർവകലാശാലകൾ സ്വതന്ത്ര സ്ഥാപനങ്ങളാണെന്നും സർക്കാറിനു കീഴിൽ പ്രവർത്തിക്കേണ്ടവയല്ലെന്നും ഹൈകോടതി. സർവകലാശാലകൾ സർക്കാറിെൻറ ആജ്ഞാനുവർത്തികളായല്ല, ചട്ടങ്ങളനുസരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും കോടതി വ്യക്തമാക്കി.
അഫിലിയേഷൻ നൽകാൻ സർക്കാറിെൻറ എൻ.ഒ.സി വേണമെന്ന് സർവകലാശാലകൾ നിഷ്കർഷിക്കുന്നതിനെതിരെ തൃശൂർ തലക്കോട്ടുകര വിദ്യ ഇൻറർനാഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളിലാണ് ഉത്തരവ്.
അനാവശ്യമായി അഫിലിയേഷൻ നിഷേധിക്കുന്നതാണ് സർവകലാശാലകളുടെ നടപടിയെന്നായിരുന്നു ഹരജിക്കാരുടെ വാദം. അഫിലിയേഷന് സർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങണമെന്ന് ആരോഗ്യ സർവകലാശാലയുടെ ചട്ടങ്ങളിലോ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ നിയമത്തിലോ പറഞ്ഞിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. മതിയായ ചട്ടങ്ങളും നിയമങ്ങളുമുണ്ടായിട്ടും സർക്കാറിെൻറ ആജ്ഞക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന തെറ്റിദ്ധാരണയാണ് സർവകലാശാലകൾക്കുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതുകൊണ്ടാണ് സർക്കാറിെൻറ എൻ.ഒ.സി സർവകലാശാലകൾ ആവശ്യപ്പെടുന്നത്. ഇത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല.
ചട്ടമനുസരിച്ചുള്ള ആധികാരിക നടപടികൾ സ്വീകരിക്കുന്നതിനുമുമ്പ് വിഷയത്തിൽ സർക്കാറിെൻറ മുൻകൂർ അനുമതി തേടാൻ ബാധ്യസ്ഥരാണെന്ന് സർവകലാശാലകൾ ചിന്തിക്കേണ്ടതില്ല. അഫിലിയേഷൻ തേടിയുള്ള സ്വാശ്രയ കോളജുകളുടെ അപേക്ഷയിൽ സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്ന് നിർദേശിക്കാനുള്ള ബാധ്യത സർവകലാശാലക്കില്ല. മുൻകൂർ അനുമതി വേണമെന്ന സർവകലാശാലയുടെ നിർദേശം അനാവശ്യവും യുക്തിക്ക് നിരക്കാത്തതുമാണ്. അഫിലിയേഷൻ ചോദിച്ചെത്തുന്ന കോളജ് പ്രതീക്ഷക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്താൻ ചട്ടമനുസരിച്ചുള്ള അധികാരം സർവകലാശാലക്കുതന്നെ വിനിയോഗിക്കാം. എന്നാൽ, ഒരു കാര്യത്തിലും സർവകലാശാലകൾ സർക്കാറിെൻറ നിലപാടുകൾ തേടരുതെന്നല്ല ഇതുകൊണ്ട് അർഥമാക്കുന്നത്. ഏതെങ്കിലും കാര്യത്തിൽ അനുമതി വേണമെന്ന് തോന്നിയാൽ സർവകലാശാലക്ക് ചട്ടത്തിനകത്തുനിന്ന് ഇക്കാര്യം സർക്കാറിന് റഫർ ചെയ്യാം.
കോളജുകൾക്ക് അഫിലിേയഷൻ നൽകുന്ന കാര്യത്തിൽ സർക്കാറിന് പങ്കില്ലെന്നിരിക്കെ ഇക്കാര്യം സർവകലാശാലയാണ് സ്വതന്ത്രമായി പരിഗണിച്ച് തീരുമാനിക്കേണ്ടത്. സർക്കാറിൽനിന്നോ മറ്റേതെങ്കിലും ഏജൻസിയിൽനിന്നോ റിപ്പോർട്ടുകൾ തേടാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.