ആലപ്പുഴ: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരവധി കുടുംബങ്ങളെ കുടിയിറക്കപ്പെടുമെന്ന് ആശങ്ക. ആലപ്പുഴ ജില്ല അതിർത്തിയായ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലൂടെ മാത്രം കടന്നുപോകുന്ന പാതയുടെ നിർമാണത്തിന് 500 വീടുകൾ നഷ്ടമാകുമെന്നാണ് പ്രാഥമികവിലയിരുത്തൽ. പുതിയ അലൈൻമെൻറ്പ്രകാരം കെ-റെയിൽ വിരുദ്ധസമിതി നടത്തിയ പ്രാഥമിക കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിൽ കായംകുളം-ചെങ്ങന്നൂർ റെയിൽപാതയുടെ വികസനത്തിനായി ഏതാനും വർഷംമുമ്പ് കുടിയൊഴിപ്പിച്ച മുളക്കുഴ വലിയപറമ്പ് കോളനി, പൂപ്പൻകര കോളനി എന്നിവിടങ്ങളിൽ താമസിക്കുന്ന നിരവധിപേരുടെ വീടുകളും നഷ്ടമാകും.
പാതക്ക് 25 മീ. വീതിയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ജനവാസ മേഖലയിലൂടെ പോകുേമ്പാൾ പലരുടെയും കിടപ്പാടവും ഭൂമിയും നഷ്ടമാകും. ഇതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, കൃഷിഭൂമി എന്നിവയെല്ലാം ഒഴിഞ്ഞുകൊടുക്കേണ്ടിവരും. ഏക്കർകണക്കിന് തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും മണ്ണിട്ട് നികത്തിയുള്ള നിർമാണവും വേണം. ജനങ്ങളുടെ ആശങ്കയകറ്റാതെയുള്ള പ്രഖ്യാപനത്തിൽ നാലിരട്ടി നഷ്ടപരിഹാരമാണ് സർക്കാർ വാഗ്ദാനം.ജില്ലയിലെ പാത ചെങ്ങന്നൂർ താലൂക്കിലെ പുത്തൻകാവിൽനിന്നാണ് തുടങ്ങുന്നത്. നീർവിഴാകം, പിതളശ്ശേരി വഴി മുളക്കുഴയിലെത്തും. എം.സി റോഡിന് കിഴക്കുഭാഗത്ത് മുളക്കുഴയിലാണ് ജില്ലയിലെ ഏക സ്റ്റേഷൻ. പെരിങ്ങാല, കൊഴുവല്ലൂർ, അറന്തക്കാട്, വെൺമണി പഞ്ചായത്തിലെ പുന്തല, മാവേലിക്കര താലൂക്കിലെ ഐരാണികുഴി (ജോസ്കോ ആശുപത്രിയുടെ കിഴക്കുവശം), പടനിലം, നൂറനാട് (െപാലീസ് സ്റ്റേഷനു കിഴക്കുവശം), തെങ്ങമം വഴി വീണ്ടും പത്തനംതിട്ട ജില്ലവഴി കൊല്ലത്തേക്ക് പോകുന്നതായാണ് രൂപരേഖ.
ഇതിൽ വലിയപറമ്പ് കോളനിയിലെയും പൂപ്പൻകര കോളനിയിലെയും ഭൂരിഭാഗം വീടുകളും കവർന്നെടുക്കും.
കോളനികളിലും പരിസരപ്രദേശങ്ങളും മാത്രം 360 വീടുകൾ നഷ്ടമാകുമെന്നാണ് പ്രാഥമികകണക്ക്. ഇതിനൊപ്പം ജനവാസക്രേന്ദമായ പുന്തല, നൂറനാട് അടക്കമുള്ള മേഖലയിലേക്ക് എത്തുേമ്പാൾ നിരവധി വീടുകൾ ഒഴിയേണ്ടിവരും. കൊഴുവല്ലൂർ ദേവിക്ഷേത്രം, വടവൂർ മഹാദേവക്ഷേത്രം, എസ്.എൻ.ഡി.പി എൽ.പി സ്കൂൾ, മുളക്കുഴ സെൻറ് ജോർജ് പബ്ലിക് സ്കൂൾ, പിരളശ്ശേരി സെൻറ് മേരീസ് സ്കൂൾ എന്നിവയടക്കമുള്ളവയെ ബാധിക്കുമെന്ന് കെ-റെയിൽ വിരുദ്ധസമിതി കൺവീനർ എസ്. രാജീവ് 'മാധ്യമ'ത്തോട് പറഞ്ഞു.തറനിരപ്പിൽനിന്ന് 4.5 മീ. ഉയർത്തി കോൺക്രീറ്റ് മതിലാണ് കെട്ടുന്നത്. ഇത് പ്രളയഭീതി നേരിടുന്ന ജില്ലയിൽ വെള്ളപ്പൊക്കത്തിെൻറ ആഘാതം ഇരട്ടിയാക്കുമെന്ന ഭീതിയുണ്ട്.
മഴക്കാലത്ത് നദികളിലെയും തോടുകളിലെയും വെള്ളം കരകവിഞ്ഞ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലൂടെ കയറിയിറങ്ങുന്നതാണ് പതിവ്. 2018ലെ പ്രളയശേഷം ഒരാഴ്ച തുടർച്ചയായി മഴപെയ്താൽ പമ്പ, മണിമല, അച്ചൻകോവിലാർ നദികൾ കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതിയാണ്. വെള്ളവും കന്നുകാലികളും കയറാതെയും മരങ്ങൾ ഒടിഞ്ഞുവീഴാതെയും അതിസുരക്ഷയിൽ നിർമിക്കുന്ന പാതയിൽ അരക്കിലോമീറ്റർ ദൂരത്തിലാണ് അണ്ടർപാസുകൾ നിർമിക്കുന്നത്.
ഇത് വെള്ളത്തിെൻറ സുഗമായ ഒഴുക്ക തടസ്സപ്പെടുത്തി കിഴക്കുഭാഗത്തെ പ്രദേശങ്ങൾ പൂർണമായും വെള്ളത്തിൽ മുക്കും. ഇതോടെ, ആളുകൾക്ക് താമസിക്കാനും കൃഷിചെയ്യാനും കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
കെ-റെയിൽ വിരുദ്ധ സമിതി
ചെങ്ങന്നൂർ: പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന കെ റെയിൽ പദ്ധതി വിരുദ്ധ സമിതി രൂപവത്കരിച്ചു. കുടിയിറക്കപ്പെടുന്നവരുടെ യോഗം ഓൺലൈനിൽ ചേർന്ന് ജനകീയ സമിതിക്ക് രൂപം കൊടുത്തു.
ഭാരവാഹികൾ: മാത്യു വേളങ്ങാടൻ, ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ടി.കെ. സുദർശനൻ, ബാലകൃഷ്ണൻ പടനിലം, പി.എം. വർഗീസ് ( രക്ഷ). സന്തോഷ് പടനിലം (പ്രസി), കെ.ആർ. ഓമനക്കുട്ടൻ (ജന. കൺ), എൻ.ആർ. ശ്രീധരൻ, ഗോപാലകൃഷ്ണൻ പിള്ള, സിന്ധു അശോകൻ (വൈസ് പ്രസി.), മധു ചെങ്ങന്നൂർ, ടി. കോശി (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.