അനധികൃത ഖനനം: ഇഷ്ടിക കണ്ടുകെട്ടാന്‍ സര്‍ക്കാറിന്  അധികാരമുണ്ടെന്ന് ഹൈകോടതി

കൊച്ചി: നിയമവിരുദ്ധ ഖനനത്തിലൂടെ നിര്‍മിക്കുന്ന ഇഷ്ടികയടക്കമുള്ള ഉല്‍പന്നങ്ങള്‍ സര്‍ക്കാറിന് കണ്ടുകെട്ടാമെന്ന് ഹൈകോടതി. 2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കാമെന്നും മറ്റ് ക്രിമിനല്‍ കേസുകളില്‍ നടപടികള്‍ തുടരാമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ വില്ളേജുകളില്‍ കളിമണ്‍ ഖനനം നടത്തി ഉല്‍പാദിപ്പിച്ച ഇഷ്ടികകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. കൊല്ലങ്കോട്, നെന്മാറ, മലമ്പുഴ, കോട്ടായി തുടങ്ങിയ മേഖലകളില്‍ നെല്‍വയലുകള്‍ പാട്ടത്തിനെടുത്ത് കളിമണ്‍ ഖനനം നടത്തുന്നവരാണ് കോടതിയെ സമീപിച്ചത്. 

അനുമതിയില്ലാതെ ഖനനം നടത്തിയത് പിടികൂടുമ്പോള്‍ പിഴയടച്ച് ഖനനം തുടര്‍ന്നു വരുകയായിരുന്നു. കളിമണ്ണുപയോഗിച്ച് ഇഷ്ടിക നിര്‍മാണമാണ് നടത്തിവന്നത്. ഇതിനിടെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 19ാം വകുപ്പ് പ്രകാരം കലക്ടര്‍ ലക്ഷക്കണക്കിന് ഇഷ്ടിക കണ്ടുകെട്ടി. പിഴ ഈടാക്കി ഖനനം തുടരാന്‍ അനുവദിക്കരുതെന്ന് ജിയോളജിസ്റ്റിനും നിര്‍ദേശം നല്‍കി. ഇതിനെതിരെയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. നെല്‍വയല്‍ സംരക്ഷണ നിയമ പ്രകാരം സര്‍ക്കാറിന് ഖനനത്തിലൂടെ നിര്‍മിക്കുന്ന ഉല്‍പന്നം പിടിച്ചെടുക്കാനാവില്ളെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഖനനം നിയമവിരുദ്ധമായതിനാല്‍ ഇഷ്ടികയടക്കം പിടിച്ചെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന് അഡീ. അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. നിയമവിരുദ്ധ ഖനനം സ്വകാര്യ ഭൂമിയിലാണെങ്കില്‍ പോലും ധാതുലവണങ്ങളുടെ ഉടമസ്ഥാവകാശമുള്ളതിനാല്‍ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

അനധികൃത ഖനനത്തിന് പിഴയൊടുക്കിയാലും ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം ഇല്ലാതാകുന്നില്ല. സര്‍ക്കാര്‍ പിടിച്ചെടുത്ത ഇഷ്ടികകള്‍ കടത്തിയതുമായി ബന്ധപ്പെട്ട് 18 മോഷണക്കേസുകളും ഉടമകള്‍ക്കെതിരെയുണ്ട്. ഈ കേസുകളില്‍ നടപടി തുടരാമെന്നും നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചതിന് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. നെല്‍വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കലക്ടര്‍ക്ക് നടപടി സ്വീകരിക്കാമെന്നും നിര്‍ദേശിച്ചു.
Tags:    
News Summary - highcourt kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.