സ്ത്രീപീഡന കേസുകള്‍  ലാഘവത്തോടെ കാണരുതെന്ന് ഹൈകോടതി

കൊച്ചി: സ്ത്രീപീഡന കേസുകള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിലൂടെ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് ഹൈകോടതി. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകളുടെ അന്തസ്സ് ഏതുവിധേനയും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇത്തരം കേസുകളിലെ പ്രതികളോട് അനുഭാവപൂര്‍ണ സമീപനം കാണിക്കാനാകില്ളെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വിദ്യാര്‍ഥിനികളായ രണ്ട് കായികതാരങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിനത്തെുടര്‍ന്ന് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ബാസ്കറ്റ്ബാള്‍ കോച്ച് സ്ഥാനത്തുനിന്ന് പിരിച്ചുവിടപ്പെട്ട കൊല്ലം സ്വദേശി രാജന്‍ ഡേവിഡ് സമര്‍പ്പിച്ച അപ്പീല്‍ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. ലൈംഗികപീഡനം മനുഷ്യാവകാശലംഘനത്തിന്‍െറ പരിധിയില്‍ വരുന്ന ക്രൂരതയാണ്. ലിംഗസമത്വമെന്നത് അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശമാണ്. വൈശാഖ കേസില്‍ സുപ്രീംകോടതി ഇത് വ്യക്തമാക്കുന്നുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാവുകയും അത് മാനസികപ്രശ്നമായി മാറി ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ട്. ബസിലും മെട്രോയിലും ട്രെയിനുലുമടക്കമുള്ള ഇത്തരം പീഡനങ്ങള്‍ തടയേണ്ടത് സാംസ്കാരികവും പ്രബുദ്ധവുമായ സമൂഹത്തിന് അത്യാവശ്യമാണെന്ന് സുപ്രീംകോടതി മറ്റൊരു കേസില്‍ വ്യക്തമാക്കുന്നുണ്ട്. സ്ത്രീപീഡനമടക്കമുള്ള സാമൂഹികതിന്മകളെയും അപരിഷ്കൃത സമീപനങ്ങളെയും തുടച്ചുമാറ്റേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് നിരക്കാത്ത കടുത്ത ശിക്ഷയാണ് നല്‍കിയതെന്ന ഹരജിക്കാരന്‍െറ വാദം കോടതി തള്ളി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗമാണ് അന്വേഷണം നടത്തിയതെന്നതുകൊണ്ട് ആക്ഷേപമുണ്ടെന്ന് പറയാനാകില്ല. പിരിച്ചുവിട്ട നടപടിയില്‍ ഇടപെടല്‍ ആവശ്യമില്ളെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു. പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 2009 ജനുവരി 14 മുതല്‍ ഹരജിക്കാരന്‍ സസ്പെന്‍ഷനിലായിരുന്നു. പിന്നീട് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ടത്. കായിക, യുവജനക്ഷേമ വകുപ്പിനെയും ഹൈകോടതിയെയും സമീപിച്ചെങ്കിലും ഹരജികള്‍ തള്ളിയതിനത്തെുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്.
 

Tags:    
News Summary - highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.