ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്: പ്രത്യേക യോഗം വിളിക്കും- പി. രാജീവ്‌

ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്: പ്രത്യേക യോഗം വിളിക്കും- പി. രാജീവ്‌

കൊച്ചി: കുസാറ്റിൽ സംഘടിപ്പിച്ച ദ്വിദിന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവന്ന ആശയങ്ങൾ പ്രാവർത്തികമാക്കാൻ വ്യവസായ-ഉന്നത വിദ്യാഭ്യാസ വകുപ്പു മേധാവികളുടെ സംയുക്ത യോഗം വിളിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺക്ലേവിൽ നടന്ന വിവിധ സെഷനുകളുടെ ഭാഗമായി രൂപപ്പെട്ട നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും ഏറെ വിലപ്പെട്ടതാണ്. വ്യവസായ മേഖലയുടെ സഹകരണം ആവശ്യമായ കാര്യങ്ങളിൽ പരമാവധി പിന്തുണ ഉണ്ടാകും. ഇക്കാര്യത്തിൽ വ്യവസായ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും സമാനമാറ്റങ്ങളാണ് സംഭവിക്കുന്നത്. ഒരു കോഴ്സിലെ ഒന്നാം സെമസ്റ്ററിൽ പഠിച്ച ഒരു വിഷയം അവസാന സെമസ്റ്ററിലേക്ക് എത്തുമ്പോൾ കാലഹരണപ്പെടുന്ന സാഹചര്യമാണ്. മനുഷ്യശേഷിയെ നിർമ്മിത ബുദ്ധി മറികടക്കുകയാണ്. റോബോട്ടിക്സുകൂടി ചേരുമ്പോൾ വിപ്ലവാത്മകമായ കണ്ടുപിടുത്തങ്ങളാണ് സംഭവിക്കുന്നത്. ഇത്തരം സാങ്കേതികവിദ്യകളെ ഒഴിവാക്കിയുള്ള പഠന രീതികൾക്ക് നിലനിൽപ്പില്ല.

ഇക്കാരണത്താൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്കരണം ആവശ്യമാണ്. വൈജ്ഞാനിക സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ പ്രഖ്യാപിത നയം. കേരളത്തെ സംബന്ധിച്ചിടത്തോളം വൈജ്ഞാനികരംഗത്തെ മാനവവിഭവ ശേഷി എടുത്തു പറയേണ്ടതാണ്. ഈ അനുകൂല ഘടകത്തെ കഴിയുന്നത്ര പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ആഗോള കമ്പനിയായ ഐ.ബി.എം ഇതിനകം രണ്ട് ക്യാമ്പസുകൾ ആണ് കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്.

വ്യവസായ രംഗവും ഉന്നത വിദ്യാഭ്യാസ രംഗവും പരസ്പരം സഹകരിച്ചു മുന്നേറണം. വ്യവസായ രംഗത്തെ വെല്ലുവിളികൾ പലതും പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസഖലയ്ക്ക് സാധിക്കും. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നതിലൂടെ തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് ലക്ഷ്യം. ഒപ്പം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കഴിയും.

വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ചേക്കേറുന്നത് കേരളത്തിൽ മാത്രം കാണുന്ന പ്രവണതയല്ല. രാജ്യത്ത് ആകമാനം ഈ രീതി തുടരുന്നുണ്ട്. നമ്മുടെ വിദ്യാർഥികൾ യു.കെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുമ്പോൾ മറ്റു ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് പഠനത്തിന് എത്തുന്നവരുമുണ്ട്. തൊഴിൽ മേഖലയിലും ഇതേ സാഹചര്യമാണ്. മലയാളികൾ വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ അയൽ സംസ്ഥാനങ്ങളിലുള്ളവർ ഇങ്ങോട്ടേക്ക് തൊഴിൽ തേടിയെത്തുന്നു.

നിലവിലുള്ള പ്രതിസന്ധികളെ കൃത്യമായി പഠിച്ച് മുന്നോട്ട് പോയാൽ തീർച്ചയായും കേരളത്തിന് വലിയ സാധ്യതയാണ് ഉന്നത വിദ്യാഭ്യാസ മേഖല തുറന്നിടുന്നത്. അത്തരത്തിൽ നോക്കിയാൽ ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഒരു ചരിത്ര സംഭവമാണ്. ഇത്തരം ഒരു പരിപാടി വിജയകരമായി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സംഘത്തെയും അഭിനന്ദിക്കുന്നു എന്നും മന്ത്രി പറഞ്ഞു.

കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടന്ന സമാപന സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.എം.ജുനൈദ് ബുഷിറി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലെ ഡോ. ജിജു പി. അലക്സ്, കുസാറ്റ് രജിസ്ട്രാർ ഡോ. എ.യു അരുൺ, എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Higher Education Conclave: Special meeting to be convened- p. rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.