കൊച്ചി: ഉയർന്ന പി.എഫ് വിഹിതം അടക്കാൻ ഓപ്ഷൻ നൽകിയതിന്റെ പകർപ്പ് ഹാജരാക്കിയില്ലെങ്കിലും ഉയർന്ന പി.എഫ് പെൻഷന് ഓപ്ഷൻ നൽകാൻ അനുമതി നൽകണമെന്ന് ഹൈകോടതി. ഓപ്ഷൻ നൽകാൻ ഇ.പി.എഫ് സ്കീമിലെ 26 (6) ഖണ്ഡിക പ്രകാരം ഉയർന്ന പി.എഫ് വിഹിതം അടക്കാൻ ഓപ്ഷൻ നൽകിയതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥക്കെതിരെ വിരമിച്ച ബി.എസ്.എൻ.എൽ ജീവനക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവ്.ഇതിനായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ മാറ്റം വരുത്തണമെന്നും ഇങ്ങനെ മാറ്റം വരുത്താനായില്ലെങ്കിൽ ഉയർന്ന പെൻഷനുവേണ്ടിയുള്ള ഓപ്ഷൻ പേപ്പർ രൂപത്തിൽ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയം മേയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തിൽ പത്തുദിവസത്തിനകം ഇതിന് സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ അനുമതി നൽകുന്ന സുപ്രീം കോടതിയുടെ നവംബറിലെ ഉത്തരവിനെ തുടർന്നാണ് ഇ.പി.എഫ് സ്കീമിലെ 26 (6) ഖണ്ഡിക പ്രകാരം ഉയർന്ന പി.എഫ് വിഹിതം അടക്കാൻ ഓപ്ഷൻ നൽകിയതിന്റെ തെളിവ് ഹാജരാക്കണമെന്ന് വ്യക്തമാക്കി ഇ.പി.എഫ് അധികൃതർ സർക്കുലർ ഇറക്കിയത്. ഇതോടെ ഉയർന്ന പെൻഷനായി ഓപ്ഷൻ നൽകാനാവാത്ത സാഹചര്യമുണ്ടായത് ചോദ്യം ചെയ്താണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.