ഹയർ സെക്കൻഡറി സ്ഥലംമാറ്റം: സർക്കുലർ പിൻവലിച്ച് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മുമ്പാകെ നൽകിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പിൻവലിച്ചു. സ്ഥലംമാറ്റ നടപടികൾ ട്രൈബ്യൂണൽ തടഞ്ഞതോടെ വിടുതൽ വാങ്ങി അധ്യാപകർക്ക് പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ അനുമതി നൽകി മേയ് നാലിന് പുറപ്പെടുവിച്ച സർക്കുലറാണ് പിൻവലിച്ചത്.

സർക്കുലർ കോടതിയലക്ഷ്യമാണെന്ന ഹരജിയിൽ ട്രൈബ്യൂണൽ നടപടി തുടങ്ങിയതോടെയാണ് ബുധനാഴ്ച ട്രൈബ്യൂണൽ മുമ്പാകെ ഓൺലൈനിൽ ഹാജരായി സർക്കുലർ പിൻവലിക്കുന്നതായി ഡയറക്ടർ അറിയിച്ചത്. ഡയറക്ടറുടെ ഉറപ്പ് രേഖപ്പെടുത്തിയ ട്രൈബ്യൂണൽ കേസ് 21ന് പരിഗണിക്കാനായി മാറ്റിയിരുന്നു. ഏപ്രിൽ 25ലെ ട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മേയ് നാലിലെ സർക്കുലർ പിൻവലിക്കുന്നെന്ന് മാത്രമാണ് പുതിയ സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. സർക്കുലർ പിൻവലിച്ചതോടെ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം മാതൃജില്ലക്ക് പുറത്തുള്ള സർവിസ് സീനിയോറിറ്റി പരിസര ജില്ലകളിൽ കൂടി പരിഗണിച്ചുള്ള ട്രാൻസ്ഫർ പട്ടിക തയാറാക്കേണ്ട സാഹചര്യമായി.

ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി അധ്യാപിക വെള്ളിയാഴ്ച ഹൈകോടതിയിൽ ഹരജി സമർപ്പിച്ചെങ്കിലും ഒരാഴ്ചത്തേക്ക് തൽസ്ഥിതി തുടരാനുള്ള ഉത്തരവാണ് ലഭിച്ചത്. അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് പുതുക്കിയ പട്ടിക തയാറാക്കി സ്ഥലംമാറ്റം നടത്താനുള്ള ഉത്തരവിൽ തുടർനടപടികൾ വിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ഉത്തരവ് പാലിക്കാത്തതിന് ഇതിനകം രണ്ട് കോടതിയലക്ഷ്യ ഹരജികളാണ് പരിഗണനയിലുള്ളത്. ഇതിൽ ഉത്തരവ് ലംഘിച്ച് മേയ് നാലിന് സർക്കുലർ ഇറക്കിയതിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി ഈ മാസം 21ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

Tags:    
News Summary - Higher secondary transfer: circular withdrawn by education department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.