ഹയർ സെക്കൻഡറി സ്ഥലംമാറ്റം: ട്രൈബ്യൂണൽ ഉത്തരവിൽ ഉടൻ നടപടിയില്ല

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധി നടപ്പാക്കാതെ ഹൈകോടതി ഇടപെടൽ കാത്ത് വിദ്യാഭ്യാസ വകുപ്പ്. ഹൈകോടതി മുമ്പാകെയുള്ള കേസ് ജൂൺ മൂന്നിനാണ് പരിഗണനക്ക് വരുന്നത്. മാതൃജില്ലക്ക് പുറത്തുള്ള ഔട്ട് സ്റ്റേഷൻ സർവിസ് മാതൃജില്ലയിലേക്കും സമീപജില്ലകളിലേക്കും പരിഗണിച്ച് പട്ടിക തയാറാക്കണമെന്നാണ് ട്രൈബ്യൂണൽ വിധി. എന്നാൽ മാതൃജില്ലയിലേക്ക് മാത്രം പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റ പട്ടിക തയാറാക്കിയത്. ഇങ്ങനെ തയാറാക്കിയ രണ്ട് പട്ടികകൾ റദ്ദാക്കിയ ട്രൈബ്യൂണൽ ഔട്ട് സ്റ്റേഷൻ സർവിസിലെ സീനിയോറിറ്റി മാതൃജില്ലയുടെ സമീപജില്ലകളിൽ കൂടി പരിണിച്ച് അധ്യയന വർഷം തുടങ്ങുന്നതിന് മുമ്പ് പട്ടിക തയാറാക്കി സ്ഥലംമാറ്റം നടത്തണമെന്നും നിർദേശിച്ചു.

എന്നാൽ ഈ മാറ്റം നടപ്പാക്കുന്നതിന് സർക്കാർ ഒരുക്കമല്ലെന്ന സൂചനകളാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. ട്രൈബ്യൂണൽ ഉത്തരവ് ചോദ്യംചെയ്ത് അധ്യാപകർ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലെ തുടർനടപടിയിലാണ് സർക്കാർ പ്രതീക്ഷവെക്കുന്നത്. സ്ഥലംമാറ്റത്തിൽ ഒരാഴ്ചത്തേക്ക് തൽസ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവും വെള്ളിയാഴ്ച ഹൈകോടതിയിൽ നിന്നുണ്ടായിട്ടുണ്ട്. സ്ഥലംമാറ്റത്തിൽ അനിശ്ചിതത്വം തുടരുന്നത് അധ്യയന വർഷാരംഭത്തിൽ അധ്യാപകരെ ഒന്നടങ്കം ബാധിക്കും. സ്ഥലംമാറ്റത്തിന് അനുസരിച്ച് താമസം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവയും മാറ്റേണ്ടതുണ്ട്. സർക്കാർ വരുത്തിവെച്ച കുരുക്കഴിക്കാതെ പുതിയ കോടതിവിധിക്ക് വേണ്ടി കാത്തിരിക്കുന്നത് നടപടികൾ കൂടുതൽ സങ്കീർണമാക്കും.

ഹയർ സെക്കൻഡറി സ്ഥലംമാറ്റം: ട്രൈബ്യൂണൽ ഉത്തരവിൽ ഉടൻ നടപടിയില്ല ഹൈകോടതി ഇടപെടലിന് കാക്കും

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ചൂണ്ടിക്കാണിച്ച മാനദണ്ഡങ്ങളെ സംബന്ധിച്ചും സ്ഥലംമാറ്റത്തിന്റെ തുടർനടപടികളെ സംബന്ധിച്ചും തുടർന്നുള്ള കോടതി വിധികൾക്കനുസൃതമായി നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഹയർ സെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാനുള്ളത് 389 അധ്യാപകർ മാത്രമാണ്. ഇവരുടെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക കോടതിവിധിക്ക് വിധേയമായിട്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആകെ 8007 അധ്യാപകർക്കായിരുന്നു സ്ഥലംമാറ്റം. ഇതിൽ ഫെബ്രുവരി 21ലെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍റെ സ്റ്റേ ഉത്തരവ് വന്നത് കാരണം വിടുതൽ വാങ്ങി ജോയിൻ ചെയ്യാൻ കഴിയാതിരുന്നത് 413 പേരാണ്. ഇവർ ഉൾപ്പെടെ 7,618 അധ്യാപകർ സ്ഥലംമാറ്റം ലഭിച്ച സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ചതായും മന്ത്രി അറിയിച്ചു.

Tags:    
News Summary - Higher Secondary Transfer: No immediate action on Tribunal order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.