മോഹൻലാൽ, മമ്മൂട്ടി, ലാൽ എന്നിവർക്കൊപ്പം സിദ്ദീഖ്

ചിരിപ്പിച്ച 'ഹിറ്റ്'ലർ

മ്മ അമ്പത് പൈസയും നൽകി എന്തോ സാധനം വാങ്ങാൻ വിട്ടതാണ് ആ പയ്യനെ. വീട്ടിൽ നിന്നിറങ്ങി അൽപദൂരം നടന്നപ്പോൾ എന്തിനാണ് പോകുന്നതെന്നുതന്നെ അവൻ മറന്നു. സിനിമ തിയറ്ററിനടുത്തെത്തിയപ്പോൾ ‘50 പൈസ ഉണ്ടായിരുന്നെങ്കിൽ സിനിമ കാണാമായിരുന്നു’ എന്നായി അവന്റെ ചിന്ത. ട്രൗസറിന്റെ പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ 50 പൈസയുണ്ട്! സിനിമയും കണ്ട് തിരികെ വീട്ടിലെത്തിയപ്പോ​​ഴാണ് ഉമ്മ സാധനം വാങ്ങാൻതന്ന പൈസയായിരുന്നു അതെന്ന് ഓർമ വന്നത്. എറണാകുളം പു​ല്ലേപ്പടിയിലെ ഇസ്മായീലിന്റെ വീട്ടിലെ സ്ഥിരം സംഭവമായിരുന്നു ഇത്.


Full View

‘ആബ്സന്റ് മൈൻഡഡ്’ ആയി തിയറ്ററിൽ കയറിയ ആ മകൻ വളർന്ന് വലുതായപ്പോൾ പ്രേക്ഷകലക്ഷങ്ങളെ ‘പ്ലസന്റ് മൈൻഡഡ്’ ആക്കി തിയറ്ററിൽ നിന്നിറക്കുന്നവനായി. മിമിക്രി രംഗത്തും സിനിമലോകത്തും ട്രെൻഡ്സെറ്റർമാരിൽ ഒരാളായി. തിയറ്ററുകളെ ‘ലാഫിങ് ഗ്യാസ് ചേംബറുകളാക്കി’ മലയാളികളെ ചിരിപ്പിച്ച ‘ഹിറ്റ്’ലർ ആയി. ആദ്യം ലാൽ എന്ന പേരിനോട് ഒട്ടിയും പിന്നീട് ഒറ്റക്കും ഇന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ആ പേര് തിളങ്ങിനിന്നു-സിദ്ദീഖ്. സ്വന്തം ജീവിതത്തിലോ തൊട്ടടുത്ത വീട്ടിലോ നടന്നതാണല്ലോ ഇതെന്ന് തോന്നുന്ന തരത്തിലുള്ള മുഹൂർത്തങ്ങൾ സൃഷ്ടിച്ച് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയതാണ് സിദ്ദീഖ്-ലാൽ സിനിമകൾ. തുടരത്തുടരെ ഹിറ്റുകൾ സമ്മാനിച്ച ആ കൂട്ടുകെട്ട് പിന്നീട് പിരിഞ്ഞെങ്കിലും മലയാളി മനസ്സുകളിൽ ഇരുവരും ചേർന്നുതന്നെയാണ് നിൽക്കുന്നത്.

മലയാളത്തിൽ മാത്രമല്ല, തമിഴകത്തും ടോളിവുഡിലും ഇന്ത്യൻ സിനിമയുടെ ബി ടൗണിലുമെല്ലാം ‘തൊട്ടതെല്ലാം പൊന്നാക്കിയ’ ചരിത്രമാണ് സിദ്ദീഖ് എന്ന പേരിനൊപ്പം എ​​ഴ​ുതിച്ചേർക്കപ്പെട്ടിട്ടുള്ളത്. ത​ുടർച്ചയായ പരാജയത്തിന്റെ നടുവിൽനിന്നിരുന്ന മുകേഷിനെ ‘റാംജി റാവു സ്പീക്കിങ്ങി’ലൂടെയും മമ്മൂട്ടിയെ ‘ക്രോണിക് ബാച്ചിലറി’ലൂടെയും ഇളയ ദളപതി വിജയിനെ ‘കാവലനി’ലൂടെയും ഉയിർത്തെഴ​ുന്നേൽപ്പിച്ച ‘ബോഡിഗാർഡ്’ ആയി മാറാൻ സിദ്ദീഖിനായി. ബോളിവുഡിൽ ഒരാഴ്ചകൊണ്ട് 100 കോടി ക്ലബിൽ ഇടംപിടിച്ച ആദ്യ മലയാളിയെന്ന നേട്ടവും സിദ്ദീഖിന് അവകാശപ്പെട്ടതാണ്. ‘ഹിറ്റ്ലർ’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത് സംസാരിക്കാൻ സൂപ്പർതാരം ചിരഞ്ജീവി ആളെ വിട്ടപ്പോൾ ഒളിച്ചുനിന്ന സിദ്ദീഖ് ആണ് പിന്നീട് ഹിന്ദിയിൽ സൽമാൻ ഖാനെ നായകനാക്കി ‘ബോഡിഗാർഡ്’ എന്ന സിനിമയിലൂടെ ഈ നേട്ടം കൈവരിച്ചത്.

വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ ‘ഗോഡ് ഫാദർ’മാർ

സിദ്ദീഖിന്റെ സിനിമകളിലെല്ലാം തമാശയുടെ പുറംതോടിൽ ഒളിച്ചിരിക്കുന്ന ശക്തമായ ജീവിതത്തെ കാണാം. ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളാണ് അവ രൂപപ്പെടുത്തിയെടുത്തത്. സിദ്ദീഖിന്റെ ഭാഷയിൽ പറഞ്ഞാൽ പട്ടിണിയായിരുന്നെങ്കിലും ചിരിയുടെ കാര്യത്തിൽ സമ്പന്നമായിരുന്നു ബാല്യം. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, തുണിക്കടയിൽ സെയിൽസ്മാൻ ആയിരുന്ന വാപ്പ ഇസ്മായീൽ ആണ് ജീവിതത്തെ നർമബോധത്തോടെ കാണാൻ പഠിപ്പിച്ചത്. എട്ടു മക്കളെ വളർത്തുന്നതിന​ുള്ള ഓട്ടപ്പാച്ചിലിനിടെയുണ്ടാകുന്ന ഏതു വേദനയെയും ചിരികൊണ്ട് നേരിട്ടിരുന്ന അദ്ദേഹം അർഥവ്യാപ്തിയുള്ള തമാശകൾ സമ്മാനിച്ച ‘ഗോഡ് ഫാദർ’ കൂടിയായിരുന്നു സിദ്ദീഖിന്. പിന്നെ കലാഭവൻ സ്ഥാപകനായ ആബേലച്ചനും സംവിധായകൻ ഫാസിലും. ചെറിയ മിമിക്രി പരിപാടികളുമായി നടന്ന സിദ്ദീഖിനെയും ലാലിനെയും ക​ണ്ടെത്തി മിമിക്സ് പരേഡ് എന്ന കലാരൂപത്തിന്റെ ഭാഗമാക്കിയത് ആബേലച്ചനാണ്. ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’, ‘നാടോടിക്കാറ്റ്’ തുടങ്ങിയ തീമുകളിലൂടെ വ്യത്യസ്ത കഥകൾ ക​ണ്ടെത്താനുള്ള ഇവരുടെ കഴിവ് തിരിച്ചറിഞ്ഞത് ഫാസിലാണ്. കഥയുണ്ടാക്കൽ മാത്രമല്ല നർമത്തിലൂടെ അവക്ക് തിരക്കഥ രചിക്കാനും സംവിധാനം ചെയ്യാനും ഇവർക്ക് കഴിയുമെന്ന് ഫാസിൽ മനസ്സിലാക്കിയതോടെ ഇരുവരുടെയും മലയാള സിനിമയുടെയും ജാതകം മാറ്റി എ​ഴുതപ്പെട്ടു. ആദ്യ സിനിമ ‘റാംജി റാവു സ്പീക്കിങ്’ ട്രെൻഡ് സെറ്റർ ആയതോടെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത ചലച്ചിത്ര ജീവിതമാണ് സിദ്ദീഖി​ന്റേത്. കഥ പോലും കേൾക്കാതെ ഡേറ്റ് നൽകാൻ മമ്മൂട്ടിയും ഒറ്റക്കാ​​ഴ്ചയിൽ ‘ബോഡിഗാർഡ്’ കണ്ട് ഇഷ്ടപ്പെട്ട് കരാറിലേർപ്പെടാൻ സൽമാൻ ഖാനും വിജയുമൊക്കെ തയാറായത് ഇതിന് സാക്ഷ്യംവഹിക്കുന്നു. സിദ്ദീഖും ലാലും പിരിയരുതെന്ന ഫാസിലിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഇരുവർക്കുമായില്ല. ഇപ്പോൾ ഗുരുനാഥന്റെ മകൻ ഫഹദിനെ നായകനാക്കിയുള്ള സിനിമയെന്ന സ്വപ്നം ബാക്കിയാക്കിയാണ് സിദ്ദീഖ് യാത്രയായിരിക്കുന്നതും. 

 

ഭാണ്ഡക്കെട്ടിൽ ജീവിതകഥകളുള്ള ‘കാബൂളിവാല’

പ്രേക്ഷകന്റെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥകളുടെ ഭാണ്ഡക്കെട്ടുമായെത്തുന്ന ‘കാബൂളിവാല’യെ അനുസ്മരിപ്പിക്കുന്നവയാണ് സിദ്ദീഖിന്റെ സിനിമകളിലോരോന്നും. അവക്കെല്ലാം ‘ഇൻ ഹരിഹർ നഗർ’, ‘വിയറ്റ്നാം കോളനി’, ക്രോണിക് ബാച്ചിലർ’, ‘ബിഗ് ബ്രദർ’, ‘ഭാസ്കർ ദീ റാസ്കൽ’ തുടങ്ങി ഇംഗ്ലീഷ് പേരുകൾ. അതിലെ കഥാപാത്രങ്ങൾക്കാകട്ടെ പുതുമയുള്ള പേരുകളും. റാംജി റാവു, ജോൺ ഹോനായ്, അഞ്ഞൂറാൻ, ആനപ്പാറ അച്ചാമ്മ, കന്നാസും കടലാസും തുടങ്ങി മലയാളി മനസ്സുകളിൽ എന്നും തെളിഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളുടെയും സിനിമകളുടെയും പേരുകൾ കണ്ടെത്തിയതിനുപിന്നിലും രസകരമായ കാര്യങ്ങളുണ്ട്. സിദ്ദീഖിനെ ചെറുപ്പത്തിൽ വീട്ടിൽ വിളിച്ചിരുന്നത് കന്നാസ് എന്നായിരുന്നു. അതിന് മാച്ച് ചെയ്താണ് കടലാസ് ഇട്ടത്. എന്താണ് വരാത്ത കഥ എന്ന ചിന്തയാണ് ‘ഗോഡ്ഫാദറി’ന്റെ പിറവിക്ക് കാരണമായത്. പുരനിറഞ്ഞു നിൽക്കുന്ന പെണ്ണുങ്ങളുടെ കഥ വന്നിട്ടുണ്ട്. അതിന്റെ റിവേഴ്സ് ട്രാക്ക് നോക്കി, പുരനിറഞ്ഞു നിൽക്കുന്ന ആണുങ്ങൾ എന്ന ത്രെഡിൽനിന്നാണ് ആ സിനിമ ജനിക്കുന്നത്. ആണുങ്ങൾ കല്യാണം കഴിക്കുന്നില്ലെങ്കിൽ അതിനുകാരണം ആജ്ഞാശക്തിയുള്ള അച്ഛനായിരിക്കുമെന്ന ചിന്തയിൽ നിന്നാണ് അഞ്ഞൂറാൻ എന്ന കഥാപാത്രമുണ്ടാകുന്നത്. ആ വേഷം സിനിമയിലെ പതിവ് മുഖങ്ങളല്ലാത്ത ഒരാൾ ചെയ്യണമെന്ന അന്വേഷണം നാടകാചാര്യൻ എൻ.എൻ. പിള്ളയിലെത്തി നിന്നതും ചരിത്രം. ശബ്ദതാരാവലി മറിച്ചുനോക്കിയപ്പോൾ ലത്തീൻ ക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തെ പരാമർശിക്കുന്ന അഞ്ഞൂറ്റിക്കാർ എന്ന വാക്ക് കണ്ടു. അതിൽ നിന്നാണ് അഞ്ഞൂറാൻ എന്ന പേര് ലഭിക്കുന്നത്. 

 

പിരിഞ്ഞിട്ടും ‘ഫ്രണ്ട്സ്’

പണ്ട് പ​ുല്ലേപ്പടിയിലെ ചെറുപ്പക്കാരുടെ കലാ-കായിക ഇഷ്ടങ്ങളിലെ വ്യത്യാസം രണ്ട് സംഘങ്ങളെ സൃഷ്ടിച്ചിരുന്നു. സിനിമയായാലും ഫുട്ബാൾ ആയാലും മിമിക്രിയിൽപോലും എതിർചേരിയിൽ നിന്നിരുന്ന സംഘങ്ങളിൽ ഒന്നിന് നേതൃത്വം നൽകിയിരുന്നത് സിദ്ദീഖ്. മറ്റേതിന്റെ നേതാവ് തബലിസ്റ്റ് പോളാശാന്റെ മകൻ ലാൽ. സുഹ​ൃത്ത് ഉസ്മാനായിരുന്നു മിമിക്രി സ്റ്റേജുകളിൽ സിദ്ദീഖിന്റെ പങ്കാളി. വടുതല അമ്പലത്തിൽ പരിപാടിയേറ്റ ദിവസത്തിനോട് അടുപ്പിച്ച് ഉസ്മാൻ ജോലി തേടി ബോ​ംബെക്ക് പോയി. എന്തുചെയ്യണമെന്നറിയാതെനിന്ന സിദ്ദീഖ് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം എതിർപ്പൊക്കെ മറന്ന് ലാലിനെ സമീപിക്കുകയായിരുന്നു. അന്ന് വടുതല അമ്പലത്തിന്റെ മുറ്റത്തുവെച്ച് പിറന്ന കൂട്ടുകെട്ടാണ് മലയാള സിനിമയുടെ ഗതിതന്നെ മാറ്റിമറിച്ചത്. പിന്നീട് ഹോട്ടൽ മയൂര പാർക്കിലെ 206ാം നമ്പർ മുറിയിലെ നിശ്ശബ്ദത ഭേദിച്ച് ‘നമുക്ക് പിരിയാം’ എന്ന് ഇരുവരും തീരുമാനിച്ചെങ്കിലും മലയാളികൾക്ക് ‘ഫ്രണ്ട്സ്’ എന്ന് കേൾക്കുമ്പോൾ ഓർമ വരുന്ന മുഖങ്ങളിലാദ്യത്തേത് ഇവരുടെയാണ്. ‘ഒന്നിച്ച് സിനിമ ചെയ്യാമെന്നുള്ള തീരുമാനം പോലെതന്നെ ശരിയായിരുന്നു പിരിയാമെന്നുള്ള ഞങ്ങളു​ടെ തീരുമാനവും. കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു ആ വേർപിരിയൽ. അതുകൊണ്ട് എനിക്കും ലാലിനും സിനിമക്കും ഗുണങ്ങളേ ഉണ്ടായുള്ളൂ. ലാൽ എന്ന മികച്ച നടനെയും നിർമാതാവിനെയും ഡിസ്ട്രിബ്യൂട്ടറെയും മലയാളത്തിന് കിട്ടി. അന്നുമിന്നും ഞങ്ങൾ അടുത്ത സുഹൃത്തുക്കൾതന്നെയാണ്’ -ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് സിദ്ദീഖിന്റെ വാക്കുകൾ.

പലരുടെയും ‘ബിഗ് ബ്രദർ’

പുതിയ സംവിധായകർക്ക് സിനിമ പ്രവേശനത്തിന് അവസരങ്ങൾ വളരെ കുറവായിരുന്ന കാലത്താണ് സിദ്ദീഖും ലാലും കടന്നുവരുന്നത്. അസിസ്റ്റന്റുമാരെ വെച്ച് സിനിമയെടുക്കാനുള്ള ഫാസിലിന്റെ ധൈര്യമാണ് ഇതിന് വഴിയൊരുക്കിയത്. പുതുമുഖങ്ങളോട് ആബേലച്ചനും ഫാസിലും കാണിച്ച സ്നേഹവും പിന്തുണയും ജീവിതത്തിൽ പകർത്തിയതുകൊണ്ട് സിനിമയിലെ പലർക്കും ‘ബിഗ് ബ്രദർ’ ആണ് സിദ്ദീഖ്. സിനിമയിൽ മാത്രമല്ല, പുറംലോകത്തെ അറിയിക്കാതെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾകൊണ്ട് സാധാരണക്കാരിൽ സാധാരണക്കാരായ പലരുടെയും മനസ്സിലും സിദ്ദീഖിന് ആ ഇമേജ് ആണ്. നസീറിനുശേഷം സൗമ്യതയുടെയും കാരുണ്യത്തിന്റെയും ആൾരൂപമായി സിനിമക്കാർ സിദ്ദീഖിനെ അടയാളപ്പെടുത്തുന്നതും അതുകൊണ്ടാണ്.

Tags:    
News Summary - Memoir to Director Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.