ശ്രീലേഖ സംഘ്പരിവാറിനെ മുന്നേ അറിഞ്ഞിരുന്നുവെന്ന് ശശികല; സർവിസിലിരിക്കെ ആർ.എസ്.എസ് കാര്യാലയത്തിൽ എത്തിയിരുന്നു

കോഴിക്കോട്: ഇന്നലെ ബി.ജെ.പിയിൽ ചേർന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖക്ക് സംഘ് പരിവാറിനെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവും വിദ്വേഷപ്രാസംഗികയുമായ ശശികല. 12 വർഷം മുമ്പ് ആർ.എസ്.എസ് കാര്യാലയത്തിൽ നടന്ന പരിപാടിയിൽ ശ്രീലേഖ പ​ങ്കെടുത്ത കാര്യം ഓർമിപ്പിച്ചാണ് ശശികലയുടെ കുറിപ്പ്. ആ സമയത്ത് അവർ കേരള  പൊലീസിൽ ഉയർന്ന പദവിയിൽ സർവിസിലുണ്ടായിരുന്നു.  2020 ഡിസംബർ 31നാണ് ഡി.ജി.പി റാങ്കിൽ ശ്രീലേഖ വിരമിച്ചത്.

ആർ.എസ്.എസ് പ്രാന്ത കാര്യാലയത്തിൽ നടന്ന ദീപാവലി കുടുംബ സംഗമത്തിൽ ശ്രീലേഖ ഉദ്ഘാടകയും താൻ മുഖ്യ പ്രഭാഷകയുമായിരുന്നുവെന്ന് ശശികല പറയുന്നു. പരിപാടി തുടങ്ങുന്നതിന്റെ പത്തുമിനിറ്റു മുൻപ് ശ്രീലേഖ വേദിയിലെത്തി. മുഖത്ത് മെയ്ക്കപ്പില്ലാതെ പാറി പറന്ന മുടിയുമായാണ് അവർ പരിപാടിക്ക് വന്നതത്രെ. പ്രിയപ്പെട്ട ആരുടേയോ ആണ്ടുബലിയിട്ട് വീട്ടിൽ പോലും പോകാതെ ഓടിക്കിതച്ചു വന്നതാണെന്നും ‘സംഘ പരിപാടിയല്ലേ സമയ നിഷ്ഠ കർശനമാകുമല്ലോ’ എന്ന് അതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ശശികല ഫേസ്ബുക് കുറിപ്പിൽ പറയുന്നു. അവർ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു എന്നതാണ് വസ്തുതയെന്നും ശശികല പറഞ്ഞു.

അതേസമയം, വെറും മൂന്നാഴ്ചത്തെ ആലോചനക്ക് ശേഷമാണ് താൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതെന്നായിരുന്നു ശ്രീലേഖ ഇന്നലെ ബി.ജെ.പി അംഗത്വം സ്വീകരിച്ച് പറഞ്ഞത്. ‘33 വർഷം നിഷ്പക്ഷയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും ചേരാതെ നിഷ്പക്ഷമായി പ്രവർത്തിച്ചു. പൊലീസിൽ നിന്ന് വിരമിച്ച് ശേഷം, മാറി നിന്ന് കാര്യങ്ങൾ നിരീക്ഷിച്ച ബോധ്യപ്പെട്ട ശേഷമാണ് ഇതാണ് നല്ല വഴി എന്ന് തീരുമാനമെടുത്തത്. ജനസമൂഹത്തിന് തുടർന്നും സേവനം ചെയ്യാൻ പറ്റിയ അവസരമാണ് ഇത് എന്ന് തോന്നിയതുകൊണ്ടാണ് ഇ​വർക്കൊപ്പം ചേർന്നത്. ഇവരുടെ ആദർശങ്ങളിൽ വിശ്വാസമുള്ളത് കൊണ്ട് കൂടെ നിൽക്കുന്നു. തൽകാലം ബി.ജെ.പി അംഗത്വം എടുത്തു. ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും’ -എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

കേരളത്തിലെ ആദ്യത്തെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയെ ബി.ജെ.പിയിലേക്ക് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ‘അവരുടെ അംഗത്വം ബി.ജെ.പിക്ക് മുതൽക്കൂട്ടാകും. പൊലീസിൽ ഒരുപാട് പരിഷ്‍കരണ പ്രവർത്തനങ്ങൾ നേതൃത്വം നൽകിയ ധീരവനിതയായിരുന്നു. പൊലീസിൽ സ്ത്രീകളുടെ സമത്വത്തിനായും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരായി അവർ പ്രവർത്തിച്ചു. മലയാളത്തിലെ സാഹിത്യകാരി കൂടിയാണ് അവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് അവർ പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചത്. ബി.ജെ.പിക്കൊപ്പം ചേർന്ന് ശ്രീലേഖ നാടിനു വേണ്ടി പ്രവർത്തിക്കും’ -സുരേന്ദ്രൻ പറഞ്ഞു. ശ്രീലേഖയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ബി.ജെ.പി നേതാക്കൾ അംഗത്വം നൽകിയത്. കെ. സുരേന്ദ്രൻ ശ്രീലേഖയെ ഷാൾ അണിയിച്ച് ബി.ജെ.പിയിലേക്ക് സ്വീകരിച്ചു.

Tags:    
News Summary - hindu aikya vedi kp sasikala about r sreelekha ips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.