കൊൽക്കത്തയുടെ ചരിത്രകാരൻ പി. തങ്കപ്പൻ നായർ നിര്യാതനായി

പറവൂർ: കൊൽക്കത്തയുടെ ചരിത്രകാരൻ പി. തങ്കപ്പൻ നായർ (91) നിര്യാതനായി. 63 വർഷം കൊൽക്കത്തയിൽ ജീവിച്ച ചേന്ദമംഗലം മഠത്തിപ്പറമ്പിൽ തങ്കപ്പൻ നായർ 63 പുസ്‌തകങ്ങളുടെ രചയിതാവാണ്. കൊൽക്കത്തയിൽ ‘നായർ ദാദ’ എന്നാണ്​ അറിയപ്പെട്ടിരുന്നത്​. ഏറെനാളായി ചേന്ദമംഗലത്തെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു. എഴുതിയതിലേറെയും കൊൽക്കത്ത നഗരത്തിന്‍റെ ചരിത്രമാണ്​.

1955ൽ കൊൽക്കത്തയിൽ എത്തിയ അദ്ദേഹം 2018ലാണ് കേരളത്തിലേക്ക് മടങ്ങിയത്. മുഴുവൻ കാലവും വാടക വീട്ടിലായിരുന്നു താമസം. 1933ൽ മഞ്ഞപ്രയിൽ തച്ചിലേത്ത് കേശവൻ നായർ - പാർവതി അമ്മ ദമ്പതികളുടെ ആറ് മക്കളിൽ മൂന്നാമനായി ജനനം. 1955ൽ 22ാം വയസ്സിൽ കൊൽക്കത്തയിലെത്തി. ഒരു കമ്പനിയിൽ ജോലിക്ക് കയറിയ ശേഷം ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ‌സ്റ്റെനോ ടൈപ്പിസ്‌റ്റായി. 1962ൽ പ്രൈവറ്റായി പഠിച്ച് ഗോഹട്ടി സർവകലാശാലയിൽനിന്ന്​ റാങ്കോടെ ബി.എ പാസായി. പിന്നീട് നിയമബിരുദം നേടി. 1965ൽ പ്രഫഷണൽ മാസികയിൽ എഡിറ്റോറിയൽ അസിസ്‌റ്റൻറായി. പിന്നീട്, ജോലി രാജിവെച്ചു. കൊൽക്കത്ത സ്ഥാപിച്ച ജോബ് ചാർണോക്കിനെക്കുറിച്ച്, 1977ൽ രചിച്ച ‘ജോബ് ചാർണോക്: ഫൗണ്ടർ ഓഫ്​ കൽക്കട്ട’ എന്ന പുസ്തകമാണ്​ തുടക്കം. സെവന്‍റീൻത്​ എയിറ്റീൻത് സെഞ്ച്വറി, നയന്റീൻത് സെഞ്ച്വറി, സൗത്ത് ഇന്ത്യൻസ് ഇൻ കൽക്കട്ട, ഹിസ്‌റ്ററി ഓഫ്​ കൽക്കട്ട സ്ട്രീറ്റ്സ്, ബംഗാൾ ഒബിച്വറി തുടങ്ങിയവയാണ് പ്രധാന രചനകൾ.

കൊൽക്കത്തക്കാർക്ക് ഏറെ ആദരണീയനായ വ്യക്തിത്വമായിരുന്നു. ഇടതുപക്ഷ മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും നടത്തുന്ന ചടങ്ങുകളിൽ സർക്കാറിന്‍റെ പ്രത്യേക ക്ഷണിതാവായിരുന്നു നായർ ദാദ. 1999ൽ തന്‍റെ പുസ്‌തകങ്ങളുടെ ശേഖരം സി.പി.എം ഭരിക്കുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനുകീഴിലെ ടൗൺ ലൈബ്രറിക്ക് കൈമാറാൻ തീരുമാനിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി തങ്കപ്പൻ നായരുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയിരുന്നു. എങ്കിലും തങ്കപ്പൻ നായർ താൻ നിശ്ചയിച്ച ലൈബ്രറിക്ക് തന്നെ പുസ്തകങ്ങൾ കൈമാറി.

2018ലെ പ്രളയത്തിൽ ചേന്ദമംഗലത്തെ വീട്ടിൽ സൂക്ഷിച്ചിരുന്ന പുസ്തക ശേഖരം നശിച്ചുപോയതിൽ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം. ഇളന്തിക്കര ഹൈസ്‌കൂളിലെ റിട്ട.അധ്യാപിക സീതാദേവിയാണ് ഭാര്യ. മക്കൾ: മനോജ് (അധ്യാപകൻ, ഇളന്തിക്കര ഹൈസ്‌കൂൾ), മായ, പരേതനായ മനീഷ്. മരുമക്കൾ: രവി (കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ), സീമ (അധ്യാപിക, പടിഞ്ഞാറേ കടുങ്ങല്ലൂർ ഗവ.എച്ച്.എസ്). സംസ്കാരം നടത്തി.

Tags:    
News Summary - Historian of Kolkata P. Thankappan Nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.