പൊലീസുകാരുടെ ആത്മസംഘർഷം കുറയ്ക്കാൻ ഒമ്പത് നിർദേശങ്ങളുമായി ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: പൊലീസിൽ ആത്മഹത്യയും ആത്മസംഘർഷവും കുറയ്ക്കുന്നതിന് ഒമ്പത് നിർദേശങ്ങളുമായി ആഭ്യന്തര വകുപ്പ്. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്. ആത്മഹത്യ പ്രവണത ഉള്ളവരെയും മാനസിക സമ്മർദമുള്ളവരെയും കണ്ടെത്തി കൗൺസലിങ് നൽകണമെന്നും ജോലി സംബന്ധമായ പരാതികളും വ്യക്തിപരമായ വിഷയങ്ങളും അവതരിപ്പിക്കാൻ മെന്‍ററിങ് സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് നിർദേശം.

പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യ വേദിയൊരുക്കുക, വീക്കിലി ഓഫും അനുവദനീയ അവധികളും പരമാവധി നൽകുക, മാനസിക പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സഹപ്രവർത്തകരുടെ ആത്മാർഥമായ ഇടപെടൽ, യോഗ പരിശീലനം, ആവശ്യമായ സമയങ്ങളിൽ ചികിത്സ, മാനസിക പിരിമുറുക്കം കുറയ്ക്കാൻ സ്വയം പ്രാപ്തരാക്കുക, തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ നടത്തുന്നതുപോലെ മാനസിക സംഘർഷം കുറയ്ക്കാനുള്ള കൗണ്‍സലിങ് സെന്‍ററുകള്‍ എല്ലാ ജില്ലയിലും ആരംഭിക്കുക എന്നീ നിർദേശങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. പൊലീസിൽ ആത്മഹത്യ വർധിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഡി.ജി.പിയോട് അടിയന്തര റിപ്പോർട്ട് തേടിയത്. സംസ്ഥാന ഇന്‍റലിജൻസ് നടത്തിയ പഠനത്തിൽ 2019 ജനുവരി മുതൽ ഈ വർഷം സെപ്റ്റംബർ 30 വരെ 69 പൊലീസുകാർ ആത്മഹത്യ ചെയ്തതായി കണ്ടെത്തി.

തിരുവനന്തപുരം റൂറൽ, ആലപ്പുഴ, എറണാകുളം റൂറൽ, എറണാകുളം സിറ്റി പൊലീസ് ജില്ലകളിലാണ് ഏറ്റവുമധികം ആത്മഹത്യ. തിരുവനന്തപുരം റൂറലിൽ 10ഉം ആലപ്പുഴ, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ ഏഴും എറണാകുളം സിറ്റിയിൽ ആറും പേർ ആത്മഹത്യ ചെയ്തു. മറ്റ് ജില്ലകളിലായി 12 സീനിയർ സിവിൽ പൊലീസ് ഓഫിസർ/സിവിൽ പൊലീസ് ഓഫിസർമാർ ആത്മഹത്യക്ക് ശ്രമിച്ചെന്നും തെക്കൻ, മധ്യമേഖലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ ആത്മഹത്യ കുറവാണെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

സിവിൽ പൊലീസ് ഓഫിസർമാരാണ് ആത്മഹത്യ ചെയ്തവരിലേറെയും -32 പേർ. ഹവിൽദാർ-സീനിയർ സിവിൽ പൊലിസ് ഓഫിസർ റാങ്കിലെ 16 ഉം സി.ഐ റാങ്കിൽ ഒരാളും എസ്.ഐ/ഗ്രേഡ് എസ്.ഐ തസ്തികയിലെ 12ഉം എ.എസ്.ഐ/ഗ്രേഡ് എ.എസ്.ഐ വിഭാഗത്തിൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നങ്ങളാണ് 30 പേരുടെ ആത്മഹത്യക്ക് പിന്നിൽ. ജോലിയിലെ പിരിമുറുക്കമാണ് കുടുംബപ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മാനസിക സംഘർഷമാണ് 20 പേരുടെ ആത്മഹത്യക്ക് കാരണം.

Tags:    
News Summary - Home department with nine suggestions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.