പാലക്കാട്: ‘ഇൻസുലിൻ’ എന്ന പേരിൽ ഗുളികരൂപത്തിൽ ഇറക്കിയിരുന്ന ഹോമിയോ മരുന്നിന്റെ ലൈസൻസ് റദ്ദാക്കി. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇൻസുലിനായി തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതി ഉയർന്ന ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും ലൈസൻസ് റദ്ദാക്കിയെന്നും രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് വഴി പരാതി നൽകിയ ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബുവിനെയാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 24നാണ് ഡോ. ബാബു ഡ്രഗ്സ് കൺട്രോളർ ജനറലിന് പരാതി നൽകിയത്. പരാതി അംഗീകരിച്ച ഡ്രഗ്സ് കൺട്രോൾ ജനറലും ആയുഷ് മന്ത്രാലയവും രാജസ്ഥാൻ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് കൺട്രോളറോട് നടപടിക്ക് നിർദേശിച്ചു. എന്നാൽ, നിർദേശം രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ തള്ളി. ജൂലൈ 23ന് ഡ്രഗ്സ് കൺട്രോൾ ജനറൽ വീണ്ടും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാൽ ഡോ. ബാബു സെപ്റ്റംബർ 23ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ പരാതി നൽകി.
തുടർന്നാണ് ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് രാജസ്ഥാൻ ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കിയത്. ഇക്കാര്യം ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസ് ഡോ. ബാബുവിനെ അറിയിച്ചു. ഇൻസുലിൻ എന്ന പേരിലുള്ള ഗുളിക പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും ഇത് ഉപയോഗിക്കുന്നതിലൂടെ പ്രമേഹം മൂർച്ഛിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്ന് ഡോ. കെ.വി. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.