ലോക ജനസംഖ്യയുടെ പ്രായം കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ നിഗമനമനുസരിച്ച്, 2050 ആകുമ്പോഴേക്കും, ലോകത്ത് ആറിലൊരാൾ 65 വയസ്സിനു മുകളിലുള്ളവരായിരിക്കും. ജനസംഖ്യാപരമായ ഈ മാറ്റത്തിന്‍റെ മുന്നൊരുക്കങ്ങൾ ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെങ്കിലും അത് കുറെക്കൂടി വിസ്തൃതമായ ഇടങ്ങളിലേക്ക് വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിലൊന്നാണ് വീടുകളും മറ്റ് കെട്ടിടങ്ങളും നിർമിക്കുന്ന സമയത്ത് ദീർഘദൃഷ്ടിയോടെയുള്ള സമീപനം സ്വീകരിക്കൽ.
ആരോഗ്യമുള്ള സമയത്ത് വീട് നിർമിക്കുന്ന ഓരോരുത്തരും ഓർക്കേണ്ട ഒന്നാണ് പ്രായമാവുമ്പോൾ അവനവന് തന്നെ ഇവിടെ താമസിക്കേണ്ടിവരും എന്നത്. ഈ കാര്യത്തിന് വീട് രൂപകൽപനയിൽ തന്നെ നിർമിക്കുന്നവരും വാസ്തുശിൽപികളും മുൻഗണന നൽകണം. സന്ധികളുടെ തേയ്മാനം, കാഴ്ചക്കുറവ്, കേൾവിക്കുറവ്, പാർക്കിൻസൺ തുടങ്ങിയ ചലനാത്മക പ്രശ്നങ്ങളുള്ള രോഗങ്ങൾ പ്രായമായവർക്ക് പതിവാണ്.
വാതിലുകൾക്ക് ഉമ്മറപ്പടി ഒഴിവാക്കിയും താഴെ നിലകളിൽ കിടപ്പുമുറികൾ സജ്ജീകരിച്ചും പടികളുടെ ഉയരവും എണ്ണവും കുറച്ചും വേണം വീട് നിർമിക്കാൻ. ഇത് കാഴ്ചക്കുറവുള്ളവരുടെ സഞ്ചാരം എളുപ്പമാക്കും. വീൽചെയറുകൾ ഉപയോഗിക്കുന്നവർക്കും ഗുണംചെയ്യും. കിടപ്പുമുറികളോടനുബന്ധിച്ചുതന്നെ ശുചിമുറികൾ ഇപ്പോൾ സാധാരണമാണെങ്കിലും അവിടെയുള്ള സംവിധാനങ്ങൾ പലതും വയോ സൗഹൃദമല്ല.
പ്രായമായവർക്ക് സൗകര്യമൊരുക്കുന്നതിൽ സാങ്കേതികവിദ്യയും മുന്നിലുണ്ട്. ശബ്ദംകൊണ്ടും ചലനംകൊണ്ടും നിയന്ത്രിക്കാവുന്ന വിളക്കുകൾ ഉദാഹരണം. സ്വിച്ച് ഉപയോഗിക്കാതെ വിളിച്ചു പറഞ്ഞാലോ കൈവീശലിലൂടെയോ വിളക്ക് കത്തും. ഫാൻ, എ.സി എന്നിവയും ഇൗ രീതിയിൽ പ്രവർത്തിപ്പിക്കാനാവും. നിർമിതബുദ്ധിയുടെ വരവോടെ സാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം പ്രായമാവർക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ എളുപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.