പെരിന്തൽമണ്ണ: 2012ലെ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ വീണ്ടും സമ്മർദം. മാർച്ച് 17ന് ഐ.എം.എ പണിമുടക്ക് നടത്തി സർക്കാറിന്റെ മുന്നിലെത്തിച്ച വിഷയം ബുധനാഴ്ച കൊല്ലത്തുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചക്ക് വെക്കുകയാണ് സംഘടന ഭാരവാഹികൾ. പരാതി ലഭിച്ചാൽ ഒരു മണിക്കൂർകൊണ്ട് എഫ്.ഐ.ആർ ഇടുക, ആശുപത്രി സെക്യൂരിറ്റി ജീവനക്കാരെയും നിയമപരിധിയിൽ ഉൾപ്പെടുത്തുക, മൂന്നുവർഷം ശിക്ഷ എന്നത് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10 വർഷം വരെയാക്കുക, ആശുപത്രിക്കെന്നപോലെ ഇരയായ ഡോക്ടർക്കും നഷ്ടപരിഹാരം ഉറപ്പാക്കുക എന്നിവയാണ് ഐ.എം.എ ആവശ്യപ്പെടുന്ന ഭേദഗതികൾ. ആശുപത്രിയിലെ നാശനഷ്ടത്തിന്റെ ഇരട്ടി നഷ്ടപരിഹാരം നൽകാൻ നിലവിലെ നിയമത്തിൽ വകുപ്പുണ്ട്. 2021ൽ 140ഉം 2022ൽ 38ഉം പരാതി പൊലീസിലെത്തിയിട്ടുണ്ട്.
നടപടി സ്വീകരിക്കാൻ ഡോക്ടർമാർ വീണ്ടും സമരം ചെയ്യേണ്ട സ്ഥിതിയാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. 2021ൽ ഐ.എം.എ അന്നത്തെ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശിയുടെ നേതൃത്വത്തിൽ തരംഗം എന്ന പേരിൽ കേരളയാത്ര നടത്തി മുഖ്യമന്ത്രിയെയും12 മന്ത്രിമാർ ഉൾപ്പെടെ 56 എം.എൽ.എമാരെയും കണ്ട് ഇക്കാര്യങ്ങൾ ബോധിപ്പിച്ചതാണ്. ഈ വർഷം മുഴുവൻ എം.എൽ.എമാരെയും കണ്ട് അതത് ബ്രാഞ്ച് കമ്മിറ്റികൾ നിവേദനം നൽകി.
അതേസമയം, ചികിത്സയിലെ അപാകതകളും വീഴ്ചകളും ചൂണ്ടിക്കാട്ടി ഐ.എം.എയുടെ നിയന്ത്രണത്തിലുള്ള എത്തിക്സ് കമ്മിറ്റിക്ക് നൽകുന്ന പരാതികൾ സംസ്ഥാനത്ത് പരാതികൾ കുന്നുകൂടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.