നേമം: മുടവൻമുകൾ ചിറ്റൂർക്കോണം പാലസ് റോഡിൽ സമീപവാസിയുടെ മതിൽ ഇടിഞ്ഞുവീണു വീട് തകർന്നു. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിൽ 22 ദിവസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു.
ഞായറാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. ഷീറ്റുമേഞ്ഞ വീടാണ് മതിൽവീണ് തകർന്നത്. ചിറ്റൂർക്കോണം സ്വദേശികളായ ബിനു (35), ഉണ്ണിക്കൃഷ്ണൻ (26), ലീല (80), സന്ധ്യ (23), മകൻ ജിതിൻ (4), 22 ദിവസം പ്രായമുള്ള മാളു എന്നിവരാണ് വാടക വീടിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരിൽ ലീല, ഉണ്ണികൃഷ്ണൻ എന്നിവർക്ക് നിസാര പരിക്കേറ്റു.
രവീന്ദ്രൻ നായരുടെ 25 അടി ഉയരമുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി വീടിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. കനമുള്ള കോൺക്രീറ്റിനടിയിൽ ഉണ്ണികൃഷ്ണൻ പെട്ടുപോയി. ചെങ്കൽച്ചുള്ള ഫയർഫോഴ്സ് ഓഫിസിൽ നിന്നും സ്റ്റേഷൻ ഓഫിസർ എസ്.ടി സജിത്ത്, നിതിൻരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
ഒന്നര മണിക്കൂറിലധികം പരിശ്രമിച്ച് മണ്ണ് നീക്കിയും കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് മുറിച്ചുനീക്കിയുമാണ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. ഇവർ ഇപ്പോൾ ബന്ധുവീടുകളിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.