ബാങ്ക്​ അധികൃതർ ജപ്തിക്കെത്തി, വീട്ടമ്മ പെട്രോളൊഴിച്ച്​ തീകൊളുത്തി

നെടുങ്കണ്ടം: കോടതി ഉത്തരവുമായി വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക്​ അധികൃതർക്കുമുന്നിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച്​ തീകൊളുത്തി. രക്ഷിക്കാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. ഇതുകണ്ട ബാങ്ക് ജീവനക്കാർ ഓടിമറഞ്ഞു.

നെടുങ്കണ്ടം ആശാരിക്കണ്ടം ആനിക്കുന്നേല്‍ ദിലീപിന്റെ ഭാര്യ ഷീബയാണ് (49) തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ രക്ഷിക്കാനെത്തിയ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബിനോയി എബ്രഹാം (52), വനിത സിവില്‍ പൊലീസ് ഓഫിസര്‍ ടി. അമ്പിളി (35) എന്നിവര്‍ക്കും പൊള്ളലേറ്റു.

ഷീബക്ക്​ 80 ശതമാനത്തോളവും അമ്പിളിക്ക് 40 ശതമാനവും ബിനോയിക്ക് 20 ശതമാനവുമാണ്​ പൊള്ളൽ. ഷീബയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എസ്.ഐയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. 50 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയാണ് സൗത്ത്​ ഇന്ത്യൻ ബാങ്കിലുള്ളതെന്ന് പൊലീസ് പറയുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ തൊടുപുഴ സി.ജി.എം കോടതിയുടെ ഉത്തരവുമായാണ് ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനെത്തിയത്​. ബാങ്ക് ജീവനക്കാര്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് എത്തിയത്. ഇതിനിടെ ഷീബ പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട ബാങ്ക്​ ജീവനക്കാർ ഓടുകയായിരുന്നുവെന്ന്​ നാട്ടുകാർ പറയുന്നു.

ഷീബയും കുടുംബവും സ്ഥലം വാങ്ങുന്നതിനു മുമ്പുണ്ടായിരുന്ന ഉടമ നെടുങ്കണ്ടം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന്​ 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ തുക നിലനിര്‍ത്തിയാണ് സ്ഥലം ഉടമയിൽനിന്ന്​ 13 സെന്റ്‌ സ്ഥലവും വീടും കുടുംബം വാങ്ങിയത്. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ തിരിച്ചടവ് മുടങ്ങി പലിശയും കൂട്ടുപലിശയും ചേര്‍ത്ത് അരക്കോടിയിലധികം രൂപയുടെ ബാധ്യതയാണ് നിലവിലുള്ളതെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ, സംഭവത്തിലേക്ക് നയിച്ച ബാധ്യത സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ ബാങ്കിന്റെ നെടുങ്കണ്ടം ശാഖ തയാറായില്ല. ഷീബയുടെ വായ്പ അടച്ചുതീര്‍ക്കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ബാങ്ക് അധികൃതര്‍ കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിച്ച്​ ജപ്തി നടപടികളിലേക്ക് നീങ്ങിയതെന്നും ആരോപണമുണ്ട്. ഒന്നരമാസം മുമ്പ് ബാങ്ക്​ അധികൃതർ ജപ്തി ചെയ്യാൻ എത്തിയിരു​ന്നെങ്കിലും പൊതുപ്രവർത്തകർ ഇടപെട്ട് അവധി വാങ്ങി മടക്കി അയച്ചതായും പറയപ്പെടുന്നു.

Tags:    
News Summary - housewife poured petrol and set herself on fire at nedumkandam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.