തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തി, സി.പി.എം നേതൃത്വം തിരുത്തലിനിറങ്ങുമ്പോൾ പ്രതിക്കൂട്ടിൽ പിണറായി വിജയൻ. അഞ്ചുദിവസങ്ങളിലായി നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗത്തിൽ പതിവില്ലാത്തവിധം രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തുറന്നുപറച്ചിലുകളിലേറെയും പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയന് നേരെയുള്ളതായിരുന്നു. വി.എസ്. അച്യുതാനന്ദനുമായുള്ള പോര് ജയിച്ച് പാർട്ടിയെ കൈപ്പിടിയിലാക്കിയ ശേഷം ഇതാദ്യമായി പിണറായി വിജയനുനേരെ പാർട്ടിക്കുള്ളിൽ ചൂണ്ടുവിരൽ ഉയർന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളിലെ നേതൃയോഗങ്ങളിൽ കണ്ടത്.
കൂട്ടത്തോൽവിയുടെ മുഖ്യകാരണങ്ങളിലൊന്നായി ഭരണവിരുദ്ധവികാരം തന്നെയെന്നാണ് നേതൃയോഗം വിലയിരുത്തിയത്. രണ്ടാം പിണറായി സർക്കാറിൽ മന്ത്രിമാരുടെ പ്രകടനം പോരെന്ന് മുതിർന്ന നേതാക്കൾ തുറന്നടിച്ചു. തങ്ങളെ മാറ്റിനിർത്തിയ പിണറായി വിജയനോടുള്ള പ്രതികാരമാണ് ആ വിമർശനത്തിന്റെ കാതൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തുടർച്ചയായി ഉയരുന്ന ആക്ഷേപങ്ങൾ ജനങ്ങൾ വിശ്വാസത്തിലെടുക്കുന്ന സാഹചര്യമെത്തിയിരിക്കുന്നുവെന്ന് തുറന്നുപറഞ്ഞത് കണ്ണൂരിൽനിന്നുള്ള സംസ്ഥാന സമിതിയംഗമാണ്. തെരഞ്ഞെടുപ്പ് വേളയിൽ കുടുംബസമേതയുള്ള വിദേശവിനോദ യാത്രയുടെ പേരിലും പിണറായി വിജയൻ നേതൃയോഗത്തിൽ വിമർശിക്കപ്പെട്ടു. പൊലീസ് ഭരണം പരാജയമെന്ന പരാതി പലരും ആവർത്തിച്ചുന്നയിച്ചത് ആഭ്യന്തരവകുപ്പ് കൈവശംവെക്കുന്ന മുഖ്യമന്ത്രിക്ക് കനത്ത പ്രഹരമാണ്.
പിണറായി വിജയൻ ഇത്രയധികം വിമർശിക്കപ്പെട്ട സാഹചര്യം നേതൃയോഗത്തിൽ മുമ്പുണ്ടായിട്ടില്ല. കൂട്ടത്തോൽവി മാത്രമല്ല, പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിലെ ചോർച്ചയാണ് ഇത്തരമൊരു തുറന്നുപറച്ചിലിലേക്ക് നേതാക്കളെ നയിച്ചതെന്നാണ് വിവരം. സി.പി.എം കോട്ടകളിൽ പോലും ബി.ജെ.പിക്ക് വോട്ട് കൂടിയത് പാർട്ടിയുടെ പോക്കിലുള്ള അണികളുടെ പ്രതിഷേധ വോട്ടാണെന്ന നിരീക്ഷണവും വടക്കൻ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ മുന്നോട്ടുവെച്ചു.
പിണറായി വിജയൻ അഭിമാനനേട്ടങ്ങളായി മുന്നോട്ടുവെച്ച നവകേരള സദസ്സ് ബസ്യാത്ര, കേരളീയം പരിപാടികൾ നെഗറ്റീവായി മാറിയെന്ന അഭിപ്രായവുമുയർന്നു. മോദിപ്പേടിയിൽ, ന്യൂനപക്ഷ മതേതര വോട്ടുകൾ കോൺഗ്രസിന് അനുകൂലമായെന്ന പിണറായി വിജയന്റെ വിലയിരുത്തൽ ഏറ്റെടുക്കാൻ സംസ്ഥാന സമിതി പൊതുവിൽ തയാറായില്ല. സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്രനേതാക്കളുടെ നിലപാടും സമാനമാണ്. തനിക്കെതിരെ ഉയരുന്ന വെല്ലുവിളി തിരിച്ചറിഞ്ഞാണ് പിണറായി അഞ്ചുദിവസവും കമ്മിറ്റിയിൽ വിമർശനങ്ങളോട് പ്രതികരിക്കാതിരുന്നത്. തിരുത്തലുകൾക്ക് വഴങ്ങുന്നതിന്റെ സൂചന പിണറായി നേതൃയോഗത്തിൽ നൽകിയിട്ടുമില്ല. സർക്കാറിനും പാർട്ടിക്കും തെറ്റുതിരുത്തൽ മാർഗരേഖ തയാറാക്കാനുള്ള തീരുമാനത്തോടെയാണ്
സംസ്ഥാന സമിതി സമാപിച്ചത്. ഇത് എത്രത്തോളം നടപ്പാകുമെന്ന ചോദ്യം പാർട്ടിക്കുള്ളിൽ സജീവമാണ്. മുഖ്യമന്ത്രി മാറുമോ, പ്രവർത്തന ശൈലി മാറുമോയെന്ന ചോദ്യത്തിന് എന്താണ് മാറാനുള്ളതെന്ന മറുചോദ്യമാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.